കാസര്‍കോട്: ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു. ഗുജറാത്തിലേക്കു പോകുകയായിരുന്ന വരാവല്‍ എകസ്പ്രസ് ഇന്നലെ കാഞ്ഞങ്ങാടെത്തിയപ്പോള്‍ നല്കിയ ഉച്ച ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്. ഗുജറാത്ത് സര്‍ക്കാരിന്റെ നഗരവികസന സെമിനാറില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് പുറപ്പെട്ട ബിജെപി സംഘത്തില്‍ പെട്ടവര്‍ക്കാണ് ജീവനുള്ള പുഴുവിനെ ലഭിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ മുന്‍സിപ്പല്‍, കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ മുപ്പതോളം പേരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്, മേഖലാ സെക്രട്ടറി കെ.കെ.സുരേന്ദ്രന് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും കൂടെയുണ്ടായിരുന്നു.
സംഭവം ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാര്‍ അപമര്യാദയായി പെരുമാറി. തുടര്‍ന്ന് കാഞ്ഞങ്ങാട് സ്റ്റേഷനില്‍ വെച്ച് ബഹളമായി. മംഗലാപുരത്ത് നിന്നും റെയില്‍വേ അധികൃതര്‍ പരിശോധിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ടിടിഇ ഉറപ്പ് നല്‍കിയതിനുശേഷമാണ് യാത്ര തുടര്‍ന്നത്. മംഗലാപുരത്ത് റെയില്‍വേ ഡിവിഷണല്‍ മാനേജരും ഭക്ഷ്യ സുരക്ഷാ ഓഫീസറും പാന്‍ട്രികാര്‍ പരിശോധിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരമാണ് യാത്രക്കാര്‍ക്ക് നല്‍കുന്നതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തു.
അടുത്തിടെ മരുസാഗര്‍ എക്സ്പ്രസില്‍ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ചികിത്സ തേടേണ്ടതായി വന്നിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ട്രെയിനുകളില്‍ ഭക്ഷണം പാകം ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: