ന്യൂദല്‍ഹി: കല്‍ക്കരി മന്ത്രാലയം മാഫിയയുടെ പിടിയിലാണെന്ന് മുന്‍ കല്‍ക്കരി സെക്രട്ടറി കേന്ദ്രസര്‍ക്കാരിനു നല്കിയ മുന്നറിയിപ്പ് മറച്ചുവെച്ചത് വിവാദമാകുന്നു. ഒറീസയിലെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ അഴിമതി നടത്തി കേസിലെ പ്രതിയായ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി. പരേഖിന്റെ 2005ലെ കത്തുകളാണ് അഴിമതി വിവരം സര്‍ക്കാരിനു നേരത്തെ അറിയാമായിരുന്നെന്ന് വ്യക്തമാക്കുന്നത്. കല്ക്കരിക്കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വാര്ത്തകളേപ്പറ്റി പ്രതികരിക്കാനാവാത്ത നിലയിലാണ് കേന്ദ്രസര്‍ക്കാര്‍.
കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കല്ക്കരിമന്ത്രാലയത്തിനുള്ളില് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരേഖ് കത്തില്‍ വ്യക്തമാക്കുന്നു. പരേഖ് ക്യാബിനറ്റ് സെക്രട്ടറിക്കയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. ഇതിനു പുറമേ അന്നത്തെ കല്‍ക്കരിമന്ത്രി ഷിബു സോറന് പ്രധാനമന്ത്രി മന്മോഹന് സിംഗിനയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. മന്ത്രാലയത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ സോറനും സെക്രട്ടറി പരേഖും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് കത്തുകള്‍.
വകുപ്പ് സെക്രട്ടറി പരേഖ് രാഷ്ട്രീയ നേതൃത്വത്തെ മാനിക്കുന്നില്ലെന്നും സെക്രട്ടറി സ്ഥാനത്തുനിന്നും പരേഖിനെ മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഷിബു സോറന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചിരുന്നത്. ഇതിനു മറുപടിയായി കാബിനറ്റ് സെക്രട്ടറിക്കയച്ച കത്തില്‍ പരേഖ് കല്‍ക്കരി മാഫിയയേപ്പറ്റി വ്യക്തമാക്കുന്നുണ്ട്. മാഫിയ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തല്ല ഉള്ളില്‍ത്തന്നെയാണ്. കല്‍ക്കരി കമ്പനികളിലും മന്ത്രാലയത്തിനുള്ളിലും തൊഴിലാളി സംഘടനകളിലും കേന്ദ്രീകരിച്ച് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്. വകുപ്പ് മന്ത്രി ഷിബു സോറന്റെ സംസ്ഥാനത്ത് കല്‍ക്കരി മാഫിയ വളരെ ശക്തമായതിനാല്‍ മന്ത്രിക്ക് അവരേക്കുറിച്ച് നന്നായി അറിയാം, പരേഖ് കത്തിലൂടെ കുറ്റപ്പെടുത്തുന്നു. കല്‍ക്കരി മാഫിയയേപ്പറ്റിയുള്ള വിവരങ്ങള്‍ പരേഖ് തന്നെ അറിയിക്കുന്നില്ലെന്ന് സോറന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലെ അഴിമതി നടന്ന കാലഘട്ടത്തിലെ കത്തുകള്‍ കേന്ദ്രസര്‍ക്കാരിനു വലിയ തിരിച്ചടിയായിരിക്കുകയാണ്. അഴിമതിയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള നിരവധി വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്റേയും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അതിനിടെ പരേഖിന്റെ കത്തുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കല്‍ക്കരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വലിയ തോതിലുള്ള കള്ളപ്പണമാണ് കല്‍ക്കരി മേഖലയില്‍ ഇറക്കിയിരിക്കുന്നതെന്നും ബിജെപി വക്താവ് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
സിബിഐക്ക് മുന്നിലേക്ക് ചോദ്യം ചെയ്യലിനു വിധേയനാവാന്‍ പോകാന്‍ തയ്യാറാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ മാഫിയയേപ്പറ്റി സര്‍ക്കാരിനെ 2005ല്‍തന്നെ വിവരം അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്ത പ്രധാനമന്ത്രി രാജിവെച്ച് അന്വേഷണത്തിനു വിധേയനാകണം. നിരവധി എംപിമാര്‍ പരേഖിനുമേല് സമ്മര്‍ദ്ദം ചെലുത്തിയതായി പരേഖ് കത്തുകളില്‍ പറയുന്നുണ്ട്. ഇതിനേപ്പറ്റി അന്വേഷണം നടത്തണം. കല്‍ക്കരിപ്പാടം വിതരണവുമായി ബന്ധപ്പെട്ട് നടന്നതു ബൃഹത്തായ അഴിമതിയാണെന്നും അന്വേഷണം പ്രധാനമന്ത്രിയുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണെന്നും പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: