കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ് പ്രതിയായ ഭൂമി തട്ടിപ്പ്കേസില്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം വേണ്ടെന്ന സര്‍ക്കാരിന്റെ മുന്‍ നിലപാടിന് വിരുദ്ധമാണ് ഈ നടപടി. ഭൂമി തട്ടിപ്പു കേസില്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സമഗ്ര അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
പത്തടിപ്പാലത്തെ 116 സെന്റ് ഭൂമി തട്ടിയെടുത്ത കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷെരീഫ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഹാറൂണ്‍ ഉള് റഷീദാണ് ഇടക്കാല ഉത്തരവു നല്‍കിയത്. ഹര്‍ജിയിലെ എതിര് കക്ഷികളായ സലിംരാജ്, ഭാര്യ ഷംഷദ്, കെ. കെ. ദിലീപ്, അബ്ദുള്‍ മജീദ്, തൃക്കാക്കര വില്ലേജ് ഓഫീസര്‍, കണയന്നൂര്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍, ഫോര്‍ട്ടുകൊച്ചി തഹസീല്‍ദാര്‍, അഡീഷണല്‍ തഹസീല്‍ദാര്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തെക്കുറിച്ചും ഭൂമി തട്ടിയെടുക്കാന്‍ നടത്തിയ കള്ളക്കളി, വ്യാജരേഖ ചമയ്ക്കല്‍, കൃത്രിമം കാട്ടല് തുടങ്ങിയവയെക്കുറിച്ചും സമഗ്രമായി അന്വേഷിക്കാനാണ് ഉത്തരവില്‍ പറയുന്നത്.
ഒരുതരത്തിലുമുള്ള പരാതിക്ക് ഇടവരാത്ത വിധത്തില്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷണം നടത്തണം. മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ആരെങ്കിലും അന്വേഷണത്തില്‍ ഇടപെട്ടാല്‍ അതിനെ കോടതി ഗൗരവമായി കാണുമെന്നും ഇടക്കാല ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അധികാരത്തിലിരിക്കുന്ന ആരും അന്വേഷണത്തില്‍ ഇടപെടരുത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനുള്ള സ്വാതന്ത്ര്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ രേഖകളില്‍ വലിയ രീതിയില്‍ തിരിമറി നടന്നതായി വ്യക്തമാകുന്ന കേസില്‍ എന്തുകൊണ്ടാണ് സിബിഐ അന്വേഷണം വേണ്ടെന്ന് അഭിപ്രായപ്പെട്ടതെന്ന് കോടതി ചോദിച്ചു. കേസില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് കോടതി പറഞ്ഞു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം.
കടകംപള്ളിയിലെ ഭൂമിതട്ടിപ്പു കേസില്‍ സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ നല്കിയ അപ്പീല്‍ അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. കേസിലെ എതിര് കക്ഷികളില്‍ ചിലര്‍ക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നതിനാലാണ് സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് എ. ഹരിപ്രസാദ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഈ ആവശ്യം അനുവദിക്കുകയായിരുന്നു. ഈ കേസില്‍ സലിംരാജിന്റെയും മറ്റും ടെലിഫോണ്‍ രേഖകള്‍ പിടിച്ചെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: