കൊല്ലം: ഉരുക്ക് വെളിച്ചെണ്ണയും തഴപ്പായും നാടന്‍ പുളി വിഭവങ്ങളുമായി വിപണി നിറയാന്‍ കുടുംബശ്രീ ഓണച്ചന്തകള്‍. പായസമേളയും പൂക്കളമത്സരവും പുലികളിയുമടക്കം ഓണത്തിമിര്‍പ്പില്‍ ഇന്ന് മുതല്‍ 14 വരെ കുടുംബശ്രീ യൂണിറ്റുകളും ഒത്തുചേരും.
ചിതറയില്‍നിന്ന് മുപ്പത് തരം അച്ചാറുകള്‍, തഴവയില്‍നിന്ന് തഴപ്പായ, വെളിയത്ത്നിന്ന് ശുദ്ധമായ പാലുല്പന്നങ്ങള്, വെട്ടിക്കവലയില്‍നിന്ന് ഉരുക്ക് വെളിച്ചെണ്ണ, പിന്നെ നാടെങ്ങും കഫേ ഔട്ട്ലെറ്റുകള്…. വിപുലമായ ഒരുക്കങ്ങളാണ് ഓണവിപണി സജീവമാക്കാന്‍ കുടുംബശ്രീ നടത്തുന്നതെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു, ജില്ലയില്‍ എഴുപത് കേന്ദ്രങ്ങളിലായാണ് ഓണം വിപണനമേള ഒരുക്കുന്നത്. എഴുപത് ഗ്രാമപഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലും കൊല്ലം കോര്‍പ്പറേഷനിലും ശാസ്താംകോട്ടയില്‍ ബ്ലോക്കടിസ്ഥാനത്തിലും കൂടാതെ കൊല്ലം കളക്ട്രേറ്റ് പരിസരത്ത് ജില്ലാതലത്തിലും മേള സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ കഴിഞ്ഞവര്‍ഷം ഓണച്ചന്തയിലൂടെ രണ്ട്കോടി പത്ത് ലക്ഷം രൂപയുടെ വിറ്റുവരവ് 2890 സംരംഭകര്‍ക്ക് ലഭിച്ചു. ഈ വര്‍ഷം 3.5 കോടി രൂപ 3500 സംരംഭകരിലൂടെ പ്രതീക്ഷിച്ചുകൊണ്ടാണ് ഇക്കുറി വിപണനമേള സംഘടിപ്പിച്ചിരിക്കുന്നത്. വിപണനമേള നടത്തുന്നതിന് മുന്നോടിയായി എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും വിപുലമായ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനകം നാലായിരത്തോളം സംരംഭകര്‍ മേളയ്ക്കായി തയ്യാറെടുത്തുകഴിഞ്ഞു.
മുന്നൊരുക്കങ്ങള്‍ക്കായി സംരംഭകര്‍ക്ക് 50 ലക്ഷം രൂപ പലിശരഹിതവായ്പ അനുവദിച്ച് കഴിഞ്ഞു. ഒക്ടോബറിനകം തിരിച്ചടയ്ക്കണം എന്നതാണ് നിബന്ധന. പത്രസമ്മേളനത്തില്‍ എച്ച്. സഫീര്‍, ജമാലുദ്ദീന്‍.എം, ഡോ. ടി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: