ന്യൂദല്‍ഹി: റെയില്‍വേ യാത്രാ, ചരക്ക് കൂലിയില്‍ രണ്ട് ശതമാനം വര്‍ധന വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഓരോ ആറ് മാസവും ട്രെയിന്‍ യാത്രാ നിരക്ക് വര്ദ്ധിപ്പിണമെന്ന എഫ്.എ.സി യുടെ(ഫ്യൂവല്‍ അഡ്ജസ്റ്റ്മെന്റ് കംപോണന്റ്) നിര്‍ദ്ദേശം പരിഗണിച്ചതാണ് വര്‍ദ്ധനവ്.
ചരക്ക് കൂലിക്ക് മാത്രമായിരുന്നു എഫ്.എ.സി ഏര്‍പ്പെടുത്തിയിരുന്നത്. ഇത് യാത്രാക്കൂലിക്ക് കൂടി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. നിരക്ക് വര്‍ധനവ് അനിവാര്യമായ സാഹചര്യമെന്നാണ് കേന്ദ്രറെയില്‍വെ മന്ത്രി മല്ലികാര്‍ജുന കര്ഗെ അറിയിച്ചത്. സ്ലീപ്പര്‍ ക്ലാസ്, എ.സി. ടിക്കറ്റ് നിരക്കുകള്‍ രണ്ടു ശതമാനം കൂടും. ചരക്കുകൂലിയില്‍ 1.7 ശതമാനം വര്‍ധനയാണ് വരുത്തിയത്.
എല്ലാവിധ ചരക്കുകള്‍ക്കും ഒക്ടോബര്‍ ഒന്നുമുതല്‍ 15 ശതമാനം ‘തിരക്കുകാല’ ലെവി ചുമത്തിയിട്ടുണ്ട്. അതിനുപുറമെയാണ് ഇന്ധന നിരക്ക് ഏകീകരണംവഴിയുള്ള 1.7 ശതമാനം വര്‍ധന വരുത്തുന്നത്. ചരക്കുകളുടെ കാര്യത്തില്‍ ഇത് ഒക്ടോബര്‍ 10-നാണ് നിലവില്‍വരിക.
ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം എഫ്.എ.സി അനുബന്ധ നിരക്ക് പരിഷ്കരണം ഒക്ടോബര്‍ ഒന്നു മുതലാണ് നിലവില്‍വരേണ്ടത്. റെയില്‍വേയ്ക്ക് 1200 കോടി രൂപയുടെ അധിക ബാധ്യതയുണ്ടെന്നും അത് പരിഹരിക്കാന്‍ നിരക്ക് വര്‍ദ്ധനവല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്കിലുണ്ടായ വര്‍ധനവും യാത്രക്കൂലി കൂട്ടാന്‍ കാരണമായി.
നിരക്കു വര്‍ധനയിലൂടെ ഈ സാമ്പത്തികവര്‍ഷം 1250 കോടി രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യം. സ്ലീപ്പര്‍ ക്ലാസിലടക്കം കഴിഞ്ഞ ജനുവരിയിലാണ് റെയില്‍വേ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: