മുതുകുളം: പ്രണയ വിരഹ സന്ദേശത്തിന് 120 വയസ്. തടവിലാക്കപ്പെട്ട പതിയുടെ വിരഹദുഖം കവിതയിലാവാഹിച്ചപ്പോള് മലയാളത്തിലെ ആദ്യത്തെ പ്രണയ വിരഹസന്ദേശം പിറന്നു. 120 വര്‍ഷങ്ങള്‍ക്കു മുന്‍പ് മയൂര സന്ദേശം ഹരിപ്പാടിനു സ്വന്തമായി. ആയില്യം തിരുനാളിന്റെ രോഷത്തിനിരയായി പ്രിയ പത്നിയില്‍ നിന്നും വേര്‍പെട്ട് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തില്‍ ദീര്‍ഘകാലം താമസിക്കേണ്ടിവന്ന കേരള വര്‍മ വലിയ കോയി തമ്പുരാന്റെ വിരഹമാനസം മയൂരസന്ദേശം രചിക്കപ്പെട്ടത് 1894ലാണ്.
ഒരു ദിവസം ഒരു ശ്ലോകം എന്ന കണക്കില്‍ രചിച്ച കാവ്യത്തിന്റെ ആദ്യപ്രതി അച്ചടിച്ച് പുറത്ത് വന്നത് 1894 ഡിസംബര്‍ ആദ്യവാരത്തിലാണ്. മംഗലാപുരത്തെ ബാഷല്‍ മിഷം സംഘം പ്രസില്‍ അച്ചടിച്ചിറക്കിയ മയൂര സന്ദേശത്തിന്റെ ആദ്യ പ്രതി കിഴക്കേമഠത്തില്‍ ഗേവിന്ദന്നായരുടെ ഗ്രന്ഥപ്പുരയില്‍ നിന്നും കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛന് കേരള വര്‍മ വലിയ കോയിതമ്പുരാന് കയ്യൊപ്പോടെ സമ്മാനിച്ച പുസ്തകം ഇന്നും മങ്ങലേറ്റിട്ടില്ല. സ്വര്‍ണ വര്‍ണ ലിപികള്‍ അലേഖനം ചെയ്ത നിലച്ചട്ടയിട്ട ആദ്യകോപ്പിയില്‍ കല്ലച്ചില്‍ തീര്‍ത്ത അക്ഷരങ്ങള്‍. ഒ.ചന്തുമേനോനാണ് കാവ്യത്തിന് പീഠിക എഴുതിയിട്ടുള്ളത്.
1894 നവംബര്‍ 20ന് രണ്ടുപേജുള്ള പീഠികയില്‍ ഏറെയും ബാസല്‍ മിഷന്‍കാരുടെ മലയാള ഭാഷാ പ്രേമത്തെ പുകഴ്ത്തിയാണ്. പിന്നെ പുസ്തകത്തിന്റെ കെട്ടുംമട്ടും വര്ണിക്കലും. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ തടവറയില്‍ കിടന്ന് മയില്വശം തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തെ തേവാരത്തുകോയിക്കലില് പാര്‍ക്കുന്ന പ്രിയ പത്നിക്ക് പ്രണയദൂത് പകരുന്ന മട്ടില്‍ തീര്‍ത്തിരിക്കുന്ന മയൂര സന്ദേശത്തിന്റെ രചനാകാലത്തെ കുറിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഹരിപ്പാട് കൊട്ടാരത്തിലെ തടവറയിലാണ് കാവ്യം എഴുതിയതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ തടവറയില്‍ നിന്ന് പുറത്തുവന്നതിനുശേഷം തിരുവനന്തപുരത്തുവച്ചാണ് തമ്പുരാന് സന്ദേശം തീര്‍ത്തതെന്ന് മറ്റൊരു വിഭാഗം പറയുന്നു.
ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിനു സമീപത്തുകൂടെ ഒഴുകുന്ന പായിപ്പാട്-കായംകുളം തോട്ടിലൂടെ വള്ളത്തില്‍ യാത്ര ചെയ്യുന്ന മയിലാണ് കഥയിലെ സന്ദേശ വാഹകന്. തോടിന്റെയും അത് ഒഴുകുന്ന സ്ഥലത്തിന്റെ പ്രകൃതി രമണീയതയും കവിയുടെ ഭാവനയിലൂടെ ഒഴുകി പരന്നിട്ടുണ്ട് കാവ്യത്തില്‍. മയില്‍ ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെയാണ്. ഇന്നും ക്ഷേത്രത്തില്‍ മയിലുകള്‍ വിഹരിക്കുന്നു. തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് തേവാരത്ത് കോയിക്കലില്‍ ആയിരുന്ന കേരളവര്‍മയുടെ കുടുംബത്തിന്റെയും അവാസമെന്ന് പഴമക്കാര്‍ പറയുന്നു.
ആയില്യം തിരുനാളിനെതിരെ രഹസ്യമായി ഉണ്ടായ നീക്കങ്ങളില്‍ കേരള വര്‍മയും ഉള്‍പ്പെട്ടിരുന്നു എന്ന കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ ബന്ധനസ്ഥനാക്കുന്നത്. 1050 കര്‍ക്കിടകം 21ന് കേരള വര്‍മ്മയെ ആയില്യം തിരുനാളിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് കമ്മീഷണര്‍ ത്രിവിക്രമന്‍ തമ്പി അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് തേവരത്തു കോയിക്കലില്‍ നിന്നാണ്. ആയില്യം തിരുനാളിന്റെ നാടുനീങ്ങലിനു ശേഷം വിശാഖം തിരുനാള്‍ ഭരണമേറ്റെടുത്തപ്പോള്‍ ആദ്യം ചെയ്തത് കേരള വര്‍മയുടെ ശിക്ഷ റദ്ദാക്കുകയായിരുന്നു.
ഗണേശന് മുതുകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: