ഒരു ഓണം കൂടി കടന്നു വരികയാണ്. ലോകത്തെവിടെയുമുള്ള മലയാളി പ്രത്യാശയോടെ കാത്തിരിക്കുന്ന പൊന്നോണം. എങ്ങനെ ഓണം ആഘോഷിക്കേണ്ടൂ എന്ന് ചിന്തിക്കാനും തീരുമാനിക്കാനും അവസരം നല്‍കാതെ നാടും നഗരവും വ്യാപാര മേളകളും, ഡിസ്കൗണ്ട് വാഗ്ദാനങ്ങളുമായി അണിഞ്ഞൊരുങ്ങി നില്ക്കുന്നു.
കുറച്ച് ദിവസങ്ങള്‍കൂടി പിന്നിടുമ്പോള്‍ ഇല്ലായ്മയും വല്ലായ്മയും മറന്ന് മലനാടിന്റെ മക്കള്‍ ഉത്സാഹത്തിമിര്‍പ്പോടെ മാവേലി തമ്പുരാനെ വരവേല്‍ക്കും. നനുത്ത മഴയും കാര്‍മേഘം മൂടിയ ആകാശവും, ഇളം കാറ്റും അകമ്പടി സേവിക്കുന്ന ചിങ്ങപുലരികള്…. മുന്‍പ് കതിരണിഞ്ഞ നെല്‍പ്പാടങ്ങളും മുക്കുറ്റിയും തുമ്പയും താലപ്പൊലിയേന്തി നില്ക്കുന്ന പറമ്പുകളുമെല്ലാം ഇന്ന് റബ്ബര്‍ കൈയ്യടക്കിക്കഴിഞ്ഞു. ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും പാടത്തും പറമ്പിലും പൂവട്ടികളുമായി പൂവിറുക്കാനെത്തുന്ന കുട്ടികളുടെ പൂവിളിയാല് മുഖരിതമായ അന്തരീക്ഷം, പൂക്കളങ്ങളാല് അലംകൃതമായ ഗൃഹാങ്കണങ്ങള്‍, കുളിച്ച് കുറിയിട്ട് കണ്ണെഴുതി കോടിയുടുത്തൊരുങ്ങിയ പെണ്കിടാങ്ങള്, സദ്യയില്‍, വസ്ത്രധാരണരീതീയില്, ആത്മീയ പരിവേഷത്തില്‍, പരിശുദ്ധിയില്‍ ഇങ്ങനെ കേരളത്തനിമ നിലനിര്‍ത്തിയ അന്തരീക്ഷം. പുരയിടങ്ങളിലും കളിസ്ഥലങ്ങളിലും നിരവധി കലാകായിക മത്സരങ്ങളും ആഘോഷങ്ങളും സന്ധ്യമയങ്ങും കാലം വീട്ടുമുറ്റത്ത് അരങ്ങേറുന്ന നിരവധി കലാസൃഷ്ടികള്‍ ഇതൊക്കെ ഇന്ന് നഷ്ടസ്മൃതികളായി നിലനില്ക്കുന്നു. ഇത്തരത്തില്‍ ഓണക്കാലത്ത് അവതരിപ്പിച്ച് വന്നിരുന്ന പലകലാരൂപങ്ങളും ഇന്ന് ഓണക്കാലത്ത് ടെലിവിഷന്‍ ചാനലുകളിലും സര്‍ക്കാര്‍ പരിപാടികളിലും മാത്രമായി ഒതുങ്ങി. ഈ കലാരൂപങ്ങളെ പരിപോഷിപ്പിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ നടക്കുന്നില്ല എങ്കിലും ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ചില ഗ്രാമപ്രദേശങ്ങളില്‍ ഇന്നും ഇത്തരം കലാരൂപങ്ങള്‍ അപൂര്‍വ്വമായെങ്കിലും ഓണക്കാലത്ത് അവതരിപ്പിച്ചു വരുന്നു. ഇത്തരത്തിലുള്ള കലകള്‍ ഓണം വാരാഘോഷം, ടൂറിസം വാരാഘോഷം, ടൂറിസം സായാഹ്ന പരിപാടി, പട്ടികജാതി വികസന വകുപ്പ് നാടന്‍ കലാമേള എന്നീ പരിപാടികളില്‍ മാത്രം ഒതുങ്ങുന്നതായും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വടമണ്‍ ദേവകിയമ്മ, കോട്ടവട്ടം തങ്കപ്പന്, കലയനാട് ചെല്ലമ്മ എന്നിവര്‍ ജന്മഭൂമിയോട് പറഞ്ഞു. ഇന്ന് സര്‍ക്കാര്‍ പരിപാടികള്‍ക്കൊപ്പം നാട്ടരങ്ങുകളിലും ക്ലബ് പരിപാടികളിലും അരങ്ങേറുന്ന ചില ഓണക്കാല കലാരൂപങ്ങള്‍ ജന്മഭൂമി വായനക്കാര്‍ക്കായി പരിചയപ്പെടുത്തുകയാണ് ഇന്നുമുതല്‍ തുടങ്ങുന്ന പരമ്പരയില്‍. ഏറെ കലാരൂപങ്ങളും കളികളും നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്നും കിഴക്കന്‍ മേഖലയില്‍ നടന്നുവരുന്ന തുമ്പി തുള്ളല്‍, താലംകളി, കൊടമൂത്ത്, പൂപ്പട തുള്ളല്‍, കമ്പടികളി, കിളിത്തട്ടുകളി, കോലടിക്കളി, വള്ളംകളി, വേലകളി, ഓണത്തല്ല് തുടങ്ങിയ കലാ-കായിക രൂപങ്ങളുമാണ് പരിചയപ്പെടുത്തുന്നത്.
തുമ്പിതുള്ളല്‍:
തിരുവിതാംകൂറില്‍ രൂപംകൊണ്ട ഒരു ഓണക്കാല കലാരൂപമാണ് തുമ്പിതുള്ളല്‍. പൂക്കളമിട്ട് പിന്നില്‍ പീഠത്തില്‍ പിനിയാളെ (തുമ്പി) ഇരുത്തി പൂക്കുലയും (തെങ്ങിന് പൂക്കുലയും) തുമ്പയും കൈകളില്‍ കൊടുക്കുന്നു. ചുറ്റിലും സ്ത്രീകള്‍ പാട്ടുപാടി രംഗം കൊഴിപ്പിക്കുന്നു. പാട്ടിന്റെ താളം മുറുകുന്നതോടെ തുമ്പി മുടികൊണ്ട് പൂവാരി ഉറഞ്ഞ് തുള്ളുകയും മുടികൊണ്ട് പൂവായി ആരാധിച്ച് കളി അവസാനിപ്പിക്കുകയുമാണ് സ്റ്റേജുകളില്‍ അവതരിപ്പിക്കുമ്പോള്‍ കാണുക. എന്നാല്‍ വീട്ടുമുറ്റങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ ചുറ്റിനും സ്ത്രീകളും, കുട്ടികളും വായ്കുരവയും കൈത്താളവും ആര്‍പ്പുവിളികളുംകൊണ്ട് ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നു.
ഇത്തരത്തില്‍ വീട്ടുമുറ്റത്ത് അവതരിപ്പിക്കുമ്പോള്‍ ഈ കലാരൂപത്തിന് കൂടുതല്‍ ചാരുത ഏറുന്നു. ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. ഓണക്കാലത്ത് മാത്രം കണ്ടുവരുന്ന ഈ കലാരൂപം മറ്റ് ഉത്സവ വേളകളിലൊന്നുംതന്നെ കാണുവാന്‍ കഴിയില്ല. തിരക്കേറിയ ജീവതവേളയില് ഇത്തരം കലാരൂപങ്ങള്‍ ഇന്ന് നാട്ടിന്‍പുറങ്ങളില്‍ അന്യമാവുകയാണ്.
(നാളെ താലംകളിയും കുടമൂത്തും.)
കരവാളൂര്‍ ബി. പ്രമോദ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: