തിരുവനന്തപുരം: വിവാഹപ്രായം സംബന്ധിച്ച പ്രായപരിധി എടുത്തുമാറ്റുന്നതിന് വേണ്ടി സുപ്രീംകോടതിയെ സമീപിക്കാനുള്ള മുസ്ലീം സംഘടനകളുടെ തീരുമാനം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എ ഹസന്. വിശ്വാസപരമായും നിയമപരമായും പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്നത് തെറ്റാണെന്നും ഹസന് പറഞ്ഞു.
വിവാഹപ്രായം സംബന്ധിച്ച പ്രായപരിധി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ബാധകമാക്കരുതെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ മുസ്ലിം സംഘടനകള്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 18 വയസ്സ് എന്ന പ്രായപരിധി എടുത്തുകളയണമെന്നാണ് ഇവരുടെ ആവശ്യം. മുസ്ലിംലീഗും സമസ്തയും ഉള്‍പ്പെടുന്ന പത്ത് സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനമുണ്ടായത്.എന്നാല്‍ തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് മുസ്ലിം സമുദായത്തില്‍ നിന്ന് ഉള്‍പ്പെടെ ഉണ്ടായത്.
സമുദായത്തെ പിന്നോട്ടടിക്കുന്നതിനു തുല്യമാണ് ഇത്തരം നടപടികള്‍ എന്ന് എംഎസ്എഫ് ആരോപിച്ചു. പ്രായപരിധി കുറയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിവാഹപ്രായം തീരുമാനിക്കേണ്ടത് പെണ്‍കുട്ടികളാണെന്നും എംഎസ്എഫിന്റെ വനിതാ വിഭാഗവും ചൂണ്ടിക്കാട്ടി.
അതേസമയം പ്രശ്നത്തില്‍ ഇടപെടാന്‍ മുസ്ലിം ലീഗ് തയ്യാറായിരുന്നില്ല. മതപരമായ കാര്യമാണെന്നും ലീഗ് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നുമായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: