ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മൊബൈല്‍ എസ്.എം.എസ് ഓഫറുകള്‍ വിലക്കി. മൊബൈല്‍ കമ്പനികള്‍ ചാറ്റിങ് ഓഫറുകള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവ് പാക് ടെലികമ്യൂണിക്കേഷന്‍ അതോറിട്ടി പുറത്തിറക്കി. മൊബൈല്‍ ഫോണിലൂടെയുള്ള ചാറ്റിങ് സമൂഹത്തിന്റെ ധാര്‍മിക മൂല്യത്തിന് നിരക്കാത്ത പ്രവര്‍ത്തികളിലേക്ക് യുവജനങ്ങളെ തള്ളിവിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ടെക്സ്റ്റ്- ശബ്ദ സന്ദേശങ്ങള്‍ അയക്കുന്നതിന് ഉപഭോക്താക്കള്‍ക്കായി മൊബൈല്‍ കമ്പനികളുടെ ചാറ്റ് ഓഫറുകള്‍ സെപ്തംബര്‍ രണ്ടിനകം നിര്‍ത്തണമെന്നാണ് നിര്‍ദേശം. ചാറ്റിങ് പ്രോത്സാഹിപ്പിക്കുന്ന മൊബൈല്‍ കമ്പനികളുടെ നിലപാട് പാക് പാര്‍ലമെന്റില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
രാത്രി സമയങ്ങളില്‍ കുറഞ്ഞ നിരക്കില്‍ സംസാരിക്കാനും സന്ദേശങ്ങള്‍ കൈമാറാനും സഹായിക്കുന്ന മൊബൈല്‍ പാക്കേജുകള്‍ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നതായും ഇത് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും അസന്മാര്‍ഗികതയിലേക്ക് നയിക്കാന്‍ ഇടവരുത്തുന്നതായും മതവാദികള്‍ ആക്ഷേപമുന്നയിച്ചിരുന്നു.തുടര്‍ന്നാണ് ചാറ്റ് പാക്കേജുകള്‍ നിര്‍ത്തലാക്കാന്‍ പാക് ടെലകോം അതോറിറ്റി ഉത്തരവിട്ടത്.
വിലക്കിനെതിരെ പാക്കിസ്ഥാനിലെ മൊബൈല്‍ കമ്പനികള്‍ രംഗത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാനിലെ മുന്‍നിര മൊബൈല്‍ കമ്പനികളായ മൊബിലിങ്ക്, യൂഫോണ്, സോങ്ങ്, ടെലിനോര്‍ തുടങ്ങിയ കമ്പനികളാണ് സര്‍ക്കാര്‍ നടപടിക്കെതിരേ രംഗത്തുവന്നത്. പൂര്‍ണമായി പാക്കേജുകള്‍ വിലക്കുന്നത് തങ്ങളുടെ പരിധിക്കപ്പുറത്തുള്ള കാര്യമാണെന്നു വരെ ഇവര്‍ വ്യക്തമാക്കി. കുറഞ്ഞ നിരക്കിലുള്ള കോള്സേവനങ്ങള് പ്രയോജനപ്പെടുത്തുന്നവര്‍ നിരവധിയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ടെലികോം വ്യവസായത്തിന് പാക്കിസ്ഥാനില്‍ മികച്ച മുന്നേറ്റമാണുള്ളത്. പാക് ടെലികോം അതോറിറ്റിയുടെ ഉത്തരവ് ടെലികോം മേഖലയിലെ വളര്‍ച്ചയ്ക്ക് തടസ്സമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: