ന്യൂദല്‍ഹി: സംസ്ഥാന കോണ്‍ഗ്രസിലെ അതിരൂക്ഷമായ ഗ്രൂപ്പ് പോര് തുടര്‍ന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പാര്‍ട്ടി ഹൈക്കമാന്റ്.കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പ്രതികൂലമായി മാറിയതായും എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും സര്‍ക്കാരും രണ്ടു വഴിക്കാണ്. പലവട്ടം പരസ്യപ്രതികരണങ്ങള്‍ വിലക്കിയിട്ടും നേതാക്കള്‍ തന്നെ ലംഘിക്കുന്നു. സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികള്‍ താഴെത്തലത്തിലെത്തിക്കുന്നതില് പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗിക്കുന്നില്ല. പാര്‍ട്ടിയെ വിശ്വസിക്കാന്‍ സര്‍ക്കാരും സര്‍ക്കാരിനെ വിശ്വസിച്ചു പ്രവര്‍ത്തിക്കാന്‍ കെപിസിസിയും തയ്യാറാകുന്നില്ല. നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് താഴേത്തട്ടിലേക്ക് വരെ വ്യാപിച്ചിരിക്കുകയാണ്. ജില്ലാ തലങ്ങളില്‍ സജീവമായ ഗ്രൂപ്പ് പോര് നിലനില്‍ക്കുന്നുണ്ടെന്നും എത്രയും പെട്ടെന്ന് പ്രശ്ന പരിഹാരമുണ്ടാക്കണമെന്നും മുകുള്‍ വാസ്നിക്കിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഒക്ടോബര്‍ 17,18 തീയതികളിലാണ് എഐസിസി ജനറല്‍ സെക്രട്ടറി വാസ്നിക് കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാനത്തെത്തിയത്. ഐ ഗ്രൂപ്പ് സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. എ ഗ്രൂപ്പ് പാര്‍ട്ടി പ്രസിഡന്റിനെതിരെയും രംഗത്തെത്തി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നു.
ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി ലഭിക്കുന്ന നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ സീറ്റുകള്‍ നിലനിര്‍ത്തിയില്ലെങ്കില്‍ ദേശീയ തലത്തില്‍ തന്നെ അതു ഗുരുതരമായി ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: