തിരുവനന്തപുരം: സോളാര്‍ കേസിന്റെ അന്വേഷണത്തിനുള്ള ജുഡിഷ്യല്‍ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചു. സിറ്റിംഗ് ജഡ്ജിയെ അന്വേഷണത്തിന് ലഭിക്കാത്ത സാഹചര്യത്തില്‍ റിട്ട. ജസ്റ്റിസ് ജി.ശിവരാജനായിരിക്കും കേസ് അന്വേഷിക്കുകയെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സിറ്റിംഗ് ജഡ്ജിയെ വിട്ടുനല്‍കാനാകില്ലെന്ന് ഹൈക്കോടതി സര്ക്കാരിനെരണ്ടാമതും രേഖാമൂലം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിരമിച്ച ജഡ്ജിയുടെ സേവനം തേടുന്നത്.
നിലവില്‍ പിന്നാക്കസമുദായ വികസന കമ്മിഷന് ചെയര്‍മാനാണ് ജസ്റ്റിസ് ജി. ശിവരാജന്. കമ്മിഷന്റെ കാലാവധി ആറു മാസം കൂടിയുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ് അദ്ദേഹത്തെ പിന്നാക്ക വികസന കമ്മീഷന് ചെയര്‍മാനായി നിയമിച്ചത്. രണ്ടു ചുമതലകളും ഒന്നിച്ചു വഹിക്കാന്‍ അദ്ദേഹത്തിന് നിയമപരമായ തടസ്സമില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ സോളാര്‍ കേസ് അന്വേഷണ കമ്മീഷനായി നിയോഗിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആറു മാസമാണ് സോളാര്‍ അന്വേഷണ കമ്മിഷന്റെ കാലാവധി.
2005 മുതലുള്ള തട്ടിപ്പുകളാണ് അന്വേഷിക്കുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിര്‍ദേശം അനുസരിച്ചാണ് ആദ്യം 2006 എന്ന് നിശ്ചയിച്ചിരുന്നത് 2005 മുതലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ല. നിയമസഭയ്ക്ക് അകത്തും പുറത്തും ഉയര്‍ന്നിട്ടുള്ള ഏതൊരു ആക്ഷേപവും കമ്മിഷന് അന്വേഷിക്കാം. അതിനുള്ള അവകാശവും സ്വാതന്ത്ര്യവും ജുഡിഷ്യല്‍ കമ്മീഷനുണ്ട്.
2004ല്‍ ഹൈക്കോടതിയില്‍ നിന്നു വിരമിച്ചയാളാണ് ജസ്റ്റിസ് ശിവരാജന്. കൊല്ലം സ്വദേശിയായ അദ്ദേഹം 1994 മുതല്‍ 2004 സെപ്റ്റംബര്‍ വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു. നികുതി നിയമങ്ങളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം 1987ല്‍ സീനിയര്‍ ഗവണ്മെന്റ് പ്ലീഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: