കോഴിക്കോട്: മുഖ്യമന്ത്രിയുടെ പുറത്താക്കിയ മുന്ഗണ്മാന് സലിം രാജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന് വാദം പരിഗണിച്ചാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് വി. ഭാസ്കരന് ജാമ്യഹര്‍ജി തള്ളിയത്. ജാമ്യാപേക്ഷ നിരസിച്ച കോടതി സലിം രാജുള്‍പ്പെട്ട ഏഴംഗ സംഘത്തെ വീണ്ടും റിമാന്റ് ചെയ്തു. സപ്തംബര്‍ 10 നാണ് റോഡില്‍ തടഞ്ഞുനിര്‍ത്തി പണവും സ്വര്‍ണവും കൈക്കലാക്കാന്‍ ശ്രമിക്കുകയും ഭര്‍തൃമതിയായ സ്ത്രീയെയും കൊണ്ട് നാടുവിട്ട കരുനാഗപ്പള്ളി സ്വദേശി പ്രസന്നനെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതിന് സലിം രാജുള്‍പ്പെടെ ഏഴുപേര്‍ കോഴിക്കോട് കരിക്കാംകുളത്ത് പിടിയിലായത്.
റിമാന്റ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സലിം രാജും സംഘവും ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ കേസ് പരിഗണിച്ചിരുന്ന കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) ജഡ്ജ് പി.ടി. പ്രകാശന് സപ്തംബര്‍ 13ന് സലിം രാജുള്‍പ്പെട്ട ഏഴംഗ സംഘത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതികള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുമെന്ന പ്രോസിക്യൂഷന് വാദം ശരി വച്ചാണ് അന്ന് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ നിരസിച്ചത്. കൊല്ലം കരുനാഗപ്പള്ളി ആതിനാട് ‘പ്രണവ’ത്തില്‍ പ്രസന്നനെ(41) കരിക്കാംകുളത്ത് വച്ച് റോഡില്‍ തടഞ്ഞ സലിം രാജിനെയും ഓച്ചിറ വലിയകുളങ്ങര സ്വദേശികളായ വലിയ കുളങ്ങര സജ്നഭവനില് റിജോ(28), ആശാന്റെ അയ്യത്ത് സത്താര്‍ (38), കരുനാഗപ്പള്ളി ആദനാട് പൈങ്ങാക്കുളം മന്‍സില്‍ ഇര്‍ഷാദ് (24), മേമന സ്വദേശികളായ ജുനൈദ് മന്‍സിലില്‍ ജുനൈദ് (30), ഷംനാല്‍ മന്‍സില്‍ ഷംനാദ് (29) പായിക്കുടി മണ്ടത്തെ പുത്തന്റെ വീട്ടില്‍ സിദ്ദീഖ് (37) എന്നിവരെയും നാട്ടുകാര്‍ തടഞ്ഞു വച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു.
ഓച്ചിറ സ്വദേശിനിയായ റഷീദ കരുനാഗപ്പള്ളി സ്വദേശി ഫ്ലോര്‍മില്‍ ജീവനക്കാരന് പ്രസന്നനോടൊപ്പം പോയെന്ന പരാതിയിലെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രസന്നന് സഞ്ചരിച്ച സ്വിഫ്റ്റ് കാറിനെ ഇന്നോവകാറിലെത്തിയ സലിം രാജും കൂട്ടരും കോഴിക്കോട്ട് കണ്ടെത്തിയതും റോഡില്‍ തടഞ്ഞതും. അപായപ്പെടുത്താനായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനും വധഭീഷണിമുഴക്കിയതിനും ഐപിസി 364 ാം വകുപ്പ് പ്രകാരം സലിമിനും സംഘത്തിനുമെതിരെ ചേവായൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആലിക്കോയ കെ. കടലുണ്ടി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: