കെയ്റോ: ഈജിപ്റ്റില്‍ സൈനിക ഭരണകൂടം അല്‍ ജസീറ ചാനല്‍ പൂര്‍ണ്ണമായി നിരോധിച്ചു. ഈജിപ്റ്റിന്റെ ദേശീയതയ്ക്ക് കോട്ടം വരുത്തുന്ന നുണകളും അഭ്യൂഹങ്ങളുമാണ് ചാനല്‍ സംപ്രേഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നിരോധനം. രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ചാനലിന് നിയമപരമായ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
അല്‍ജസീറയുടെ ഈജപ്ഷ്യന്‍ വിഭാഗമായ അല്‍ജസീറ മുബശ്ശിര്‍ മിസ്ര് ചനലിനാണ് സൈനിക ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയത്. സൈനിക ഭരണകൂടത്തിനെതിരെ പ്രക്ഷോഭം രൂക്ഷമായ ഈജിപ്റ്റില്‍ ആഗസ്റ്റ് മൂന്ന് മുതല്‍ ചാനലിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മുര്‍സി അനുകൂലികളെ പിന്താങ്ങുന്ന നിലപാടാണ് ചാനലിന്റേതെന്ന് സൈനിക ഭരണകൂടം ആരോപിച്ചു.
ഓഗസ്റ്റ് 15 മുതല്‍ അല്‍ജസീറ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ചാനല്‍ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. കെയ്റോയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനലിലെ നാല് റിപ്പോര്‍ട്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം അറസ്റ്റിലായവരെ മോചിപ്പിക്കാന്‍ ഇടപെടുമെന്നും ഇവരുടെ സംരക്ഷണം അല്‍ജസീറ ഏറ്റെടുക്കുമെന്നും അല്‍ജസീറ ഇംഗ്ലീഷ് വിഭാഗം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: