പത്തനംതിട്ട: സോളാര്‍ കേസില്‍ ശ്രീധരന് നായരുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കി. 164 വകുപ്പ് പ്രകാരമുള്ള മൊഴി രഹസ്യമൊഴിയല്ലെന്നും വി.എസിന്റെ അഭിഭാഷകന് അപേക്ഷയില്‍ പറയുന്നു.
ശ്രീധരന് നായര്‍ നല്കിയ പരാതിയിലെ എഫ്ഐആറും സോളാര്‍ തട്ടിപ്പിലെ പ്രതി സരിത എസ് നായരുടെ റിമാന്റ് റിപ്പോര്‍ട്ടും നല്‍കണമെന്ന് വിഎസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തുവെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്നും അന്വേഷണ പ്രക്രിയ ഏതാണ്ട് പൂര്‍ത്തിയായെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തില്‍ ഇവ നല്കുന്നതില് നിയമതടസം ഇല്ലെന്നുമാണ് വി.എസിന്റെ പ്രധാന വാദം.
സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശത്തെ തുടര്‍ന്ന് രേഖകള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ വിഎസ് നേരത്തെ തീരുമാനമെടുത്തിരുന്നു. നിയമപോരാട്ടത്തിന് സിപിഐഎം കേന്ദ്ര,സംസ്ഥാന നേതൃത്വങ്ങള്‍ വിഎസിന് അനുമതി നല്‍കിയിരുന്നു. പൊതുതാല്‍പ്പര്യമുള്ള കേസുകളില്‍ രേഖകള്‍ നല്‍കാമെന്ന ഐസ്ക്രീം പാര്‍ലര്‍ കേസിലെ സുപ്രീംകോടതി ഉത്തരവ് നിര്‍ണായക രേഖകള്‍ ലഭിക്കാന്‍ സഹായകരമാകുമെന്നാണ് വിഎസിന്റെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: