തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധി രൂക്ഷമായതോടെ കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഇന്നുമുതല്‍ നിരത്തില്‍നിന്ന് പിന്‍ലിക്കും. സ്വകാര്യപമ്പുകളില്‍നിന്ന് ഡീസല്‍ നിറയ്ക്കുന്നതിനുള്ള അനുമതി ഇതുവരെയും ഡിപ്പോകള്‍ക്ക് നല്‍കിയിട്ടില്ല. ഡീസല്‍ നിറയ്ക്കുന്നതിനെച്ചൊല്ലി കെഎസ്ആര്‍ടിസിയില്‍ ആശയക്കുഴപ്പം ഉടലെടുത്തതാണ് കാരണം.
നിലവില്‍ ഡിപ്പോകളില്‍ ഡീസലിന്റെ സ്റ്റോക്ക് തീരാറായത് വരുംദിവസങ്ങളില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കും. സംസ്ഥാനത്തുടനീളമുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ കഴിഞ്ഞ രണ്ടുദിവസമായി ഡീസലെത്തുന്നില്ല. അതുകൊണ്ടുതന്നെ ഡിപ്പോകളിലെ ഡീസലിന്റെ സ്റ്റോക്ക് പല സ്ഥലങ്ങളിലും തീരാറായി. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. ഡീസലിന്റെ ക്ഷാമംമൂലം 2,500 ലധികം ബസ്സുകള്‍ റദ്ദാക്കേണ്ടിവരുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍. ചര്‍ച്ചകളുടെയും സാങ്കേതികപ്രശ്നങ്ങളുടെയും പേരില്‍ കെഎസ്ആര്‍ടിസിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്കാന് മടിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
സ്വകാര്യപമ്പുകളില്‍നിന്ന് ഡീസലടിക്കാനുള്ള തീരുമാനം നടപ്പാക്കിയാല്‍ 500 ഡ്രൈവര്‍മാരെ അധികം നിയോഗിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. പമ്പുകളില്‍ പണം നല്‍കേണ്ടതെങ്ങനെയെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. കെഎസ്ആര്‍ടിസിയുടെ കടുത്ത ഇന്ധനക്ഷാമത്തിന് ഒറ്റമൂലിയെന്ന നിലയിലാണ് സ്വകാര്യപമ്പുകളില്‍നിന്ന് ഡീസലടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്. പകല്‍സമയം സ്വകാര്യപമ്പില്ക്കയറി ഡീസലടിക്കുന്നത് പ്രായോഗികമല്ല. സര്‍വീസ് കഴിഞ്ഞെത്തുന്ന ബസ്സുകളില്‍ രാത്രി ഡീസല്‍ നിറയ്ക്കണമെങ്കില്‍ 500 ഡ്രൈവര്‍മാര്‍ അധികം വേണം. മേല്‍നോട്ടത്തിന് 600 സൂപ്പര്‍വൈസര്‍മാര്‍ വേറെയും. സാധാരണ രാത്രികാലങ്ങളില്‍ നടക്കുന്ന അറ്റകുറ്റപ്പണി മുടങ്ങുകയും ചെയ്യും. ഇതിനെല്ലാം പരിഹാരമായാലും സ്വകാര്യപമ്പില്‍ പണം നല്‍കുന്നതെങ്ങനെയെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
സാമ്പത്തിക ഇടപാടുകള്‍ എല്ലാം ബാങ്ക് വഴി നടത്തുന്ന കെഎസ്ആര്‍ടിസി പമ്പുടമകള്‍ക്ക് എങ്ങനെ പണം നല്‍കുമെന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വെള്ളിയാഴ്ച നടന്ന മന്ത്രിസഭായോഗം അടിന്തരസഹായമെന്ന നിലയില്‍ അനുവദിച്ച പത്തുകോടി രൂപയും ഇതുവരെ കോര്‍പ്പറേഷന്റെ കൈയിലെത്തിയിട്ടില്ല. കൂടിയ വിലയ്ക്ക് ഐഒസിയില്‍നിന്ന് ഡീസല്‍ വാങ്ങുമ്പോള്‍ പ്രതിദിനനഷ്ടം 90 ലക്ഷം രൂപയാണ്. കഴിഞ്ഞ അഞ്ചുദിവസമായി അധികവില നല്‍കിയാണ് കെഎസ്ആര്‍ടിസി ഡീസല്‍ നിറയ്ക്കുന്നത്. ആറുകോടിയിലധികം രൂപയാണ് ഇത്തരത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് ചെലവായത്. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുകോടി ലഭിച്ചാലും അതിന്റെ ഗുണം കെഎസ്ആര്ടിസിയ്ക്കുണ്ടാവില്ല. ഡീസല്‍ക്ഷാമം രൂക്ഷമാവുകയും ബസ്സുകള്‍ റദ്ദാക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്താല്‍ ലോക്കല്‍ ബസ്സുകളെയും അന്തര്‍സംസ്ഥാന ബസ്സുകളെയും പ്രശ്നം ബാധിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: