വാഷിംഗ്ടണ്‍: സിറിയയില്‍ ഐക്യരാഷ്ട സഭ ആയുധ പരിശോധക സംഘത്തിന്റെ റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി മുന്നറിയിപ്പ് നല്കി. രാസായുധം പ്രയോഗിച്ച അസദ് ഭരണകൂടം 426 കുട്ടികള്‍ ഉള്‍പ്പടെ 1429 പേരെ കൊലപ്പെടുത്തിയെന്ന് ജോണ്‍ കെറി ആരോപിച്ചു. ഈ സാഹചര്യത്തില്‍ സിറിയയില്‍ പരിമിതമായ വ്യോമാക്രമണത്തിന് അമേരിക്ക തയാറെടുക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.
അമേരിക്കയ്ക്കൊപ്പം ഫ്രാന്‍സും സിറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ്. ബുധനാഴ്ചയ്ക്ക് ശേഷം ഏത് ദിവസവും ആക്രമണം ഉണ്ടാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മുന്നറിയിപ്പ് നല്കി. അതിനിടെ മൂന്ന് ദിവസത്തെ പരിശോധന പൂര്‍ത്തിയക്കിയ ഐക്യരാഷ്ട്ര സഭയുടെ ആയുധ പരിശോധക സംഘം ഇന്ന് സിറിയ വിട്ടു.
സിറിയന്‍ പ്രശ്നത്തില്‍ പാശ്ചാത്യ ശക്തികള്‍ക്കിടയില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്. സൈനിക നടപടിയെ അനുകൂലിക്കില്ലെന്ന് ജര്‍മ്മനിയും ഇറ്റലിയും കാനഡയും വ്യക്തമാക്കി. സിറിയയ്ക്കെതിരെ സൈനിക നടപടി വേണമെന്ന പ്രമേയം ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയതിന് പിന്നാലെയാണ് മറ്റ് പാശ്ചാത്യ രാജ്യങ്ങളും ആക്രമണ നീക്കത്തിനെതിരെ രംഗത്ത് വന്നത്.
രാഷ്ട്രീയ പരിഹാരമാണ് സിറിയയില്‍ വേണ്ടതെന്നാണ് ജര്‍മ്മനിയുടെ നിലപാട്. സിറിയയ്ക്ക് പിന്തുണ കൊടുക്കുന്ന റഷ്യയും ചൈനയും സൈനിക നീക്കത്തെ ചെറുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍വിധിയോടെ കാര്യങ്ങളെ കാണരുതെന്ന് ബാന്‍ കി മൂണിനോട് ചൈന ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: