അമൃതപുരി (കൊല്ലം): കേരളത്തിലെ ഗ്രാമങ്ങളുടെ സുസ്ഥിരവികസനത്തിന് അനുയോജ്യം ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗങ്ങള്‍ ബന്ധിപ്പിച്ചുള്ള വികസനമാണെന്ന് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം. മാതാ അമൃതാനന്ദമയിയുടെ 60-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന രാജ്യാന്തര ഉച്ചകോടി-നമ്മുടെ ഗ്രാമങ്ങള്‍, നമ്മുടെ ലോകം; നമുക്കെന്തുചെയ്യാനാകും-ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ കാലാവസ്ഥകളിലും ഉപയോഗിക്കാനാകുംവിധം കേരളത്തിലെ ജലഗതാഗത മാര്‍ഗങ്ങള്‍ വികസിപ്പിച്ചാല്‍ ഗ്രാമപുരോഗതിക്ക് സഹായകമാകും. അത്തരത്തില്‍ സ്മാര്‍ട്ട് ജലപാതാ ശൃംഖലയുടെ ദൗത്യത്തില്‍ അമൃതാ സ്ഥാപനങ്ങള്‍ കൈകോര്‍ക്കണം. നദികളും കനാലുകളും കായലുകളും തടാകങ്ങളും സംയോജിപ്പിച്ചുള്ള ജലഗതാഗത മാര്‍ഗമാണ് സജീവമാക്കേണ്ടത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന പ്രധാന ഗതാഗതമാര്‍ഗം ഉണ്ടാക്കാനും കനാലുകള്‍ വഴി ഈ പ്രധാനപാതയെ മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഈ സംവിധാനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റി അമൃതസ്ഥാപനങ്ങള് പഠനം നടത്തണം. ഊര്‍ജവിനിയോഗത്തിന്റെ കാര്യത്തില്‍ റെയില്വെയെക്കാള് രണ്ടുമടങ്ങും റോഡ് ഗതാഗതത്തെക്കാള് എട്ടുമടങ്ങും ഫലപ്രദമാണ് ജലമാര്‍ഗമുള്ള ചരക്കുഗതാഗതം. റോഡുകളിലെ തിരക്കു കുറയ്ക്കാനും പരിസ്ഥിതി മെച്ചപ്പെടുത്താനും ഇതു സഹായകമാകുമെന്ന് ഡോ. കലാം ചൂണ്ടിക്കാട്ടി.
രാജ്യത്ത് സാമൂഹ്യ-സാമ്പത്തിക ഉന്നമനവും തൊഴില്‍ സാധ്യതകളും ഉറപ്പാക്കി ഗ്രാമീണസമൃദ്ധിക്ക് സമാന്തരമായ രണ്ടു തലങ്ങളിലുള്ള പദ്ധതിയാണ് ആവശ്യം. എല്ലാ സുസ്ഥിര ശാക്തീകരണ ദൗത്യങ്ങളുടെയും നട്ടെല്ലായ, ഗ്രാമങ്ങളില്‍ നഗരങ്ങളുടെ സൗകര്യം ലഭ്യമാക്കുന്ന പുര (പ്രൊവൈഡിംഗ് അര്‍ബന്‍ അമിനിറ്റീസ് ഇന്‍ റൂറല്‍ ഏരിയാസ്) എന്ന പദ്ധതിയാണ് ഇവയില്‍ പ്രധാനപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്പ്രദായത്തിലൂടെ ഗ്രാമങ്ങളെ വികസിപ്പിക്കാനായിരിക്കണം അമൃതാനന്ദമയീ മഠം ദത്തെടുക്കുന്ന രാജ്യത്തെ 101 ഗ്രാമങ്ങളിലും ശ്രമിക്കേണ്ടത്.
ഇന്ത്യയിലെ 70 ശതമാനം ആളുകളും വസിക്കുന്നത് ആറു ലക്ഷം ഗ്രാമങ്ങളിലായാണ്. ദാരിദ്ര്യവും അസമത്വവും ഇല്ലാതാക്കാനുള്ള ശ്രമം ഗ്രാമങ്ങളെയും നഗരങ്ങളെയും കൂട്ടിച്ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, നല്ല വരുമാനം തുടങ്ങിയവപ്രതീക്ഷിച്ച് നഗരങ്ങളിലേക്ക് കുടിയേറുന്ന ഗ്രാമീണര്‍ക്ക് പലപ്പോഴും നിരാശയായിരിക്കും ഫലം. ഇത് നഗരദാരിദ്ര്യം വര്‍ധിപ്പിക്കുകയും സാമൂഹ്യപ്രശ്നങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ഗ്രാമങ്ങളിലെ ആളുകളുടെ യഥാര്‍ഥ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്കുന്ന സുസ്ഥിരമായ ശാക്തീകരണപദ്ധതികള്ക്കാണ് രൂപംകൊടുക്കേണ്ടത്. ഇതാണ് പുര പദ്ധതിയുടെ സത്തയെന്നും ഇന്ത്യയിലെ മധ്യ, പടിഞ്ഞാറന്‍ മേഖലകളില്‍ പദ്ധതി വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്നും ഡോ. കലാം ചൂണ്ടിക്കാട്ടി.
അമൃത സര്‍വ്വകലാശാല മാറ്റത്തിന്റെ രാസത്വരകമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സാങ്കേതിക പുരോഗതി ആവശ്യക്കാരായ ജനങ്ങളിലെത്തിക്കാന്‍ സര്‍വ്വകലാശാല സന്നദ്ധമാണെന്നും വ്യക്തമാണെന്ന് ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥന് പറഞ്ഞു. ദരിദ്രരില്‍ ദരിദ്രര്‍ക്ക് ആവശ്യമായവയിലാണ് അമ്മ ശ്രദ്ധകൊടുക്കുന്നത്. സമൂഹത്തിലെ എല്ലാവര്ക്കും ജയമുണ്ടാകണമെന്നാണ് ആഗ്രഹം. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളുന്ന ഏകീകൃതസ്വഭാവമുള്ള സ്നേഹത്തിന്റെ പ്രതീകമാണ് അമ്മയെന്നും അദ്ദേഹം പറഞ്ഞു.
നൊബേല്‍ പുരസ്കാര ജേതാവ് ഡോ. ലെലന്ഡ് ഹാര്‍ട്ട്വെല്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ നഗരകേന്ദ്രങ്ങള്ക്കൊപ്പം ഗ്രാമങ്ങളും വികസിക്കേണ്ടതുണ്ടെന്ന് മഠം ട്രഷറര്‍ സ്വാമി രാമകൃഷ്ണാനന്ദപുരി ചൂണ്ടിക്കാട്ടി. മഠം ദത്തെടുക്കുന്ന ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളെപ്പറ്റി അമൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. വെങ്കട്ട് രംഗന് വിശദീകരിച്ചു. എക്സിക്യൂട്ടീവ് വൈസ് ചാന്‍സിലര്‍ ഡോ. സുരേഷ് സുബ്രഹ്മണിയും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: