“പുതുപ്പള്ളിയില്‍ ദശാബ്ദങ്ങളായി നടന്നുവരുന്ന ഞായറാഴ്ച ദര്‍ബാര്‍ പ്രശസ്തം. മണ്ഡലത്തിലുള്ളവരും മധ്യതിരുവിതാംകൂറിലുള്ളവരുമൊക്കെ ഞായറാഴ്ച പുതുപ്പള്ളിയിലേക്ക് വച്ചുപിടിപ്പിക്കുകയാണ് പതിവ്. ആളുകളെ പുതുപ്പള്ളിയിലെ കാരോട്ടു വള്ളക്കാലില്‍ വീട്ടില്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉമ്മന്‍ചാണ്ടി ക്ഷീണം അറിയുന്നില്ല. ഒന്നാമനെ കണ്ട അതേ പുഞ്ചിരിയോടെ അഞ്ഞൂറാമനെയും യാത്രയാക്കിയശേഷമേ അടുത്ത പരിപാടിക്കുപോകൂ. ജനം വട്ടംകൂടി നില്ക്കുമ്പോള് ഓരോ പരാതിയായി കേള്‍ക്കുന്നതാണിഷ്ടം. അല്ലാതെ ക്യൂ സമ്പ്രദായമോ കമ്പ്യൂട്ടറില്‍ പരാതി രേഖപ്പെടുത്തലോ ഒന്നുമില്ല. കേള്‍ക്കാന്‍ പാകത്തില്‍ ഓരോ വശത്തേക്കും തലചരിക്കും. അപ്പോള്‍തന്നെ പ്രശ്നം തീര്‍ത്തിട്ടേ വിടൂ.
അതിനുള്ള ഫോണ്‍ വിളിച്ചുകൊടുക്കല്, കത്തു തയ്യാറാക്കല്‍, ഒത്തുതീര്‍പ്പ് എന്നിവയ്ക്ക് സഹായികളുണ്ട്. ഒട്ടുമിക്കവയും ഉമ്മന്‍ചാണ്ടി നേരിട്ടേ ചെയ്യൂ. പുതുപ്പള്ളിക്കാര്‍ പറയും-ഇടുക്കി വൈദ്യുത നിലയത്തില്‍നിന്ന് നേരിട്ട് ലൈന്‍ വലിക്കുംപോലെയാണ് ഉമ്മന്‍ചാണ്ടിയുടെ സ്റ്റെല്‍. ഇടയ്ക്ക് ട്രാന്‍സ്ഫോര്‍മറോ പേസ്റ്റോ ഒന്നുമില്ല. പലതരത്തിലുള്ള ആവശ്യക്കാരാണ് അവിടെ എത്തുന്നത്. ….മണ്ഡലം ഒരു കുടുംബംപോലെയാക്കിയ ജനനേതാക്കള്‍ ചുരുക്കമാണ്. വീടും മണ്ഡലവും തമ്മിലും വീട്ടുകാരും നാട്ടുകാരും തമ്മിലും പുതുപ്പള്ളിയില്‍ അന്തരമില്ല….. ” (അവലംബം: പി.ടി. ചാക്കോയുടെ ‘കുഞ്ഞുകുഞ്ഞുകഥകള് അല്പം കാര്യങ്ങളും)
ഒരു ജനപ്രതിനിധി ജനനായകന് എന്നനിലയില്‍ പുതുപപ്പള്ളിക്കാര്യം സ്വകാര്യമായെടുക്കാം. എന്നാല്‍ ഒരു മുഖ്യമന്ത്രി എന്ന നിലയിലാകുമ്പോള്‍ അതിനൊരു വ്യവസ്ഥ വേണം. എല്ലാം വ്യവസ്ഥാപിതമാകണം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കമെന്ന മാമാങ്കം ഒരു സംസ്ഥാനത്തിന്റെ മികച്ച ഭരണത്തെയോ ഭരണമില്ലായ്മയെയാണോ പ്രകടിപ്പിക്കുന്നത്. ഒരു സംശയവുമില്ല തളര്‍വാതം പിടികൂടി കിടപ്പിലായ ഒരു വ്യക്തിയുടെ ജീവനുണ്ടെന്ന് കാണിക്കാനുള്ള പ്രയത്നമായേ ഇതിനെ കാണാനൊക്കൂ. ഊണും ഉറക്കവുമില്ലാതെ മുഖ്യമന്ത്രി മാത്രം ഇങ്ങനെ പ്രയത്നിക്കേണ്ടി വരുന്നതെന്തുകൊണ്ടാണ്. കേന്ദ്രാവിഷ്കൃത പദ്ധതി ഏറ്റവും നന്നായി നടപ്പാക്കുന്ന സംസ്ഥാനങ്ങളെന്ന് പ്രശംസിക്കപ്പെട്ട മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇമ്മാതിരി ഗിമ്മിക്കുകള്‍ മുഖ്യമന്ത്രിമാര്‍ കാണിക്കുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും നിര്‍ദ്ദേശിക്കും. ഉദ്യോഗസ്ഥരത് നടപ്പാക്കും. അത് സമയബന്ധിതമായി ചെയ്താല്‍ എന്തിനീ മേളങ്ങള്‍ ! ഇക്കഴിഞ്ഞ 18ന് തിരുവനന്തപുരത്ത് തുടക്കമിട്ട മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി ഡിസംബര്‍ ഒന്‍പതിന് ഇടുക്കിയിലാണ് സമാപിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ഒന്നാം ജനസമ്പര്‍ക്കപരിപാടിയും ഇതുപോലെയായിരുന്നു. മൊത്തം ലഭിച്ച പരാതികള്‍ 5,45,208 എണ്ണം. പരിഹരിച്ചത് 2,97,212. അനുഭവത്തിന്റെ വെളിച്ചത്തില്‍ 45 ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുകയുണ്ടായി. മുഖ്യമന്ത്രിക്ക് ലഭിച്ച 3ലക്ഷത്തിലധികം പരാതിക്ക് ഇനിയും പരിഹാരമായില്ല.
ഒരു വില്ലേജ് ആഫീസില്‍, അല്ലെങ്കില്‍ ജില്ലാ കളക്ടര്‍ പരിഹരിക്കേണ്ട പരാതി എന്തുകൊണ്ട് മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് തീര്‍ക്കേണ്ടിവരുന്നു എന്നത് എന്തിന്റെ മികവാണ് സൂചിപ്പിക്കുന്നത് ? ആശുപത്രിയില്‍ കിടക്കുന്ന രോഗിക്ക് ആശ്വാസം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ദര്‍ബാറിലേക്ക് സ്ട്രെക്ചറിലോ വീല്‍ചെയറിലോ കൊണ്ടെത്തിക്കേണ്ടത് ഗതികേടല്ലാതെ മേറ്റ്ന്താണ് ? മുക്കാല്‍ലക്ഷം ചോദിച്ച അഗതിക്ക് ഒരു ലക്ഷം നല്കി മുഖ്യമന്ത്രി ഉദാരത പ്രകടിപ്പിക്കുന്നത് നല്ലതുതന്നെ. ഒരുകൈ കൊടുക്കുന്നത് മറുകൈ അറിയരുതെന്ന തത്ത്വം ഇവിടെ പാലിക്കപ്പെടുന്നില്ലെങ്കില്‍ അതിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമാണ്. പുതുപ്പള്ളികൊട്ടാരത്തിലെ ദര്‍ബാര്‍ കേരളമാകെ വ്യാപിപ്പിക്കാന്‍ കഴിഞ്ഞു എന്നാശ്വസിക്കുന്നതിലപ്പുറം പ്രാധാന്യമൊന്നും ഇതില്കല്പ്പിക്കേണ്ടതില്ല. മുന്നണിയിലെ തര്‍ക്കവും സ്വന്തം കക്ഷിക്കകത്തെ തമ്മിലടിയും അസഹ്യമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി നടത്തുന്ന ജനസമ്പര്‍ക്കം ക്രൂരവിനോദമെന്നതില് കവിഞ്ഞൊന്നുമില്ല. ഭരണത്തില്‍ സ്പീഡ് വേണം. അത് പണ്ട് കരുണാകരന്റെ കാലത്ത് തുടങ്ങിയതാണ്. കേരളത്തില്‍ എന്തും തുടങ്ങാന്‍ ധൃതി കാട്ടാറുണ്ട്. അതൊന്നും പൂര്‍ത്തിയാക്കിയും പതിവില്ല. ആരംഭശൂരത്വം കൊണ്ട് ആശ്വാസം ലഭിക്കില്ല. രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം കേരളത്തില്‍ വന്ന് സൃഷ്ടിച്ച പ്രതീക്ഷ എത്രയായിരുന്നു ? നിയമസഭയില്‍ പ്രസംഗിക്കവെ അദ്ദേഹം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ മുക്തകണ്ഠം പ്രശംസ നേടിയതായിരുന്നല്ലോ.
2005 ജൂലായ് 28ന് രാഷ്ട്രപതി നടത്തിയ പ്രസംഗത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പ്രശംസിച്ചു. “രാഷ്ട്രപതിയുടെ വികസന ദൗത്യങ്ങളെ സമഗ്ര ചര്‍ച്ച നടത്തി പ്രായോഗികമായവ നടപ്പാക്കണം. സഭയ്ക്കകത്തും പുറത്തും ചര്‍ച്ച നടത്തി പൊതുഅഭിപ്രായം രൂപീകരിക്കണം. സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് പൊതുവെ സ്വീകാര്യമായ പല നിര്‍ദ്ദേശങ്ങളും രാഷ്ട്രപതിയുടെ നിയമസഭാ പ്രസംഗത്തിലുണ്ട്.” അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഉറപ്പുണ്ട്. “പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും. ഇതിനായി അഞ്ച് ഗവണ്മെന്റ് സെക്രട്ടറിമാര്‍ അടങ്ങുന്ന സമിതി രൂപീകരിച്ചു. വികസന പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തി എല്ലാവരുടെയും സഹകരണം തേടും. എല്ലാ ഭിന്നതകളും മാറ്റിവച്ച് ഏക മനസ്സോടെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.” ഉമ്മന്‍ചാണ്ടിക്ക് ഓര്മയുണ്ടോയെന്തോ ? ഭിന്നതകള്‍ മാറുകയാണോ മുറുകുകയാണോ ഇപ്പോള്‍ ചെയ്യുന്നത്. രാഷ്ട്രപതിക്ക് നല്കിയ ഉറപ്പ് കുറുപ്പിന്റെ ഉറപ്പാവുകയാണോ?
തുടരും
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: