തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തടയാനുള്ള എല്‍ഡിഎഫ് നീക്കത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ 18ന് ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി സംഘര്‍ഷ ഭരിതമാകും. എല്ലാ ജില്ലയിലും പരിപാടി തടയുമെന്നാണ് ഇടതുമുന്നണി പ്രഖ്യാപനം. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് തടയല്‍. 18ന് ആദ്യ പരിപാടി നടക്കുന്ന തിരുവനന്തപുരത്താണ് ഉപരോധം.
തടയുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചതോടെ സമരം നേരിടാന്‍ യുഡിഎഫും പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പരമാവധി പ്രവര്‍ത്തകരെ അണിനിരത്തി ഇടതുമുന്നണി സമരത്തെ നേരിടാനാണ് യുഡിഎഫിന്റെ തീരുമാനം. ഇരുകൂട്ടരും ബലാബലം പരീക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുന്നതോടെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അലങ്കോലമാകാനാണ് സാധ്യത. മുമ്പ് പലതവണ തീയതി പ്രഖ്യാപിച്ചെങ്കിലും സമരത്തിന്റെയും മറ്റ് ചില അസൗകര്യങ്ങളുടെയും പശ്ചാത്തലത്തില്‍ മാറ്റിവച്ചതാണ് 18നു തുടങ്ങുന്നത്.
എന്തൊക്കെ എതിര്‍പ്പുണ്ടായാലും എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി നടത്താനാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനം.
ജനസമ്പര്‍ക്ക പരിപാടി ജനത്തെ കബളിപ്പിക്കാനുള്ളതാണെന്നാണ് സിപിഎം നിലപാട്. ഇത് മുഖ്യമന്ത്രിയുടെ തട്ടിപ്പാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരിബാലകൃഷ്ണന് പറഞ്ഞു. കഴിഞ്ഞ എല്‍ഡിഎഫ് യോഗം സമരത്തിന്റെ അടുത്ത ഘട്ടമായി ക്ലിഫ് ഹൗസ് ഉപരോധമാണു തീരുമാനിച്ചത്. നവംബര്‍ 14 മുതലാണ് ഉപരോധം നടത്താന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തിനു ശേഷമാണ് ജനസമ്പര്‍ക്ക പരിപാടി വീണ്ടും തുടങ്ങാനുള്ള പ്രഖ്യാപനം വന്നത്.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി എല്‍ഡിഎഫ് തടഞ്ഞാല്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്നു കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന് പ്രഖ്യാപിച്ചത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്. എംവിആറിനെ തടഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പോലീസ് വെടിവയ്പ് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു ഉണ്ണിത്താന്റെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: