റോം: ഇറ്റലിയെ നടുക്കി വീണ്ടും ബോട്ടപകടം. അപകടത്തില്‍ കുറഞ്ഞത് 200 പേരെയെങ്കിലും കാണാതായിട്ടുണ്ട്. 27 പേര് മരിച്ചതായി സ്ഥിരീകരിച്ചു. ഇരുനൂറിലധികം കുടിയേറ്റക്കാരുമായി ഇറ്റലിയിലേക്കു വരികയായിരുന്ന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. കാണാതായവര്‍ക്കു വേണ്ടി തീര സംരക്ഷണ സേന രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
ഇറ്റലിയുടെ നാവിക ഉദ്യോഗസ്ഥരോടൊപ്പം മാള്ട്ടയില്നിന്നുളള സുരക്ഷാ സംവിധാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. അപകടം നടന്ന് ഉടന്‍ തന്നെ മാള്‍ട്ടയില്‍ നിന്നുള്ള സഹകരണം ലഭ്യമായതാണ് അപകടത്തിന്റെ തോത് കുറയാന്‍ കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
147 പേരെ മാള്‍ട്ടയില്‍ നിന്നുളള പെട്രോള്‍ ബോട്ടും 56 പേരെ ഇറ്റലിയന്‍ നാവികസേനയും രക്ഷിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ മൂന്ന് ചെറിയ കുട്ടികളും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. കടല്‍ മാര്‍ഗമുള്ള യാത്രാ പരിചയം കുറഞ്ഞവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കുറച്ചു പേര് മാത്രമാണ് ലൈഫ് ജാക്കറ്റുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ എവിടെ നിന്നുളള കുടിയേറ്റകാരാണ് അപകടത്തില്‍ പെട്ടതെന്ന് ഇതുവരെ വ്യക്തമാടിട്ടില്ല.
അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്കനുസരിച്ച് സമീപകാലത്ത് ഇറ്റലിയിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് മുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിനു പിന്നാലെയാണ് ഇപ്പോഴുണ്ടായ ദുരന്തം. കഴിഞ്ഞ ആഴ്ച്ച അപകടമുണ്ടായ ലെംപഡൂസ കടല്‍ പ്രദേശത്തുനിന്ന് 120 കിലോമീറ്റര്‍ അകലെയാണ് ഇപ്പോഴുണ്ടായ അപകടം നടന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: