കൊല്ലം: നാളിതുവരെ കൊല്ലം നഗരത്തിന്റെ സാംസ്കാരിക മലിനീകരണ കേന്ദ്രമായി നിലകൊണ്ട എസ്എംപി പാലസിന്റെ പേരില്‍ കൊല്ലം കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും ഏറ്റുമുട്ടലിനൊരുങ്ങുന്നു. ശ്രീമൂലം തിരുനാളിന്റെ പേരില്‍ വിഖ്യാതമായ കൊല്ലത്തെ ഈ ചരിത്രസ്മാരകം സര്‍ക്കാര്‍ ഏറ്റെടുത്ത് മ്യൂസിയമാക്കണമെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുറവിളി പാടേ അവഗണിച്ചവരാണ് ഇപ്പോള്‍ സംരക്ഷകവേഷം കെട്ടാന്‍ മത്സരിക്കുന്നത്. സ്വകാര്യവ്യക്തികള്‍ കയ്യടക്കിവച്ചിരിക്കുന്ന ശ്രീമൂലം ഷഷ്ട്യബ്ദപൂര്‍ത്തി സ്മാരക മന്ദിരം കോര്പ്പറേഷന് ഏറ്റെടുക്കുമെന്നാണ് കഴിഞ്ഞദിവസം മേയര്‍ പ്രസന്ന ഏണസ്റ്റ് കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപിച്ചത്.
ഇതിനായി എന്തെങ്കിലും തടസങ്ങളുണ്ടെങ്കില്‍ അവ നീക്കും. കെട്ടിടം ഗവണ്മെന്റ് ഏറ്റെടുക്കുമെന്നതിനെ അനുകൂലിക്കുന്നില്ല. വിജെടി ഹാള്‍ മാതൃകയില്‍ ഈ ചരിത്രസ്മാരകം സംരക്ഷിക്കുക എന്നതാണ് കൊല്ലം കോര്‍പ്പറേഷന്റെ നിലപാടെന്ന് മേയര്‍ യോഗത്തില്‍ വ്യക്തമാക്കി. കാലാകാലങ്ങളില്‍ സ്വകാര്യ ട്രസ്റ്റിന്റെ ചെയര്മാന്മാരായി ഇരുന്നവര്‍ അത് ആക്രിചന്തയോ അശ്ലീലചിത്രങ്ങളുടെ പ്രദര്ശനപ്പുരയോ ആക്കാനാണ് ശ്രമിച്ചതെന്ന് കുറ്റപ്പെടുത്താനും മേയര്‍ മറന്നില്ല.
അതേസമയം എസ്എംപി പാലസ് അശ്ലീല ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തീയറ്റര്‍ മാത്രമയി അധപ്പതിച്ചിട്ട് കാലമേറെയായി. ഇതുവരെ ഒരു നടപടിയും കൈക്കൊള്ളണമെന്ന് തോന്നാത്ത കോര്‍പ്പറേഷന്റെ പുതിയ വാദം ഇത് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് തടയാനാണെന്ന് മറുഭാഗവും ആരോപിക്കുന്നു. അടുത്തിടെ സാസ്കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ് കൊല്ലം സന്ദര്‍ശിച്ചപ്പോള്‍ പൈതൃകകേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രശ്നം കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് മുന്‍ ഡെപ്യൂട്ടി മേയറും സിപിഐ അംഗവുമായ അഡ്വ. ജി. ലാലുവാണ്. ഈ ചരിത്രസ്മാരകം പൊതുഉടമസ്ഥതയില്‍ കൊണ്ടുവരണമെന്ന് ലാലു ആവശ്യപ്പെട്ടു. അടുത്തകാലത്ത് മേയറെ ട്രസ്റ്റിന്റെ ചെയര്പേഴ്സണാക്കിയെങ്കിലും അവരെ ആ സ്ഥാനത്ത് വച്ചുകൊണ്ട് കൂടുതല്‍ വ്യവഹാരങ്ങളിലേക്ക് പോകാനാണ് ട്രസ്റ്റിലെ അംഗങ്ങള്‍ ശ്രമിക്കുന്നതെന്നും ഇത് ചില ഗൂഢോദ്ദേശ്യങ്ങള്‍ ലക്ഷ്യമാക്കിയുള്ളതാണെന്നും അഡ്വ. ലാലു ആരോപിച്ചു.
എസ്എംപി പാലസ് കോര്പ്പറേഷന് ഏറ്റെടുക്കുമെന്നും അതിനായി പ്രമേയം കൊണ്ടുവരുമെന്നും മേയര്‍ പ്രഖ്യാപിച്ചയുടന്‍ തന്നെ കോണ്‍ഗ്രസ് അംഗവും മുന്‍ മുനിസിപ്പല്‍ ചെയര്മാന് കരുമാലില്‍ സുകുമാരന്റെ ഭാര്യയുമായ ഡോ. ഉദയസുകുമാരന് രംഗത്തെത്തി. എസ്എംപി പാലസിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് നിയമപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇതില്‍ കോര്പ്പറേഷന് ഇടപെടാനാകുകയില്ലെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ 1935നുശേഷം ഇതിന്റെ ബെയിലാഭേദഗതി ചെയ്തിട്ടുണ്ടെന്നും അക്കാര്യം അറിയില്ലേ എന്നും മേയര്‍ മറുചോദ്യം ഉന്നയിച്ചു.
‘തങ്ങള്‍ക്കുശേഷം പ്രളയം എന്ന നിലപാട് കൈക്കൊണ്ടിരുന്ന ചില മുനിസിപ്പല്‍ ചെയര്മാന്മാര് കോടിക്കണക്കിന് രൂപ വിലവരുന്ന വസ്തുവകകള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കൃത്രിമബുദ്ധിക്കാരായ അവരുടെ ‘ബുദ്ധി’യിലുദിച്ചതാണ് ഇത് ഷോപ്പിംഗ് കോംപ്ലക്സാക്കി മാറ്റുകയെന്ന ആശയമെന്നും സിപിഐ അംഗം ഉളിയക്കോവില്‍ ശശി പറഞ്ഞു. കുടുംബസ്വത്ത് പോലെ ഇത് മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമായി ദാനം ചെയ്യാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എംപി പാലസിന്റെ ‘ചീത്തപ്പേര്’ മാറ്റുന്നതിന്റെ ഭാഗമായി അവിടെ നടന്നുവന്നിരുന്ന അശ്ലീലചിത്രങ്ങളുടെ പ്രദര്‍ശനം അവസാനിപ്പിച്ചതായും അത് പൂട്ടി താക്കോല്‍ വാങ്ങിയിട്ടുള്ളതായും മേയര്‍ യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: