മലയാളിക്ക് എക്കാലത്തേക്കുമായി പ്രണയത്തിന്റെ മധുരനൊമ്പരവും വിരഹത്തിന്റെ ഇടര്‍ച്ചയുള്ള വിഷാദവും നല്കിയ മാനസമൈന ഇനി ഓര്‍മയില്‍നിന്ന് നെഞ്ചിന്കൂട്ടിലേക്കു പാടും. മന്നാഡെ എന്ന പാട്ടുമൈനയുടെ ഭൗതികശബ്ദം എന്നന്നേയ്ക്കുമായി നിലയ്ക്കുമ്പോഴും അദ്ദേഹം ബാക്കിവെച്ച സ്വരരാഗസുധയെന്ന ആത്മശബ്ദത്തിന് ചുറ്റും ഇനിയും മലയാളി ഭ്രമരമായി മൂളിനടക്കും. ‘മാനസമൈനേ വരൂ..’ എന്ന ഒറ്റപ്പാട്ടുകൊണ്ട് മലയാളത്തിന്റെ തലമുറകളെ ഉണര്‍ത്തുകയും ഉറക്കുകയും ചെയ്ത ബംഗാളിയായ പ്രബോദ്ചന്ദ്ര ഡേയെന്ന മന്നാഡെ കേരളീയന്റെ സ്വരവികാരമായി മാറുകയായിരുന്നു.
തകഴിയുടെ ഹൃദയാക്ഷരങ്ങളുടെ വലയില്‍ കോരിയെടുത്ത ചെമ്മീന്‍ എന്ന നോവല്‍ രാമു കാര്യാട്ടിലൂടെ ആഗോള സിനിമയായപ്പോള്‍ അതാകാന്‍ ചേരുവയായതിലൊന്ന് മന്നാഡെയുടെ പാട്ടുകൂടിയാണ്. കടലോര നിലാവത്ത് പ്രണയപരവശനായി കറുത്തമ്മയെയോര്‍ത്ത് ഉള്ളിലെ മൈനയുടെ കൂടുതുറന്നുവിടുന്ന കൊച്ചുമുതലാളിയെ മലയാളി ഇന്നുമോര്‍ക്കുന്നത് മന്നാഡെയുടെ സ്വരഭംഗിയിലൂടെയാണ്. പ്രേമത്തിന്റെ മാതൃകാ രൂപങ്ങളായി അന്നത്തെ തലമുറക്കാലം ഷീലയെയും മധുവിനെയും നെഞ്ചേറ്റിയത് മൈന ചിലക്കലിലൂടെയാണ്.
മലയാളത്തില്‍ മന്നാഡെ രണ്ട് പാട്ടാണ് ആകെക്കൂടി പാടിയത്. മറ്റൊന്ന് നെല്ലിലായിരുന്നു. അതിനുമുണ്ടായിരുന്നു സവിശേഷത; സലില്‍ ചൗധരിയുടെ സംഗീതവും രാമുകാര്യാട്ടിന്റെ സംവിധാനവും.
വിവിധ ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകള്‍. ഓരോ ഭാഷയിലും ഭാഷക്കാരനായി മാറി മന്നാഡെ. ഉന്നത ബഹുമതികളുള്പ്പെടെ ആ സ്വരസൗന്ദര്യത്തിന് അംഗീകാരമായി വന്നത് അനവധി പാരിതോഷികങ്ങള്‍.
സിനിമയും കഥാപാത്രങ്ങളും പാട്ടുമായി വികാരതല്പ്പത്തില് കിടന്നുറങ്ങുന്ന ഒരു തലമുറ പുതുക്കാലത്തിനൊരുപക്ഷേ അതിശയമാവാം. പെട്ടെന്നു മറക്കാന്‍ ആയുസുള്ള പാട്ടുകള്‍ മനസില്‍ കേറാത്ത ഇക്കാലത്ത് ഒന്നു മന്നാഡെയെ കേട്ടാല്‍ മൈന ചിറകുവിരിച്ച് മനസിലേക്ക് പറന്നുവെന്നുവരും. ഹൃദയനാവാക്കി പാടുകയായിരുന്നു മന്നാഡെ. കണ്ണൂര്‍ സ്വദേശി പ്രൊഫസര്‍ സുലോചന ഭാര്യയായതുകൊണ്ട് മലയാളത്തിന്റെ മരുമകന്‍കൂടിയാണ് അദ്ദേഹം. പക്ഷെ പാട്ടുകൊണ്ട് എക്കാലത്തെയും മലയാളിയും. പാട്ടിന്റെ ആയിരങ്ങള്‍ക്ക് പകരം ഒരേയൊരു പാട്ട്. പക്ഷേ ആ മാനസമൈന പാടുന്നത് പ്രണയത്തെക്കാളിപ്പോള് വിരഹത്തോടെയാണ്. വിഷാദത്തോടെയും.
സേവ്യര്‍.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: