മഴയിലും തളരാത്ത ഉത്സവാവേശവുമായി നഗരം ഓണത്തിരക്കിലേക്ക്. തിരക്കുതുടങ്ങിയതോടെ വഴിയോരക്കച്ചവടക്കാരും ഉഷാറായി. കനത്തമഴയും വിലക്കയറ്റവും ഓണവിപണിക്ക് തിരിച്ചടിയാകുമെന്നു പ്രതീക്ഷിച്ചെങ്കിലും തലസ്ഥാനനഗരത്തില്‍ ഓണത്തിരക്കിന് കുറവില്ല. നിര്‍ത്താതെ പെയ്യുന്ന മഴ വഴിയോരക്കച്ചവടക്കാരെ ഏറ്റവും ദുരിതത്തിലാക്കിയിരിക്കുകയാണ്. എങ്കിലും മഴയെ വകവയ്ക്കാതെ എത്തിയ അന്യസംസ്ഥാനക്കാരാണ് വഴിയോരക്കച്ചവടക്കാരില്‍ ഏറെയും. കിഴക്കേകോട്ട ,പഴവങ്ങാടി, കോട്ടയ്ക്കകം, ചാല എന്നിവിടങ്ങളാണ് ഇവരുടെ കേന്ദ്രം. 60 രൂപ മുതല്‍ 100 രൂപവരെയുള്ള ചെരുപ്പുകളുമായി തമിഴ്നാട്ടില്‍നിന്നെത്തിയ കുടുംബത്തിന് കേരളത്തിലെ ഓണവിപണി സമ്മാനിക്കുന്നത് മോശമല്ലാത്ത ലാഭം. ഇരുപത് വര്‍ഷമായി ഓണക്കാലത്ത് വഴിയോര തുണിക്കച്ചവടം നടത്തുന്ന മുരുകന് അണ്ണാച്ചിക്കും പറയാന്‍ ലാഭത്തിന്റെ കണക്കുകള്‍ മാത്രം. കുറഞ്ഞവിലയ്ക്ക് നല്ല തുണിത്തരങ്ങള്‍ തിരഞ്ഞെടുക്കാന്‍ മലയാളികള്‍ക്ക് നല്ല സാമര്‍ത്ഥ്യമുണ്ടെന്ന് സമ്മതിക്കുന്നു ഈ അണ്ണാച്ചി.
ഓണക്കാലത്ത് ചിലപ്പോള്‍ മഴവരും പോകും. ഇതൊന്നും കച്ചവടക്കാരും വാങ്ങാന്‍ വരുന്നവരും ഗൗനിക്കാറില്ല. നല്ല ഡിസൈനില്‍ ഞൊറിവുകളോടെ തുന്നിയെടുത്ത കുട്ടികളുടെ ഉടുപ്പുകള്‍ക്ക് 100 രൂപമുതല്‍ 150 രൂപവരെയാണ് വില. തുണിക്കടകളില്‍ 500 രൂപയ്ക്ക് മുകളില്‍ വില്‍ക്കുന്ന റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഗുണനിലവാരമുള്ളവയാണ് ഈ ഡ്രസ്സുകളെന്ന് സാക്ഷ്യപ്പെടുത്താനും ഇവര്‍ക്ക് മടിയില്ല. ഒരു ഷര്‍ട്ടിന് 100 രൂപ, ഒരു ജീന്‍സിന് 100 രൂപ എന്നുവിളിച്ചുപറയുമ്പോള് ആവശ്യക്കാര്‍ അങ്ങോട്ടുപോകുന്നതില്‍ ഒട്ടും അതിശയമില്ല. തുണിക്കടകളിലെ ജീന്‍സിന്റെയും വഴിയോരക്കച്ചവടക്കാര്‍ വില്‍ക്കുന്ന ജീന്‍സിന്റെയും ഗുണനിലവാരത്തിലെ വ്യത്യാസം തിരിച്ചറിയാന്‍ പ്രയാസമാണെന്ന് വാങ്ങിയവര്‍ പറയുന്നു. ആയിരം രൂപയുമായി നഗരത്തിലെ വഴിയോരകച്ചവടക്കാരെ സമീപിച്ച് ഒരു അഞ്ചംഗകുടുംബത്തിലെ അംഗങ്ങള്ക്കാവശ്യമുള്ള ഓണക്കോടികള്‍ വാങ്ങിപ്പോകാം. തുണിക്കടയില്‍ കയറിയാല്‍ ഇത്രയും ഓണക്കോടിക്ക് 5000 രൂപയെങ്കിലും നല്കണമത്രെ. പോക്കറ്റുകീറാതെ ഓണം ആഘോഷിക്കാന്‍ ഈ വഴിയോരക്കച്ചവടക്കാര്‍ തന്നെ ശരണം.
നഗരത്തില്‍ നടക്കുന്ന ഐആര്‍ഡിപി മേളയില്‍ കുടുംബശ്രീ സ്വയം തൊഴില്‍ സംരംഭകരുടെ ഉത്പന്നങ്ങള്ക്ക്്് വന്‍ ഡിമാന്‍ഡാണ്. അത്തം കഴിഞ്ഞാല്‍ നാടും നഗരവും ഉണരുന്നത് വീടിനു പുറത്തും സ്ഥാപനങ്ങളിലും പൊതുസദസുകളിലും ഓണസദ്യ ഒരുക്കിയാണ്. വിവിധ സ്ഥാപനങ്ങളുടെ ഓണാഘോഷം നഗരങ്ങളുടെ മാത്രം പ്രത്യേകതയാണ്. പൂരാടവും ഉത്രാടവും തിരുവോണവും പോലീസ് സ്റ്റേഷനുകളിലും വിദ്യാലയങ്ങളിലും അംഗനവാടികളിലും ആശുപതികളിലും എന്തിന് ഓട്ടോ ടാക്സി സ്റ്റാന്‍ഡുകളില്‍ വരെ സദ്യ ഒരുക്കി ഒരുമിച്ചുണ്ട് ആഘോഷിക്കുന്നു. ചിലര്‍ സദ്യവട്ടത്തിന് കാറ്ററിംഗ് സര്‍വീസുകാരെ ആശ്രയിക്കുമ്പോള്‍ ചിലരാകട്ടെ വീടുകളില്‍നിന്ന് ഓരോ വിഭവങ്ങളും തയ്യാറാക്കി എത്തുന്നു. അങ്ങനെ കൂട്ടായ്മയുടെ സന്ദേശമാകുകയാണ് ഓരോ ഓണവും. മഴ നല്കുന്ന മുന്നറിയിപ്പ് വകവയ്ക്കാതെ ഇക്കൊല്ലവും പതിവുപോലെ മലയാളികള്‍ വീണ്ടും സമത്വത്തിന്റെയും സ്നേഹത്തിന്റെയും നന്മയുടെയും ഓണാഘോഷത്തിലേക്ക് കടന്നുകഴിഞ്ഞു.
ഷീനാ സതീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: