കോട്ടയം: കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നം കൂടുതല്‍ രൂക്ഷമാകുന്നു. പാര്‍ട്ടിയുടെ ഏക വൈസ് ചെയര്‍മാനായ പി.സി. ജോര്‍ജിനെ തള്ളാനും കൊള്ളാനുമാകാതെ കെ.എം. മാണി വിഷമവൃത്തത്തിലായി. തലസ്ഥാനത്ത് കഴിഞ്ഞദിവസം ചേരാനിരുന്ന സ്റ്റിയറിംഗ് കമ്മറ്റി വര്‍ക്കിംഗ് ചെയര്മാന് പി.ജെ.ജോസഫിന്റെ നേതൃത്വത്തില്‍ ബഹിഷ്കരിച്ചതോടെയാണ് ഇതുവരെ പുകഞ്ഞു നിന്നിരുന്ന പ്രശ്നങ്ങള്‍ പരസ്യനിലപാടുകളിലേക്ക് എത്തിയത്. പാളയത്തിലെ പട നിയന്ത്രിക്കാനാവാതെ പുതിയ തന്ത്രങ്ങള്‍ കണ്ടെത്താനുള്ള തത്രപ്പാടിലാണ് മാണിയിപ്പോള്‍.
കേരളാ കോണ്‍ഗ്രസ് തലസ്ഥാനത്ത് രാജ്ഭവനിലേക്ക് റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് മാര്‍ച്ച് സംഘടിപ്പിച്ച ബുധനാഴ്ച രാവിലെയായിരുന്നു ജോര്‍ജ് ചാനലുകളില്‍ വെടിപൊട്ടിച്ചത്. ജോസഫ് വിഭാഗം നേതാക്കളായ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവര്‍ക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളാണ് കേരളാ കോണ്‍ഗ്രസില്‍ സ്ഫോടനാത്മകമായ സാഹചര്യമുണ്ടാക്കിയത്. ഇതുവരെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ നേതാക്കള്ക്കെതിരെയണ് ജോര്‍ജിന്റെ കടന്നാക്രമണം നടന്നിരുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃനിര ഒന്നടങ്കം രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതോടെ വിവാദ പ്രസ്താവനകള്‍ക്ക് ഏതാണ്ട് താല്‍ക്കാലിക വിരാമമായിരുന്നു. അതിനിടെയാണ് സ്വന്തം പാര്‍ട്ടിയില്‍ തനിക്കെതിരെ പലപ്പൊഴും വേദികള്‍ ഉപയോഗിച്ചിട്ടുള്ളവരുടെ പൂര്‍വ്വകാല ചരിത്രം വിവരിച്ച് ജോര്‍ജിന്റെ പ്രസ്താവനകള്‍ വന്നത്.
ഇതിനു പുറമേ, കെ.എം. മാണി വര്‍ഷങ്ങളോളമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ട് ലോക്സഭാ സീറ്റെന്നത് നിലവിലുള്ള ഒന്നു മതിയെന്നും ജോര്‍ജ് വ്യക്തമാക്കുകയുണ്ടായി. ഇത് കെ.എം. മാണിയെയും ക്ഷുഭിതനാക്കിയെങ്കിലും അദ്ദേഹം പരസ്യ പ്രസ്താവന നടത്താതെ വിഷയം ലഘൂകരിക്കാന്‍ ശ്രമിച്ചു. ഇതോടെ ജോര്‍ജിനെതിരെ പരസ്യ നിലപാടിലേക്ക് വന്നില്ലെങ്കില്‍ നിലനില്പുണ്ടാകില്ലെന്ന തോന്നലാണ് ജോസഫ് വിഭാഗത്തെ ശക്തമായ നിലയില്‍ പ്രതികരിക്കാന്‍ വഴിയൊരുക്കിയത്. പാര്‍ട്ടി തീരുമാനമില്ലാതെ ജോര്‍ജിന് ഇങ്ങനെ പരസ്യമായി അഭിപ്രായങ്ങള്‍ തുറന്നടിക്കാന്‍ ആരാണ് അനുവാദം നല്‍കിയതെന്നാണ് ജോസഫ് വിഭാഗത്തിന്റെ ചോദ്യം.
ഇതിനിടെ ജോര്‍ജിന്റെ ഒരു സീറ്റ് മതിയെന്ന നിലപാടിന് പ്രസക്തിയില്ലെന്ന് കെ.എം. മാണി പ്രതികരിച്ചു. എന്നാല്‍ ജോര്‍ജ് നിലപാട് മാറ്റാന്‍ തയ്യാറായിട്ടുമില്ല. ജോസഫ് വിഭാഗത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഇന്നലെ രാത്രിയോടെ പി. സി. ജോര്‍ജ് കെ. എം. മാണിക്ക് കത്തുനല്‍കുകയും ചെയ്തിട്ടുണ്ട്.
കേരളാ കോണ്‍ഗ്രസിലെ ഒറ്റയാനായ ജോര്‍ജിനെതിരെ അവസരം മുതലാക്കി മാണി-ജോസഫ് വിഭാഗങ്ങളിലെ എംഎല്‍എമാര്‍ ഒളിഞ്ഞും തെളിഞ്ഞും പ്രത്യാക്രമണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജോര്‍ജിനെതിരെ രേഖാമൂലമുള്ള പരാതി ഇക്കൂട്ടര്‍ കെ. എം. മാണിക്കു നല്‍കിയതായാണ് സൂചന. ഇവര്‍ പരസ്യ പ്രസ്താവനകള്‍ നടത്താതെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളും മാണി തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിവിട്ടു പോകാന്‍ പി. ജെ. ജോസഫിന് താല്പര്യമില്ലാത്തതാണ് കെ.എം. മാണിക്ക് ബലമേകുന്നത്. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജോസഫിനുമേല്‍ ശക്തമായ സമ്മര്‍ദ്ദമാണ് നടക്കുന്നത്. പിളര്‍പ്പുകള്‍ പുതുതല്ലാത്ത കേരളാ കോണ്‍ഗ്രസില്‍ പരസ്പരം ഒത്തുചേര്‍ന്നവര്‍ ഒരിക്കല്‍കൂടി വഴിപിരിയുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: