കോണ്‍ഗ്രസിന്റെ യുവരാജാവ് രാഹുല്‍ ഗാന്ധി തന്റെ മണ്ടത്തരങ്ങള്‍ കൊണ്ട് വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്. നമ്മുടെ നാട്ടില്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു നാടോടിക്കഥയുണ്ട്. ഒരു തോണിക്കാരനുണ്ടായിരുന്നു. ആളുകളെ അക്കരെയിക്കരെ കടത്തുമ്പോള്‍ ഇയാള്‍ അവരെ മുട്ടൊപ്പം വെള്ളത്തില്‍ ഇറക്കി വിടുമായിരുന്നു. യാത്രക്കാര്‍ അയാളെ ശപിച്ചും കുറ്റപ്പെടുത്തിയുമാണ് എന്നും തോണിയില്‍ യാത്ര ചെയ്യുക. ഒരിക്കല്‍ ഇയാള്‍ മരിച്ചു പോയി. മരിക്കുന്നതിനു മുന്‍പ് മകനെ അടുത്ത് വിളിച്ച് പറഞ്ഞിരുന്നു നീ അച്ഛന്റെ പേര് സംരക്ഷിക്കണം എന്ന്. ഈ വാക്ക് ശിരസ്സാ വഹിച്ച മകന് പന്നീട് യാത്രക്കാരെ അരക്കൊപ്പം വെള്ളത്തില്‍ ഇറക്കി വിടാന്‍ തുടങ്ങി. അതോടെ ആളുകള്‍ പറയാനും തുടങ്ങി ഓ, ഇവന്റെ അച്ഛന് എത്ര ഭേദം എന്ന്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളും പ്രസംഗങ്ങളും കേള്‍ക്കുമ്പോള്‍ തോന്നുന്നത് ഇതാണ്. ഇവന്റെ അച്ഛന് എത്ര ഭേദം.
രാഹുലിന്റെ വിഢ്ഢിത്തം നിറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റ പിതാവ് രാജീവ് ഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം അബദ്ധ പ്രസ്താവനകള്‍ നടത്തുന്നതില്‍ ഒരിക്കലും പിന്നിലായിരുന്നില്ല രാജീവും.
ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ വ്യാപകമായി സിഖ് വംശജര്‍ വേട്ടയാടപ്പെട്ടപ്പോള്‍ രാജീവ് പറഞ്ഞത് വന്‍ മരങ്ങള്‍ കടപുഴകി വീഴുമ്പോള്‍ അതിനടിയില്‍പ്പെട്ട് ഒട്ടേറെ പുല്ക്കൊടികളും നശിക്കും എന്നായിരുന്നു. രാജ്യം ഒരു കാലത്തും മറക്കാനിടയില്ലാത്ത വാക്കുകളാണിത്. ഈ വാക്കുകള്‍ ഏല്‍പ്പിച്ച പരിക്കില്‍ നിന്ന് രക്ഷപ്പെടാന്‍ രാജീവിന് ഏറെ വിയര്‍പ്പൊഴുക്കെണ്ടി വന്നു.
രാജസ്ഥാനിലെ തെരഞ്ഞടുപ്പ് പ്രചരണ വേദിയില്‍ രാഹുല്‍ നടത്തിയ പ്രസംഗം മൂന്നു കാര്യങ്ങളെക്കൊണ്ടാണ് വിവാദമാകുന്നത്.
ഒന്ന് രാജ്യത്തെ മുസ്ലീം ചെറുപ്പക്കാരെയാകമാനം ജൂനിയര്‍ ഗാന്ധി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. മുസാഫര്‍ നഗര്‍ കലാപത്തില്‍ ആക്രമണത്തിനിരയായ മുസ്ലീം കുടുംബങ്ങളിലെ ചെറുപ്പക്കാരെ പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധപ്പെടുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
ഐഎസ്ഐ ഏജന്റുമാര്‍ വന്നു വിളിക്കുമ്പോള്‍ കൂടെ പോകാനും രാജ്യദ്രോഹ പ്രവര്‍ത്തനത്തിനിറങ്ങാനും രാജ്യത്തെ മുസ്ലീം ചെറുപ്പക്കാര്‍ മുഴുവനും രാഷ്ട്രദ്രോഹികളാണോ. ഇത്തരമൊരു പരാമര്‍ശം നടത്തുക വഴി രാഹുല്‍ അവരുടെ രാജ്യത്തോടുള്ള കൂറിനെയല്ലേ ചോദ്യം ചെയ്യുന്നത്. ഒന്നുകില്‍ രാഹുല്‍ പച്ചക്കള്ളം പറയുകയാണ്. അല്ലെങ്കില്‍ മുസ്ലീം ചെറുപ്പക്കാര്‍ രാജ്യദ്രോഹ മനോഭാവമുള്ളവരാണ്. ഏതാണ് ശരിയെന്ന് വ്യക്തമാക്കേണ്ടത് ഇരുകൂട്ടരുടെയും ബാധ്യതയാണ്. രാഹുലിന്റെ പ്രസ്താവന മറ്റു ചില ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ഐഎസ്ഐ എന്ന ഇന്ത്യാ വിരുദ്ധ ചാര സംഘടന ഉത്തര്‍ പ്രദേശില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന വിവരം രാഹുലിന് എവിടെ നിന്ന് കിട്ടി. ഇത്തരമൊരു വാര്‍ത്ത കിട്ടിയ ശേഷം ഇക്കാര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന രാഹുലിന്റെ പാര്‍ട്ടിയും സര്‍ക്കാരും എന്തു നിലപാടു സ്വീകരിച്ചു. എരിതീയില്‍ എണ്ണയൊഴിക്കുന്ന ഒരു പ്രസ്താവന മാത്രമാണോ കേന്ദ്ര ഭരണകക്ഷിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കേണ്ടത്.
ഐഎസ്ഐയുടെ രഹസ്യ നീക്കങ്ങളെപ്പറ്റി വിവരം ലഭിച്ചിട്ടും നടപടിയൊന്നും സ്വീകരിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് പ്രതിക്കൂട്ടില്‍. അതല്ലെങ്കില്‍ വീണ്ടും പറയേണ്ടി വരുന്നു രാഹുല്‍ പറഞ്ഞത് നുണയായിരിക്കുമെന്ന്. ഇവിടെയും കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് രാഹുലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സര്‍ക്കാരുമാണ്.
രാഹുലിന്റെ പ്രചരണ യോഗങ്ങള്‍ തന്നെയാണ് ബിജെപിക്ക് തെരഞ്ഞടുപ്പില്‍ ഏറ്റവും വലിയ മാര്‍ജിന്‍ സമ്മാനിക്കുക എന്ന് ആരോ തമാശയായി നേരത്തെ പറഞ്ഞിരുന്നു. അത് വെറും വാക്കല്ലെന്ന് തെളിയിക്കുകയാണ് രാഹുല്‍.
രാജസ്ഥാനിലെ തെരഞ്ഞടുപ്പ് പ്രചരണ വേദിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ മറ്റൊരു പരാമര്‍ശം തന്റെ അച്ഛനും മുത്തശ്ശിയും കൊല്ലപ്പെട്ടതു പോലെ ഒരു നാള് താനും കൊല്ലപ്പെടാനിടയുണ്ട് എന്നായിരുന്നു. രാജ്യത്തിന്റെ പൊതുഖജനാവില്‍ നിന്ന് പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയാണ് രാഹുലിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സംരക്ഷണത്തിനു വേണ്ടി ചെലവാക്കുന്നത്. ഇന്നാട്ടിലെ സാധാരണക്കാരുടെ നികുതിപ്പണമാണ് ഇത്.
രാജ്യം ഇത്രയും കനത്ത സുരക്ഷ നല്കി സംരക്ഷിക്കുമ്പോഴും താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് രാഹുല്‍ പറയുന്നത് കുറഞ്ഞ പക്ഷം ഈ രാജ്യത്തെ സംവിധാനങ്ങളോടുള്ള അദ്ദേഹത്തിന്റെ അവജ്ഞയാണ്.
ഇന്ദിരാ ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളും സാമുദായിക വിദ്വേഷം ജനിപ്പിക്കാന്‍ പോന്നതായിരുന്നു.
ഇന്ദിരയുടെയും രാജീവിന്റെയും രക്തസാക്ഷിത്വം കോണ്‍ഗ്രസിന് എന്നും വോട്ട് നേടാനുള്ള എളുപ്പ വഴികളായിരുന്നു. ഇക്കുറിയും രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെപ്പറ്റി പറയാതെ ഈ രക്തസാക്ഷിത്വങ്ങളെപ്പറ്റി മാത്രം പറയുന്നത് കോണ്‍ഗ്രസിന്റെ പുതിയ തന്ത്രമാകാം.
വിലക്കയറ്റവും രൂപയുടെ തകര്‍ച്ചയും മുതല്‍ അതിര്‍ത്തിയിലെ പാക്കിസ്ഥാന്റെയും ചൈനയുടെയും കടന്നുകയറ്റം വരെ ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുകയാണ് രാജ്യം. ഇതെക്കുറിച്ച് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് എന്തു പറയാനുണ്ടെന്നാണ് രാജ്യം ചോദിക്കുന്നത്. അപ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ പാഠം ഒന്ന് ഒരു വിലാപം.
ഇന്ദിരയുടെയും രാജീവിന്റെയും ഓര്‍മ്മകള്‍ വിറ്റ് വോട്ടാക്കാന്ശ്രമിക്കുന്നവര് ഓര്‍മ്മിക്കണം. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളായിരുന്ന ശ്യാമ പ്രസാദ് മുഖര്‍ജിയും പണ്ഢിറ്റ് ദീനദയാല്‍ ഉപാധ്യായയും രാജ്യത്തിനു വേണ്ടി ബലിദാനികളായവരാണ്.
എന്നാല്‍ ഇത്തരം അവകാശ വാദങ്ങള്‍ അവരുടെ പാര്‍ട്ടി പ്രവര്‍ത്തകരോ കുടുംബക്കാരോ നടത്തുന്നില്ല.നെഹ്റു കുടുംബത്തിലെ രണ്ട് മുന്‍പ്രധാനമന്ത്രിമാര്‍ കൊല്ലപ്പെട്ടത് തങ്ങള്‍ തന്നെ ഒരുകാലത്ത് പാലൂട്ടി വളര്‍ത്തിയ തീവ്രവാദ സംഘടനകളുടെ കൈകൊണ്ടായിരുന്നു എന്ന കാര്യവും വിസ്മരിച്ചു കൂടാ. എന്തായാലും പഴയ തോണിക്കാരന്റെ കഥയില്‍ പറയുന്ന പോലെ രാഹുല്‍ തന്റെ പിതാവിനെ മഹാനാക്കും.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: