ന്യൂദല്‍ഹി: മാലെ ദ്വീപിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് വ്യക്തമായ വിജയം നേടി. 45 ശതമാനം വോട്ട് നേടിയാണ് നഷീദ് ആദ്യ റൗണ്ടില്‍ വിജയിച്ചതെങ്കിലും ആദ്യ രണ്ട് സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യക്തമായ ഭൂരിപക്ഷം നേടാനായിട്ടില്ല.
രാത്രി മുഴുവന്‍ നീണ്ട വോട്ടെണ്ണലിനെ തുടര്‍ന്ന് ഞായറാഴ്ച അതിരാവിലെയാണ് മാലെയിലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഫലം പ്രഖ്യാപിച്ചത്. ആദ്യ റൗണ്ടില്‍ 95,224 വോട്ട് നേടി നഷീദ് വ്യക്തമായ വിജയം നേടിയെന്നാണ് കമ്മീഷന് പുറത്തുവിട്ടത്. മുന്‍ പ്രസിഡന്റ് അബ്ദുള്‍ ഗയൂമിന്റെ സഹോദരന് അബ്ദുള്ള യമീന്. ഖാസിം ഇബ്രാഹിം, ഇപ്പോള്‍ സ്ഥാനത്ത് തുടരുന്ന വാഹീദ് ഹസ്സന് എന്നിവരെ പിന്തള്ളിയാണ് അദ്ദേഹം മുന്നിലെത്തിയത്. ഇവര്‍ യഥാക്രമം 53,099 (25.35 ശതമാനം), 50,422 (24.07 ശതമാനം), 10,750 (5.13 ശതമാനം) വോട്ട് നേടി. ഏതാണ്ട് 88 ശതമാനത്തില്‍ അധികം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
ഇത് പ്രാഥമിക ഫലമാണ്. വിവിധ ദ്വീപുകളിലെ ബാലറ്റ് പേപ്പറുകള്‍ രണ്ടുദിവസത്തിനകം തങ്ങള്‍ക്ക് ലഭിക്കും. തിരുത്തലുകള്‍ വേണമെങ്കില്‍ സപ്തംബര്‍ 14നകം വരുത്തും. അതിന് ശേഷം മാത്രമേ അവസാന ഫലം പ്രഖ്യാപിക്കൂ. എന്നാല്‍ ഈ തിരുത്തലുകള്‍ തെരഞ്ഞെടുപ്പ്ഫലത്തില് വലിയ സ്വാധീനം ചെലുത്തുമെന്ന് തോന്നുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിഡന്റ് ഫുവദ് തൗഫീക് പറഞ്ഞു.
രാജ്യത്തെ നിയമമനുസരിച്ച് ഏതെങ്കിലുമൊരു സ്ഥാനാര്‍ഥിക്ക് 50 ശതമാനത്തിലധികം വോട്ട് നേടാനായില്ലെങ്കില്‍ ആദ്യമെത്തുന്ന രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മില്‍ ബലം പരീക്ഷിക്കേണ്ടി വരും. അവസാനഫലത്തില് വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ നഷീദ് സപ്തംബര്‍ 28ന് അബ്ദുള്ള യമീനുമായി മത്സരിക്കും. ചില വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും ബാലറ്റ് വീണ്ടും എണ്ണാമെന്ന് തീരുമാനിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഏതെങ്കിലുമൊരു കക്ഷി കോടതിയെ സമീപിച്ച് വിധി സമ്പാദിച്ചാല്‍ എല്ലാ പാര്‍ട്ടിക്കാരുടെയും പ്രതിനിധികളുടെ മുന്നില്‍ വച്ച് വീണ്ടും തുറന്ന് എണ്ണുമെന്നും തൗഫീക് പറഞ്ഞു.
രണ്ടാം റൗണ്ടില്‍ ഏറ്റുമുട്ടുമെന്ന് ഏതാണ്ട് ഉറപ്പായ നഷീദ്, യമീന് എന്നീ രണ്ട് സ്ഥാനാര്‍ഥികളുമായും തെരഞ്ഞെടുപ്പിന് വളരെ മുമ്പേ ഇന്ത്യക്ക് ബന്ധമുണ്ട്. ഇരുനേതാക്കളും അടുത്തകാലത്ത് ദല്‍ഹിയിലെത്തി പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെ സന്ദര്‍ശിച്ച പിന്തുണ തേടിയിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. യമീന്റെ സഹോദരനും മുന്‍ പ്രസിഡന്റുമായ അബ്ദുള്‍ ഗയൂമും ജൂണില്‍ ദല്‍ഹി സന്ദര്‍ശിച്ചിരുന്നു.
മാലിയുമായി പുരാതന കാലം മുതല്‍ക്കെ സഹകരിച്ചു വരുന്ന ഇന്ത്യ, മാലിയില്‍ പിച്ചവയ്ക്കുന്ന ബഹുകക്ഷി ജനാധിപത്യത്തിന് ആഴത്തില്‍ വേരു പിടിക്കാന്‍ സമയം നല്‍കണമെന്ന് അവര്‍ പറഞ്ഞു. പ്രസിഡന്റ് ഡോ. മുഹമ്മദ് വാഹീദ്, നഷീദ്, പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലിദ്വീപിന്റെ സ്ഥാനാര്‍ഥി യമീന്, ജുംഹോരീ പാര്‍ട്ടി സ്ഥാനാര്‍ഥിയും കുത്തകഭീമനുമായ ഖാസിം ഇബ്രാഹിം എന്നിങ്ങനെ നാല് സ്ഥാനാര്‍ഥികളാണ് ഉള്ളത്.
2,229 പ്രാദേശിക നിരീക്ഷകര്‍, 102 രാജ്യാന്തര നിരീക്ഷകര്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ 1,343 പ്രതിനിധികള്‍ എന്നിവരെക്കൂടാതെ 1,642 പ്രാദേശിക മാധ്യമപ്രവര്‍ത്തകരും 225 രാജ്യാന്തര മാധ്യമപ്രവര്‍ത്തകരും ഈ ബഹുകക്ഷി ജനാധിപത്യത്തിന് നേര്‍ക്ക് സൂക്ഷ്മമായ ദൃഷ്ടി ഉറപ്പിച്ചിരിക്കുകയാണ്.
2008ലാണ് മാലെ ദ്വീപില്‍ ആദ്യമായി ബഹുകക്ഷികള്‍ പങ്കെടുത്ത സ്വതന്ത്ര തെരഞ്ഞെടുപ്പ് നടന്നത്. ഇതിലാണ് മൂന്ന് പതിറ്റാണ്ട് നീണ്ട മുഹമ്മദ് അബ്ദുള്‍ ഗയൂമിന്റെ ഭരണത്തിന് അറുതി വരുത്തി നഷീദ് വിജയിച്ചത്. ഭരണമേറ്റ് നാല് വര്‍ഷത്തിന് ശേഷം ജഡ്ജിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സുരക്ഷാ സൈന്യം പ്രതിപക്ഷ കക്ഷികളുമായി ചേര്‍ന്ന് എതിര്‍ത്തപ്പോള്‍ അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നു. നഷീദിന്റെ പുറത്താകലിലൂടെ വൈസ് പ്രസിഡന്റായിരുന്ന മുഹമ്മദ് വാഹീദാണ് ആ സ്ഥാനത്തേക്ക് ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: