“മാനസ മൈനേ വരൂ…..”എന്ന ഗാനം മന്നാഡെ കരളുരുകി പാടിയതാണ്. വിരഹത്തിന്റെ വേദനമുഴുവന്‍ മനസിലേക്കും സ്വരത്തിലേക്കും ആവാഹിച്ചാണ് അദ്ദേഹം ആ ഗാനം ആലപിച്ചത്. പ്രണയത്തിന്റെ വിഷാദ ഭാവം മുഴുവന്‍ ആ പാട്ടിലുണ്ടായിരുന്നു. അതിനാലാണ് മലയാളിയുടെ മനസ്സില്‍ എക്കാലവും തിളങ്ങി നില്ക്കുന്ന ഗാനമായി “മാനസമൈനേ വരൂ…”മാറിയതും. വയലാര്‍ രചിച്ച് ബംഗാളിയായ സലില്‍ ചൗധരി സംഗീതം നല്കിയ ചെമ്മീനിലെ ഒരേയൊരു ഗാനം മലയാളികളുടെ മനസ്സില്‍ ഒരു നൊമ്പരമായി നിറയ്ക്കാന്‍ മന്നാഡെയുടെ ശബ്ദത്തിന് കഴിഞ്ഞു.
ചെമ്മീനിന്റെ സംവിധായകന് രാമുകാര്യാട്ടിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മന്നാഡെ പാട്ടുപാടാന്‍ സമ്മതിച്ചത്. മലയാളം വഴങ്ങില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. യേശുദാസിനെ പോലെ പ്രഗത്ഭരായ ഗായകര്‍ മലയാളത്തിലുള്ളപ്പോള്‍ എന്തിന് തന്നെപ്പോലൊരാളെ ഇതിനു നിയോഗിക്കണമെന്ന ചോദ്യവുമുണ്ടായിരുന്നു. ഭാര്യ മലയാളിയാണെങ്കിലും വയലാറിന്റെ വരികളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഒടുവില്‍ സഹായത്തിന് ഭാര്യ സുലോചന തന്നെയെത്തി. അര്‍ത്ഥം പറഞ്ഞുകൊടുത്തു. വരികള്‍ മനസ്സിലാക്കിയപ്പോള്‍ കണ്ണുനിറഞ്ഞു. പാടാമെന്നു സമ്മതിച്ചു.
“കടലിലെ ഓളവും കരളിലെ മോഹവും
അടങ്ങുകില്ലോമനേ അടങ്ങുകില്ല…” എന്നെഴുതാന്‍ വയലാറിനു മാത്രമേ കഴിയൂ എന്നായിരുന്നു മന്നാഡെയുടെ പക്ഷം.
ബംഗാളിയായിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷ. എങ്കിലും അദ്ദേഹത്തിന്റെ തട്ടകം ഹിന്ദി സിനിമാസംഗീതമായിരുന്നു. അന്നുണ്ടായിരുന്ന പലഗായകര്ക്കും ഇല്ലാത്ത ശബ്ദസൗകുമാര്യവും ശാസ്ത്രീയാവബോധവും മന്നാഡെയ്ക്ക് ഉണ്ടായിരുന്നു. അതിനാലാണ് മഹാഗായകന് മുഹമ്മദ്റാഫി പറഞ്ഞത്, “നിങ്ങള്‍ കേള്‍ക്കുന്നത് എന്റെ പാട്ടുകളാണ്. പക്ഷേ, ഞാന്‍ കേള്‍ക്കാനാഗ്രഹിക്കുന്നത് മന്നാഡെയുടെ ഗാനങ്ങളാണ്” എന്ന്.
ഭാരതീയമായ വിവിധ സംഗീത ശാഖകളില്‍ മന്നാഡെയ്ക്ക് അറിവും പ്രാവീണ്യവും ഉണ്ടായിരുന്നു. ഹിന്ദുസ്ഥാനിക്കൊപ്പം ബാബുല്‍ സംഗീതം, രവീന്ദ്രസംഗീതം, ഖായല്‍ തുടങ്ങിയവയില്‍ പരിശീലം സിദ്ധിച്ചിരുന്നു. കര്‍ണ്ണാടക സംഗീതത്തിന്റെ ആരാധകനുമായിരുന്നു. മാനസമൈനേ പാടിയ ഗായകന് എന്നനിലയിലാണ് അദ്ദേഹത്തെ മലയാളി കൂടുതല്‍ ഓര്‍ക്കുന്നതെങ്കിലും ഹിന്ദിയില്‍ അദ്ദേഹം പാടിയ നിരവധി ഗാനങ്ങള്‍ ഓരോ സംഗീത പ്രേമിയുടെയും ഗൃഹാതുരതയെ തൊട്ടുണര്‍ത്തുന്നതാണ്.
പ്രണയത്തിന്റെ മാസ്മരികതയില്‍ ഹിന്ദിയറിയാത്തവര്‍ കൂടി ആസ്വദിച്ചതാണ് “പ്യാര് ഹുവാ ഇക്രാര് ഹുവാ…” എന്ന ഗാനം. അത് ഉറക്കെ പാടാത്ത മലയാളിയുണ്ടാവില്ല. ആ പാട്ടിനൊപ്പം താളം പിടിക്കാത്തവരുമുണ്ടാകില്ല. മന്നാഡെയുടെ ശബ്ദംകൊണ്ട് മനോഹരമാകുകയായിരുന്നു ആ ഗാനം.
“തുഝെ സൂരജ് കഹും യാ ചന്ദാ,
തുഝെ ദീപ് കഹും യാ താരാ,
മേരാ നാം കരേഗാ റോഷന്
ജഗ് മേ മേരാ രാജ് ദുലാര….” എന്ന ഗാനം ഭാഷാതിരുകള്‍ ഭേദിച്ച് സംഗീതാസ്വാദകരെ ആകര്‍ഷിച്ചു. അമ്മമാര്‍ കുഞ്ഞുങ്ങളെ മാറോട് ചോര്ത്തുറക്കുമ്പോള് ഈ ഗാനം മന്നാഡെയെ ഓര്‍ത്തുകൊണ്ട് ആലപിക്കുമായിരുന്നു. വിഖ്യാത സിനിമ ഷോലെയിലെ “യെ ദോസ്തി….” എന്ന ഗാനം ആര്‍ക്കാണ് മറക്കാന്‍ കഴിയുക. കിഷോറും മന്നാഡെയും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്നായിരുന്നു അത്.
കല്ക്കത്തിയിലായിരുന്നു പ്രബോദ് ചന്ദ്രഡേയെന്നെ മന്നാഡെയുടെ ജനനം. 1943 ല്‍ തമന്ന എന്ന ചിത്രത്തിലൂടെയാണ് മന്നാഡെ സിനിമ പിന്നണിഗാന രംഗത്തെത്തുന്നത്. എസ്.ഡി.ബര്‍മ്മന്റെ സഹായിയായി കൂടിയ അദ്ദേഹം അവിചാരിതമായാണ് ഗായകനെന്ന നിലയില്‍ പ്രശസ്തിയിലേക്കുയരുന്നത്.
1950ല്‍ മിഷാല്‍ എന്ന ചിത്രത്തിലെ ഗാനം ആരും പാടിയിട്ട് ശരിയാകാതെ വന്നപ്പോള്‍ ബര്മ്മന് മന്നാഡെയെ പാടാന്‍ ക്ഷണിച്ചു. ‘ഊപ്പര്‍ ഗഗന് വിശാല്‍…’ എന്ന വരികള്‍ ആര്.ഡി.ബര്‍മ്മന്റെ ഈണത്തിനൊപ്പം പാടി അദ്ദേഹം സംഗീതലോകത്ത് തന്റെ അടയാളം കുറിച്ചിട്ടു. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ കാലമായിരുന്നു. ഹിന്ദി സിനിമാ ലോകം മന്നാഡെയുടെ ശബ്ദത്തിനായി കാത്തിരുന്നു. സംഗീതപ്രേമികളും. അദ്ദേഹത്തിന്റെ ശബ്ദം ഹിന്ദി സിനിമയ്ക്ക് അവിഭാജ്യ ഘടകമായിമാറി. മന്നാഡെ പാടിയ ഗാനങ്ങളില്‍ ഹിറ്റ് പട്ടികയിലുള്ളത് കൂടുതലും വിഷാദഗാനങ്ങളാണെങ്കിലും കാബൂളിവാല പോലുള്ള ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഗതയേറിയ പാട്ടുകള്‍ വളരെയധികം അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു.
എല്ലാതരത്തിലുമുള്ള പാട്ടുകള്‍ അദ്ദേഹത്തിനു വഴങ്ങി. പാട്ടിനു ശാസ്ത്രീയമായ മാനം വേണ്ട ഘട്ടത്തില്‍ അത് മന്നാഡെ പാടിയാല്‍ മതിയെന്ന് സംഗീത സംവിധായകര്‍ തീരുമാനിക്കുന്ന തരത്തില്‍ വരെ സ്വാധീനമുള്ള വ്യക്തിയായി മാറി.
പാട്ടുകാരനാകാന്‍ കൊതിച്ച് മുംബൈയിലെത്തി വളരെയധികം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്നിട്ടുണ്ട് അദ്ദേഹത്തിന്. കൊല്‍ക്കത്തയില്‍ നിന്ന് 1942ലാണ് മുംബൈയിലെത്തുന്നത്. സിനിമയിലെ പാട്ടുപാടാന്‍ അഭിനേതാക്കള്‍ ഗായകരെ നിശ്ചയിച്ചിരുന്ന അക്കാലത്ത് പുതുഗായകര്‍ക്ക് അവസരം കിട്ടുക എളുപ്പമല്ലായിരുന്നു. പിന്നീടു പിന്നണി ഗാനരംഗത്തു തന്റെ ഇരിപ്പിടം സ്വന്തമാക്കി ഉയര്‍ന്നപ്പോള്‍ സംഗീതത്തിനു സമര്‍പ്പിച്ച ജീവിതത്തിലൂടെ മന്നാഡെ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. വിവിധ ഭാഷകളിലായി 3,500ല്‍ അധികം ഗാനങ്ങള്‍ മന്നാഡെ ആലപിച്ചു. അദ്ദേഹം അവസാനം പാടിയത് നാനാ പടേക്കറിന്റെ ‘പ്രഹര് എന്ന ചിത്രത്തിലാണ്.
ബംഗാളി ഭാഷയില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ ഇംഗ്ലീഷിലും ഹിന്ദിയിലും പുനഃപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ഫാല്‍ക്കേ അവാര്‍ഡ് 2007ല്‍ അദ്ദേഹത്തെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികളും നല്കി രാജ്യം ആദരിച്ചു. ദേശീയപുരസ്കാരങ്ങളുള്പ്പടെ നിരവധി ബഹുമതികള്‍ മന്നാഡെയ്ക്ക് ലഭിച്ചിട്ടുണ്ട്.
1965 ലാണ് ചെമ്മീന്‍ പുറത്തിറങ്ങുന്നത്. അന്നുമുതല്‍ “മാനസ മൈനേ വരൂ…” നമ്മുടെ സിനിമാ സംഗീതലോകത്ത് നിറഞ്ഞു നില്ക്കുന്നു. മന്നാഡെയെന്ന അനശ്വര ഗായകനെ മലയാളത്തിനു പരിചയപ്പെടുത്തിയ രാമുകാര്യാട്ടിനോടും സലില്ചൗധരിയോടും നന്ദിപറയാം. മലയാളിക്ക് ലഭിച്ച വിലമതിക്കാനാകാത്ത പുണ്യമാണ് മന്നാഡെയുടെ ശബ്ദം.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: