ന്യൂദല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി ഓസ്ട്രേലിയയില്‍ നിന്നുള്ള ടെറി വാല്‍ഷിനെ നിയമിച്ചു.
ഹോക്കി ഇന്ത്യ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. മൂന്ന് ഒളിംപിക്സുകളില്‍ ഓസീസ് ടീമിനെ പ്രതിനിധീകരിച്ച വാല്‍ഷിന്റെ വരവ് ഇന്ത്യന്‍ ഹോക്കിയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്നു കരുതപ്പെടുന്നു.
തിരക്കിട്ട സീസണാണ് വരാന്‍ പോകുന്നത്. വേള്‍ഡ് ലീഗിന്റെ നാലാം റൗണ്ടില്‍ തുടങ്ങി ചാമ്പ്യ ന്‍സ് ട്രോഫിയോടെ അതവസാനിക്കും.
ലോകകപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ സുപ്രധാന ടൂര്‍ണമെന്റുകളും അതിനിടെ വരും. ഈ സാഹചര്യത്തില്‍ വാല്‍ഷിന്റെ നിയമനം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകം, ഹോക്കി ഇന്ത്യ സെക്രട്ടറി നരീന്ദര്‍ ബത്ര പറഞ്ഞു.
ടീമിനുവേണ്ട തന്ത്രങ്ങളും ലക്ഷ്യബോധവും വാല്‍ഷ് പകര്‍ന്നു നല്‍കും. അദ്ദേഹം പരിചയസമ്പന്നന്‍ മാത്രമല്ല ഭാവനാശാലികൂടിയാണ്. ഒരു പ്രൊഫഷണല്‍ ഹോക്കി ടീമിനെ എങ്ങനെ മികവിലേക്ക്ഉയര്ത്തണമെന്നത് അദ്ദേഹത്തിന് നന്നായറിയാമെന്നും ബത്ര കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ലഭിച്ച അവസരം മഹത്തരമെന്ന് വാല്‍ഷും പ്രതികരിച്ചു. പ്രൗഢഗംഭീരമായ കായിക ചരിത്രവുമായി ഇഴചേര്‍ന്നതാണ് ഇന്ത്യന്‍ ഹോക്കി. അതിനെ ഉന്നതിയിലേക്ക് നയിക്കാന്‍ താരങ്ങളുമായും കോച്ചിങ് സ്റ്റാഫുകളുമായും കഠിനമായി യത്നിക്കും, വാല്‍ഷ് പറഞ്ഞു.
1990 മുതല്‍ പരിശീലക ജോലിയാരംഭിച്ച വാല്‍ഷ് 94വരെ മലേഷ്യന്‍ ടീമിന്റെ മുഖ്യകോച്ചായിരുന്നു. 1997-2000 കാലയളവില്‍ ഓസ്ട്രേലിയന്‍ ടീമിനെ കളി പഠിപ്പിച്ചു. ആ കാലയളവില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും ചാമ്പ്യന്‍സ് ട്രോഫിയിലും ഓസീസ് ടീം കിരീടം ചൂടി. 2000 സിഡ്നി ഒളിംപിക്സിലെ വെങ്കലം മറ്റൊരു നേട്ടം. 2004 ഏതന്‍സ് ഒളിംപിക്സില്‍ ഹോളണ്ടിനെ വെള്ളിയണിയിച്ചതും വാല്‍ഷ് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: