തിരുവനന്തപുരം: വൈവിധ്യമുള്ള വേഷങ്ങളിലൂടെ കഴിഞ്ഞ 51 വര്‍ഷങ്ങളായി മലയാള സിനിമയിലെ ഭാവാഭിനയ ചക്രവര്‍ത്തിയായി നിറഞ്ഞുനില്ക്കുന്ന നടന് മധുവിന് ഇന്ന് എണ്പതു വയസ്. 1933 സെപ്തംബര്‍ 23നാണ് തിരുവനന്തപുരം മേയറായിരുന്ന ആര്.പരമേശ്വരന്‍പിള്ളയുടെയും തങ്കമ്മയുടെയും മകനായി ആര്.മാധവന്‍നായരെന്ന മധു ജനിച്ചത്. കന്നിമാസത്തിലെ ചോതി നക്ഷത്രത്തിലാണ് ജനനം. പിറന്നാള്‍ ആഘോഷിക്കുന്ന പതിവില്ലാത്തതിനാല്‍ ഈ പിറന്നാളും തന്നില്‍ യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ 79 പിറന്നാളുകളും ആഘോഷമില്ലാതെയാണ് കടന്നുപോയത്. ഇതും അങ്ങനെ തന്നെ പോകും. കന്നിമാസത്തിലെ ചോതി നക്ഷത്രം ഒക്ടോബര്‍ ഏഴിനാണ്. അന്ന് പറ്റിയാല്‍ ഗൗരീശപട്ടം ക്ഷേത്രത്തില്‍ പോകണം. നക്ഷത്രമനുസരിച്ചുള്ള പിറന്നാള്‍ ദിനത്തില്‍ ആ പതിവുമാത്രമാണുള്ളത്.
ഇത്തവണ പിറന്നാള്‍ ദിനത്തില്‍ മധു ചെന്നൈയിലാണ്. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മലയാളത്തെ പ്രതിനിധീകരിച്ചെത്തിയതാണ് അദ്ദേഹം. അഭിനയത്തിന്റെ അന്പതാംവര്ഷവും കടന്ന് മധുവിലെ പ്രതിഭ മുന്നേറുകയാണ്. ഇപ്പോഴും സജീവമായി തന്നെ. 1962ല്‍ എന്‍.എന്‍.പിഷാരോടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്പാടുകള് എന്ന ചിത്രത്തിലാണ് മധു ആദ്യം അഭിനയിക്കുന്നത്. നാഗര്‍കോവിലില്‍ കോളേജ് അധ്യാപകനായിരുന്ന അദ്ദേഹം നാടകത്തോടുള്ള കമ്പം കയറിയാണ് ദല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേരുന്നത്. ദല്‍ഹിയിലെ പഠനകാലത്ത് നാടകങ്ങളിലൂടെ അദ്ദേഹം പ്രശസ്തനായി. ജി.ശങ്കരപ്പിള്ളയുടെ മെഴുകുതിരി, പൊന്‍കുന്നം വര്‍ക്കിയുടെ വിശറിക്ക് കാറ്റുവേണ്ട എന്നീ നാടകങ്ങള്‍ മധുവിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടു. നാടകങ്ങള്‍ കാണാനിടയായ രാമുകാര്യാട്ടുമായുള്ള പരിചയമാണ് സിനിമാഭിനയത്തിലേക്ക് വഴിതുറന്നത്. രാമുകാര്യാട്ടിന്റെ മൂടുപടത്തിലഭിനയിക്കാനാണ് ചെന്നൈയിലെത്തിയത്. അവിടെ വച്ചാണ് നിര്‍മ്മാതാവ് ശോഭനാപരമേശ്വരന്‍നായര്‍ നിണമണിഞ്ഞ കാല്പാടുകളിലേക്ക് വിളിക്കുന്നത്. അങ്ങനെ അത് മധുവിന്റെ ആദ്യ ചിത്രമായി. പിന്നീടിങ്ങോട്ട് രഞ്ജിത്തിന്റെ സ്പിരിറ്റ് വരെയുള്ള സിനിമകളില്‍ അഭിനയിച്ച് മധു മലയാള സിനിമയുടെ ചരിത്രമായി. ശോഭനാപരമേശ്വരന്നായരും പി.ഭാസ്കരനും ചേര്‍ന്നാണ് മാധവന്‍നായരെ മധുവാക്കിയത്. സിനിമയ്ക്ക് ഇത്ര വലിയപേര് വേണ്ടെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.
മലയാളി ഗൃഹാതുരതയോടെ എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളിലെ പ്രധാനപ്പെട്ട വേഷങ്ങളില്‍ മധുവുണ്ട്. ചെമ്മീനിലെ പരീക്കുട്ടിയും ഭാര്‍ഗ്ഗവീ നിലയത്തിലെ നോവലിസ്റ്റും ഓളവും തീരത്തിലെ ബാപ്പൂട്ടിയും സ്വയംവരത്തിലെ വിശ്വനും യുദ്ധകാണ്ഡത്തിലെ പ്രസാദും തീക്കനലിലെ വിനോദും?ഇതാ ഒരു മനുഷ്യനിലെ മധുസൂദനനും വെള്ളത്തിലെ മാത്തുണ്ണിയും ഹൃദയം ഒരു ക്ഷേത്രത്തിലെ ഡോ. രമേഷും ഇതാ ഇവിടെ വരെയിലെ പെയിലിയും….. മധുവിലൂടെ മലയാളിയുടെ മനസ്സില്‍ പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളുടെ പട്ടിക നീളുകയാണ്. ഏറ്റവും ഒടുവില്‍ സ്പിരിറ്റിലെ ക്യാപ്റ്റണ് നമ്പ്യാരുടെ വേഷവും.
ആറ് അന്യഭാഷാ ചിത്രങ്ങളില്‍ മധു അഭിനയിച്ചു. മൂന്ന് ഹിന്ദി ചിത്രങ്ങളും മൂന്ന് തമിഴ് ചിത്രങ്ങളും. അമിതാബ് ബച്ചന്റെ ആദ്യ സിനിമയായ സാത് ഹിന്ദുസ്ഥാനിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മധുവായിരുന്നു. അഭിനേതാവെന്ന നിലയില്‍ തിരക്കും പ്രശസ്തിയും ഉള്ള കാലത്തു തന്നെ മധു സംവിധായകനുമായി. പ്രിയ ആയിരുന്നു ആദ്യ ചിത്രം. സി.രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രിയ എടുത്തത്. ചിത്രത്തില്‍ നെഗേറ്റെവ് ഇമേജുള്ള ഗോപന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മധു തന്റെ ഇമേജ് മാറ്റിമറിക്കുകയും ചെയ്തു. 1970ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ഈ സിനിമയ്ക്കായിരുന്നു. യൂസഫലി കേച്ചേരി തിരക്കഥയെഴുതി നിര്‍മ്മിച്ച സിന്ദൂരച്ചെപ്പാണ് മധുവിന്റെ രണ്ടാമത്തെ സംവിധാന സംരംഭം. 1971 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം ഈ സിനിമ കരസ്ഥമാക്കി. 12 ചിത്രങ്ങള്‍ മധു സംവിധാനം ചെയ്തു. മിക്കതും പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളായിരുന്നു. 22 സിനിമകള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തു. മലയാള സിനിമ ചെന്നൈയിലെ സ്റ്റുഡിയോകളെ ആശ്രയിച്ചിരുന്ന കാലത്താണ് മധു തിരുവനന്തപുരത്ത് ഉമ സ്റ്റുഡിയോ തുടങ്ങുന്നത്. പിന്നീട് ഇത് വിറ്റെങ്കിലും മലയാള സിനിമയുടെ ചരിത്രം പറയുമ്പോള്‍ ഉമ സ്റ്റുഡിയോയ്ക്കും സ്ഥാനമുണ്ട്. എഴുപതു വയസ്സ് ആയുസ്സാണ് ജാതകമെഴുതിയ ജ്യോത്സ്യന് മധുവിന് നല്‍കിയത്. ജ്യോത്സ്യന്റെ ഭാഷയില്‍ ശേഷം ചിന്ത്യം. എന്നാല്‍ എഴുപതും കടന്ന് എണ്‍പതാം വയസ്സിലും മധു സജീവമാണ്. സിനിമകളിലും സീരിയലുകളിലും ഒരുപോലെ.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: