കരുനാഗപ്പള്ളി: ആറംഗ കവര്‍ച്ചാസംഘത്തെ കരുനാഗപ്പള്ളി പോലീസ് പിടികൂടി. സ്റ്റേഷന് പരിധിയില്‍ പുതിയകാവിലെ എടിഎം കൗണ്ടറിനു സമീപത്തു നിന്നും ഇന്നലെ വെളുപ്പിനെ പട്രോളിംഗിനിടെയാണ് തമിഴ്നാട്, ആന്ധ്രാ സ്വദേശികളായ ആറുപേരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വീടു പൊളിക്കുന്നതിനുള്ള ആയുധങ്ങളുമായി ഇരുട്ടില്‍ പതുങ്ങി ഇരിക്കുകയായിരുന്നു ഇവര്‍.
ശിവകാശി കണ്ണയ്യ നഗര്‍ ഒന്നാം തെരുവില്‍ ടറന്‍സ് ചെല്ലയ്യ(37), ശക്തി(23), കണ്ണയ്യ നഗര്‍ പുറമ്പോക്കില്‍ കണ്ണന്(28), വിക്രം(20), ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ ജില്ലയില്‍ ബാലന്(22), ഗുണ്ടൂര്‍ ജില്ലയില്‍ സന്തോഷ്(30) എന്നിവരാണ് പിടിയിലായത്.
പകല്‍ സമയങ്ങളില്‍ ആക്രി സാധനങ്ങള്‍ വാങ്ങുന്നതിനും പിച്ചാത്തി രാകുന്നതിനും കല്ലുകൊത്തലിനുമായി പല കാരണങ്ങള്‍ പറഞ്ഞ് നാട്ടുമ്പുറങ്ങളില്‍ സഞ്ചരിച്ച് വീടുകള്‍ കണ്ടുവച്ചശേഷം രാത്രിയില്‍ മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. അടുത്ത കാലത്ത് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ മോഷണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അടുത്ത കാലത്ത് ജയില്‍മോചിതരായ മോഷ്ടാക്കളും അന്യസംസ്ഥാനത്തുനിന്നും ജോലിക്കായി വന്നു താമസമാക്കിയിട്ടുള്ളവരും ഉള്‍പ്പെട്ടതാണ് ഈ സംഘമെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാത്രികാല പട്രോളിംഗ് ശക്തമാക്കുകയായിരുന്നു.
മോഷണത്തിനെതിരെ പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അറിയിച്ചു. പകല്‍ സമയങ്ങളില്‍ വീടുകളിലും മറ്റും ആക്രി സാധനങ്ങള്‍ വാങ്ങുന്നതിനും പിച്ചാത്തി രാകുന്നതിനും, കക്കൂസുകള്‍ കഴുകുന്നതിനും മറ്റുമായി വരുന്ന അപരിചിതരെ പൂര്‍ണമായും ഒഴിവാക്കണമെന്നും സംശയം തോന്നുന്നവരെ തടഞ്ഞുവച്ച് വിവരം പോലീസില്‍ അറിയിക്കണമെന്നും എസ്.ഐ അറിയിച്ചു. മോഷണം തടയുന്നതിനായി രാത്രിയില്‍ വീടിനു പുറത്ത് ഒരു ലൈറ്റ് തെളിച്ചിടുക, വീടിനു പിന്‍വശത്തുള്ള വാതില്‍ ബലപ്പെടുത്തുക, പാരയും കോടാലിയും വെട്ടുകത്തിയുമടക്കമുള്ള ആയുധങ്ങള്‍ വീടിനു പുറത്ത് അലക്ഷ്യമായി ഇടാതെ വീടിനുളളില്‍ സൂക്ഷിക്കുക, രാത്രിയില്‍ ഏതെങ്കിലും ശബ്ദം കേട്ടാല്‍ ഉണര്‍ന്ന് ലൈറ്റ് തെളിച്ച് നോക്കുക, ഒരു കാരണവശാലും വീടിനു പുറത്തിറങ്ങാതിരിക്കുക, സംശയം തോന്നിയാല്‍ ഉടന്‍ തന്നെ പോലീസ് സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുക, അതോടൊപ്പം അയല്‍വീടുകളിലും ഫോണ്‍ ചെയ്ത് വിവരം പറയുക., അടുത്തുള്ള വീട്ടുകാര്‍ തമ്മില്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഉണര്‍ന്ന് ലൈറ്റ് ഇടുന്നതിനും പരസ്പരം സഹായം ചെയ്യുന്നതിനും ഉള്ള ധാരണ ഉണ്ടാക്കുക, വീടു പൂട്ടി യാത്ര പോകുമ്പോള്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുക എന്നിങ്ങനെയുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും എസ്.ഐ.അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: