തിരുവനന്തപുരം: രാജ്യത്തെ നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മേധാവി ടി.പി.സെന്‍കുമാറാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറിയത്.
സംസ്ഥാനത്തുടനീളം സിമിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും സിമിയുടെ സജീവ പ്രവര്‍ത്തകര്‍ മറ്റു രാഷ്ട്രീയ സാമുദായിക സംഘടനകളില്‍ ചേക്കേറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ ചില പ്രസിദ്ധീകരണങ്ങള്‍ നടത്തുന്നതിലൂടെ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. മത ആശയങ്ങളുടെ പ്രചാരണത്തിനെന്ന പേരില്‍ വിതരണം ചെയ്യുന്ന പുസ്തകങ്ങളില്‍ വിശുദ്ധ ഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത വിശദീകരണങ്ങളാണുള്ളത്.
അടുത്തിടെ അറസ്റ്റിലായ തീവ്രവാദികള്‍ പലരും ഈ പുസ്തകങ്ങള്‍ വായിച്ചിരുന്നു. യുവാക്കളെ വഴിതെറ്റിക്കാനും അവര്‍ക്കിടയില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതിനുമാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നത്. ഈ പുസ്തകങ്ങള്‍ പിടിച്ചെടുക്കുകയും പ്രസിദ്ധീകരണങ്ങള്‍ തടയുകയും വേണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കോട് നടക്കാവില്‍ നിന്നുള്ള പ്രസിദ്ധീകരണത്തെ റിപ്പോര്‍ട്ടില്‍ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുമുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നല്കിയ റിപ്പോര്‍ട്ടുകളും ഇതു സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ചൂണ്ടിക്കാട്ടുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങളാണു സിമിയുടെ ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പല സംഘടനകളിലും സിമി പ്രവര്‍ത്തകര്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. കേരളത്തിനു പുറമെ കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, കശ്മീര്‍ എന്നിവിടങ്ങളിലും സിമി പ്രവര്‍ത്തനം സജീവമാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളില്‍ പോലും സിമി പ്രവര്‍ത്തകര്‍ കടന്നു കൂടിയിട്ടുണ്ട്. ഇവരെ ഏകോപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പ്രത്യേക ഘടകങ്ങളുണ്ട്. ഇന്ത്യയില്‍ നടക്കുന്ന വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്കു പങ്കുണ്ട്. വിദേശത്തു നിന്നും സ്വദേശത്തു നിന്നും പ്രത്യേക സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട്.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: