കൊച്ചി: ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിന് പിന്നാലെ ഇയാന്‍ ദേവ് സിംഗ്, രജത് പലിവാല്‍, നിതിന്‍ സെയ്നി എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ കിഴക്കന്‍ മേഖലക്കെതിരായ ദുലീപ് ട്രോഫിയുടെ സെമിഫൈനലില്‍ വടക്കന്‍ മേഖലക്ക് കൂറ്റന്‍ സ്കോര്‍. ഒന്നാം ഇന്നിംഗ്സില്‍ 8 എട്ട് വിക്കറ്റ് നഷ്ടത്തില്‍ 591 റണ്‍സെടുത്ത് കിഴക്കന്‍ മേഖല ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച കിഴക്കന്‍ മേഖല മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തിട്ടുണ്ട്. 13 റണ്‍സോടെ റമീസ് നേമത്തും അഞ്ച് റണ്‍സുമായി സണ്ണി ഗുപ്തയുമാണ് ക്രീസില്‍.
329ന് രണ്ട് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച കിഴക്കന്‍ മേഖലക്ക് സ്കോര്‍ 372-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റ് നഷ്ടമായി. 60 റണ്‍സെടുത്ത മന്ദീപ് സിംഗിനെയാണ് നഷ്ടമായത്. തുടര്‍ന്ന് ക്രീസിലെത്തിയത് പേശി വലിവിനെ തുടര്‍ന്ന് 95 റണ്‍സുമായി റിട്ടയര്‍ ചെയ്ത ഇയാന്‍ ദേവ് സിംഗായിരുന്നു. അധികം വൈകാതെ സിംഗ് സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇയാന്‍ ദേവ് സിംഗും പലിവാലും ചേര്‍ന്ന് സ്കോര്‍ 480 റണ്‍സിലെത്തിച്ചു. 145 റണ്‍സെടുത്ത സിംഗിനെ പുറത്താക്കി സണ്ണി ഗുപ്തയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. പിന്നീട് പലിവാലും (106), സെയ്നി (101)യും മികച്ച പ്രകടനം നടത്തി. ഇടക്ക് പരിക്കേറ്റ് പവലിയനിലേക്ക് മടങ്ങിയ പലിവാല്‍ തിരിച്ചെത്തിയശേഷമാണ് സെഞ്ച്വറി നേടിയത്. കിഴക്കന്‍ മേഖലക്ക് വേണ്ടി സണ്ണി ഗുപ്ത നാലും ഷഹ്ബാസ് നദീം മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച കിഴക്കന്‍ മേഖലക്ക് മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. സ്കോര്‍ ബോര്‍ഡില്‍ 27 റണ്‍സുള്ളപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത പല്ലവ്കുമാര് ദാസിനെ ഹര്ഭജന് സിംഗിന്റെ പന്തില്‍ സെയ്നി സ്റ്റാമ്പ് ചെയ്ത് പുറത്താക്കി.
ചെന്നൈയില്‍ നടക്കുന്ന മറ്റൊരു സെമിയില്‍ മധ്യമേഖലക്കെതിരെ ദക്ഷിണ മേഖല ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. മധ്യമേഖലയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 209 റണ്‍സിനെതിരെ ദക്ഷിണ മേഖല ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 467 റണ്‍സെടുത്തിട്ടുണ്ട്. ഒരു വിക്കറ്റും ഒരു ദിവസം ബാക്കിയിരിക്കെ 258 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ദക്ഷിണ മേഖല സ്വന്തമാക്കി. ദക്ഷിണമേഖലക്ക് വേണ്ടി അഭിനവ് മുകുന്ദ് (111), ബാബാ അപരാജിത് (109), മനീഷ് പാണ്ഡെ (81), സി. ഗൗതം (69) എന്നിവര്‍ മികച്ച പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: