കോട്ടയം: യുഡിഎഫിലെ പാര്‍ലമെന്റ് സീറ്റ് വിലപേശലിന് ഊര്‍ജ്ജം പകരാനായി മുസ്ലീം ലീഗിന് പിന്നാലെ സോഷ്യലിസ്റ്റ് ജനതയും ഏകപക്ഷീയമായി പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കുന്നു.
നിലവില്‍ കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്ന വടകര, കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്ന് ഇത്തവണ മത്സരിക്കാന്‍ ലഭിക്കണമെന്നാണ് സോഡ്യലിസ്റ്റ് ജനതയുടെ നിലപാട്. വടകര സീറ്റിനാണ് മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഏകപക്ഷീയമായി പാര്‍ലമെന്റ് സീറ്റുകള്‍ കയ്യടക്കുകയും എസ്ജെഡിയ്ക്ക് സീറ്റുകള്‍ നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയത്.
എന്നാല്‍ എസ്ജെഡി ആവശ്യപ്പെടുന്ന സീറ്റുകള്‍ രണ്ടും സിറ്റിംഗ് സീറ്റുകളായതിനാല്‍ യാതൊരു കാരണവശാലും വിട്ടുകൊടുക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഈ സാഹചര്യത്തിലാണ് മുസ്ലീംലീഗ് മാതൃക പിന്തുടര്ന്ന് സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റും ശക്തി പ്രകടനത്തിന് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യപാര്‍ലമെന്റ് മണ്ഡലം കണ്വന്ഷന് കോട്ടയത്ത് ഈ മാസം 29 ന് നടക്കും.
കഴിഞ്ഞ ലോക്സഭാ, തൃത്താല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെ ടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിടാനുള്ള പ്രധാന കാരണം എസ്ജെഡിയുടെ നിലപാടുകളായിരുന്നുവെന്ന് പിണറായി വിജയന് ഒഴികെയുള്ള സിപിഎം നേതാക്കളും എല്‍ഡിഎഫിലെ ഘടകകക്ഷികളും അംഗീകരിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ അവകാശവാദം. സോഷ്യലിസ്റ്റ് ജനത യുഡിഎഫിന്റെ ഭാഗമായതിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞതായും നേതൃത്വം അവകാശപ്പെടുന്നു. പാര്‍ട്ടിക്ക് നിര്‍ണ്ണായക ശക്തിയുണ്ടെന്ന് നേതൃത്വം പറയുമ്പോള്‍ പാര്ലമെന്റ്സീറ്റ് നിഷേധിക്കപ്പെട്ടാല്‍ സോഷ്യലിസ്റ്റ് ജനതയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകും. പാര്‍ലമെന്റ് സീറ്റ് നിഷേധിക്കപ്പെട്ടതിന് എല്‍ഡിഎഫ് വിട്ട പാര്‍ട്ടിക്ക് അതേ ദുരവസ്ഥ തന്നെ യുഡിഎഫിലും നേരിട്ടാല്‍ മുന്നണിയില്‍ തുടരുന്നതിന് ന്യായീകരണം അണികളെ ബോധ്യപ്പെടുത്താന്‍ നേതൃത്വത്തിന് സാധിക്കാതെയും വരും. ഈ സാഹചര്യത്തില്‍ നിലപാടുകള്‍ ശക്തമാക്കി എങ്ങനെയെങ്കിലും പാര്‍ലമെന്റ് സീറ്റ് കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്ജെഡി കണ്‍വന്‍ഷനുകളും ശക്തിപ്രകടനങ്ങളും നടത്തുന്നത്. മുസ്ലീംലീഗ്, കേരള കോണ്‍ഗ്രസ് മാണി വിഭാഗം , എസ്ജെഡി എന്നിവ കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റുകള്‍ മത്സരിക്കാന്‍ ആവശ്യപ്പെടുന്നത് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കുമോ എന്ന് കാത്തിരുന്ന് കാണണം.
ഈ മാസം 30 ന് കൊല്ലത്തും നവംബര്‍ 1 ന് കാസര്‍ഗോഡും പാര്‍ലമെന്റ് കണ്‍വന്‍ഷനുകള്‍ എസ്ജെഡി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: