തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വ്യവസ്ഥ എടുത്തു മാറ്റണമെന്ന മുസ്ലീംസംഘടനകളുടെ ആവശ്യത്തിന് പിന്നില്‍ മുസ്ലീംലീഗാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ഇതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സാമുദായിക ധ്രൂവീകരണത്തിനാണ് ലീഗ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വിവാഹപ്രായം സംബന്ധിച്ച വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ലീഗ് ശ്രമിക്കുന്നത്. ഇതിനായി മതപണ്ഡിതരെയും പുരോഹിതരെയും ലീഗ് തെരുവില്‍ ഇറക്കുകയാണ്. മുസ്ലീംലീഗിന്റെ ഈ ഗൂഢലക്ഷ്യം സമുദായങ്ങള്‍ തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു.
മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അട്ടിമറിക്കുന്നതിനാണ് ലീഗിന്റെ ഇപ്പോഴത്തെ ശ്രമം. ലീഗിന്റെ ഈ നിലപാട് സഹായമാകുന്നത് ആര്.എസ്.എസിനെ പോലുള്ള സംഘടനകള്‍ക്കാണെന്നും പിണറായി പറഞ്ഞു. മുസ്ലീം ലീഗിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തി. വിവാഹപ്രായ വിവാദമുയര്‍ത്തുന്ന മതസംഘടനകള്ക്കുപിന്നില് മുസ്ലീം ലീഗാണെന്ന് വി എസ് പറഞ്ഞു.
വിവാഹപ്രായം കുറക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നാല്‍ കാടത്തമാണെന്നും വി എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: