കൊല്ലം: ആര്ബിട്രേഷന് വിധിയില്‍ പറഞ്ഞ തുക അടയ്ക്കാന്‍ തയ്യാറായിട്ടും അത് സ്വീകരിക്കാതെ കൂടുതല്‍ തുക വേണമെന്നാവശ്യപ്പെട്ട് ഫിനാന്‍സ് കമ്പനി പീഡിപ്പിക്കുന്നതായി പരാതി. വാഹനവായ്പയെടുത്ത പറവൂര്‍, പൂതക്കുളം തോണിപ്പാറ, പുത്തന്‍വിള വീട്ടില്‍ എസ്. സൗന്ദരരാജനാണ് കൊല്ലത്തുള്ള ഫിനാന്‍സ് കമ്പനിക്കെതിരേ പരാതി നല്‍കിയത്. 2010 ഏപ്രില്‍ ഏഴിന് സൗന്ദരരാജന് തന്റെ ഉടമസ്ഥതയിലുള്ള സര്‍വീസ് ബസ് പണയപ്പെടുത്തി കമ്പനിയില്‍ നിന്നും 3,64,676 രൂപ വായ്പയെടുത്തു. തവണ വ്യവസ്ഥപ്രകാരം ആദ്യം 59,000 രൂപ അടച്ചു.
തുടര്‍ന്ന് സാമ്പത്തികബുദ്ധിമുട്ട് മൂലം ബിസിനസ് പരാജയമായിരുന്നെങ്കിലും ഏഴുമാസത്തെ തവണ അടയ്ക്കാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന് കമ്പനി ബസ് പിടിച്ചുകൊണ്ടുപോയി. 58 ദിവസത്തിനുശേഷം കോടതിവിധിയെത്തുടര്‍ന്ന് 1,49000 രൂപ അടച്ച് വണ്ടി തിരികെക്കൊണ്ടുവന്നു. തുടര്‍ന്ന് ബസ് മറ്റൊരാള്‍ക്ക് വില്ക്കാന് തീരുമാനിക്കുകയും അത് പ്രകാരം മൊത്തം തുക അടച്ച് വായ്പ തീര്‍പ്പാക്കാന്‍ കമ്പനിയെ സമീപിക്കുകയായിരുന്നു.
കമ്പനി ആവശ്യപ്പെട്ടപ്രകാരം 2012 ജനുവരി നാല് തീയതിയായി മൂന്നുലക്ഷം രൂപയുടെ ഫെഡറല്‍ ബാങ്കില്‍ നിന്നുള്ള ഡിഡി ഹാജരാക്കി. എന്നാല്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട കമ്പനി ഡിഡി സ്വീകരിക്കാന്‍ തയ്യാറായില്ല. 4,35,799 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ക്കെതിരേ കമ്പനി കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
ഇതിനെതിരേ സൗന്ദരരാജനും കോടതിയെ സമീപിച്ചു. ജൂണ്‍ 14-ന് ആര്ബിട്രേഷന് മൂന്നുലക്ഷം രൂപ അടയ്ക്കാന്‍ വിധിച്ചു. എന്നാല്‍ ഓവര്‍ ഡ്യൂവായും പലിശയിനത്തിലും മറ്റും അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് കമ്പനി 370707 രൂപ ആവശ്യപ്പെടുകയായിരുന്നു. 3,20000 രൂപവരെ അടയ്ക്കാന്‍ തയ്യറാണെന്ന് സമ്മതിച്ചിട്ടും കമ്പനി അധികൃതര്‍ തയ്യാറായില്ല. നേരത്തെ 63,000 രൂപ അടച്ചിട്ടും അക്കൗണ്ടില്‍ ക്രെഡിറ്റുചെയ്യാതെ തുക ആവശ്യപ്പെട്ടതായും സൗന്ദരരാജന് പറയുന്നു. അടുത്തിടെ കേസ് നല്‍കിയപ്പോഴാണ് രസീതു ഹാജരാക്കി ആ തുക ക്രെഡിറ്റ് ചെയ്തത്.
രസീതുമാത്രം എഴുതി നല്കി കമ്പനിയുടെ അക്കൗണ്ടില്‍ ക്രെഡിറ്റുചെയ്യാതെ തിരിമറിനടത്തുന്നുവെന്നാണ് സൗന്ദരരാജന്റെ ആരോപണം. മൂന്നുവര്‍ഷത്തെ വായ്പാകലാവധിക്കുമുമ്പാണ് തനിക്കെതിരേ കേസ് നല്‍കിയതെന്നും രണ്ടുവര്‍ഷം മുമ്പെടുത്ത ഡിഡി തുക ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഈ രണ്ടുവര്‍ഷം തനിക്കുനഷ്ടപ്പെട്ട ബാങ്ക് പലിശ കണക്കാക്കിയാല്‍ കമ്പനിയില്‍ നിന്നും തനിക്കാണ് പണം കിട്ടേണ്ടുന്നതെന്നും സൗന്ദരരാജന് വാദിക്കുന്നു. വാഹനവായ്പാ ഇടപാടില്‍ ഗ്യാരന്റിയായി കമ്പനിക്കു നല്കിയ ചെക്ക് വച്ച് തനിക്കെതിരേ മറ്റൊരു കേസ് കോടതിയില്‍ ഫയല്‍ ചെയ്തതായും സൗന്ദരരാജന് പറഞ്ഞു. ബസ് സര്‍വീസ് നടത്തി വന്‍ കടബാധ്യതയില്‍ അകപ്പെട്ട തന്നെ ഫിനാന്‍സ് കമ്പനി പീഡിപ്പിക്കുന്നതായാണ് ഇദ്ദേഹത്തിന്റെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: