തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന 90 ലക്ഷം രൂപ വിലമതിക്കുന്ന മൂന്നരകിലോ സ്വര്‍ണം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 10.15 നെത്തിയ സില്‍ക്ക് എയര്‍വേയ്സ്, 11.30 ന് എത്തിയ ടൈഗര്‍ എയര്‍വേയ്സ് എന്നിവയിലെത്തിയ എട്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ട്രിച്ചി, മധുര, പുതുക്കോട്ട, ചെന്നൈ സ്വദേശികളാണ് പിടിയിലായത്. ശരവണന്, പോള്‍രാജ്, സ്റ്റാലിന്, വീരമുത്തു, രാമന്കണ്ണന്, മുരുകന് എന്നിവരടക്കം എട്ടുപേരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് ചെയ്തു.
സിംഗപ്പൂരില്‍ നിന്നെത്തിയ 33 അംഗ വിനോദസഞ്ചാരികളുടെ സംഘത്തിനൊപ്പം ഇവരും പുറത്തെത്തി തങ്ങളുടെ പക്കലുണ്ടായിരുന്ന സ്വര്‍ണക്കട്ടികള്‍ ട്രോളിബാഗിന് അടിഭാഗത്ത് ഒട്ടിച്ചുവയ്ക്കുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന ബാഗിലും പോക്കറ്റിലുമായാണ് ഇവര്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നത്. കൊച്ചിയില്‍ നിന്നുള്ള എയര്‍കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ കാത്തുനിന്ന് ഇവരെ പിടികൂടുകയായിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് വന്‍തോതിലുള്ള സ്വര്‍ണക്കള്ളക്കടത്ത് തിരുവനന്തപുരത്ത് പിടികൂടുന്നത്.
പിടിയിലായവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യംചെയ്തു. ആര്‍ക്ക് വേണ്ടിയാണ് ഇവര്‍ സ്വര്‍ണം കടത്തിയതെന്നോ ആരാണ് സ്വര്‍ണം നല്കിയതെന്നൊ ഉള്ള വിവരങ്ങള്‍ അറിവായിട്ടില്ല. നെടുമ്പാശേരി വിമാനത്താവളം വഴി ഫായിസ് നടത്തിയ സ്വര്‍ണക്കടത്തിനെ തുടര്‍ന്ന് നെടുമ്പാശേരി, കരിപ്പൂര്‍ എന്നീ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതേ തുടര്‍ന്നാകാം തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: