പുനലൂര്‍: നഗരത്തില്‍ വണ്‍വേ സമ്പ്രദായം നിലവില്‍ വന്നതോടെ കച്ചേരി റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. ദിവസേന മൂന്നും നാലും അപകടങ്ങള്‍ വരെ കച്ചേരിറോഡില് സംഭവിക്കുന്നുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് പത്തോളം വാഹനങ്ങളാണ് ഇവിടെ കൂട്ടിയിടിച്ചത്. മുന്നിലുണ്ടായിരുന്ന കാര്‍ ഓട്ടോയില്‍ കൂട്ടിയിടിച്ചതോടെ പിറകില്‍ വന്ന മറ്റ് വാഹനങ്ങള്‍ തമ്മിലും കൂട്ടിയിടിക്കുകയായിരുന്നു. കാറുകളും ബൈക്കുകളും ഓട്ടോകളുമാണ് കൂട്ടിയിടിച്ചതിലേറെയും.
അരമണിക്കൂറോളം ഈ ഭാഗത്ത് ഗതാഗത തടസമായിരുന്നു. ഗതാഗത സ്തംഭനവുമുണ്ടായി. വഴിയാത്രക്കാരിയായ ഒരു സ്ത്രീക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു. രണ്ടുമാസം മുമ്പാണ് കച്ചേരി റോഡില്‍ വണ്‍വേ സംവിധാനം നടപ്പിലാക്കിയത്. കച്ചേരി റോഡിലൂടെ ചെറിയ വാഹനങ്ങളാണ് കടത്തിവിടുന്നത്. എന്നാല്‍ ഈ ഭാഗത്ത് റോഡിന് വീതി തീരെ കുറവാണ്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യുന്നത് വലിയ അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത്തരത്തില്‍ ദിവസേന മൂന്നും നാലും അപകടങ്ങള്‍ വരെ സംഭവിക്കുന്നു. വലിയവാഹനങ്ങള്‍ ദേശീയപാതയിലൂടെ കടന്നു പോകുമ്പോള്‍ ചെറിയ വാഹനങ്ങളാണ് കച്ചേരി റോഡിലൂടെ കടത്തിവിടുന്നത്. വണ്‍വേ സംവിധാനം നിലവില്‍ വന്നതിന് ശേഷമാണ് കച്ചേരി റോഡില്‍ അപകടങ്ങള്‍ വര്‍ധിച്ചത്. അമിതവേഗതയും റോഡിന് വീതിയില്ലാത്തതും അനാവശ്യമായ ഓവര്‍ടേക്കിംഗുമാണ് അപകടങ്ങള്‍ വരുത്തി വയ്ക്കുന്നത്. പരീക്ഷണാര്‍ത്ഥം ആരംഭിച്ച വണ്‍വേ സമ്പ്രദായം പലപ്പോഴും ഫലപ്രദമാകുന്നില്ലെന്നാണ് ആക്ഷേപം. കോടതികള്‍, താലൂക്കാശുപത്രി എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാകാറുള്ളത്.
വണ്‍വേ സമ്പ്രദായം വന്നതോടെ ഈ ഭാഗത്ത് ഗതാഗത തടസങ്ങളും പതിവു സംഭവമായി മാറിയിരിക്കുകയാണ്. അമിതവേഗതയില്‍ വാഹനങ്ങള്‍ റോഡിലൂടെ കടന്നുപോകുമ്പോള്‍ റോഡ് മുറിച്ചുകടക്കാന്‍ കഴിയാത്ത അവസ്ഥയും യാത്രക്കാരെ ഏറെ വലയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: