കൊച്ചി: കൊച്ചി മെട്രോ റയിലിനായുള്ള 16 സ്റ്റേഷനുകള്‍ക്കും ആലുവയിലെ ഷണ്ടിങ് സ്റ്റേഷന്, കെ.എസ്.ആര്.ടി.സി. ബസ് സ്റ്റേഷന് റോഡ് വിപുലീകരണം എന്നിവയ്ക്കായി അടിയന്തരവ്യവസ്ഥയില് ഉള്‍പ്പെടുത്തി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ല കളക്ടര്‍ക്ക് അനുമതി നല്കി ഉത്തരവായി. ആകെ ഏറ്റെടുക്കണ്ട 6.13 ഹെക്ടര്‍ ഭൂമിയില്‍ 6.8 ഹെക്ടര്‍ ഭൂമി സ്വകാര്യവ്യക്തികളില്‍ നിന്നേറ്റെടുക്കേണ്ടതാണ്. 0.79 ഹെക്ടര്‍ ഭൂമി പുറമ്പോക്കായി കണ്ടെത്തിയിട്ടുള്ളതാണ്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല പര്‍ച്ചേസ് കമ്മറ്റിക്കു രൂപം നല്കി ഭൂവുടമകളുമായി ചര്‍ച്ച നടത്തി വിശദാംശങ്ങള്‍ സംസ്ഥാനതല എംപവേഡ് കമ്മിറ്റി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പുനരധിവാസം സംബന്ധിച്ചും നിര്‍ദേശം സമര്‍പ്പിക്കാന്‍ ജില്ല കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 16നാണ് ഇതുസംബന്ധിച്ച ശുപാര്‍ശ ജില്ല കളക്ടര്‍ സംസ്ഥാനതല കമ്മറ്റിയില്‍ അവതരിപ്പിച്ചത്. ആകെ ആവശ്യമായി വരുന്ന ഭൂമി, അതിനുള്ള വില, ഭൂമിയേറ്റെടുക്കുന്നതിനുള്ള ധനസമാഹരണം എന്നിവയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് സമതി ജില്ല കളക്ടറോടും കൊച്ചി മെട്രോ റയില്‍ കോര്പറേഷന് അധികൃതരോടും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്പരീത് നല്കിയ ശിപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഭൂമിയേറ്റെടുക്കാന്‍ അനുമതി നല്‍കിയത്.
ആലുവ വെസ്റ്റ്, തൃക്കാക്കര നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, എറണാകുളം, എളങ്കുളം, പൂണിത്തുറ എന്നീ വില്ലേജുകളിലായാണ് ഭൂമിയേറ്റെടുക്കേണ്ടത്. ഇതില്‍ 6.11 ഹെക്ടര്‍ ഭൂമി സ്റ്റേഷന് നിര്‍മാണത്തിനും ശേഷിക്കുന്ന 0.25 ഹെക്ടര്‍ കെ.എസ്.ആര്.ടി.സി. റോഡ് വിപുലീകരണത്തിനുമാണ്. ആലുവ ഷണ്ടിങ് സ്റ്റേഷനായി ആലുവ വെസ്റ്റ് വില്ലേജിലെ 0.21 ഹെക്ടറും ആലുവ ബൈപാസ് സ്റ്റേഷനായി മൂന്ന് ബ്ലോക്കുകളിലായി 0.47, 0.41, 0.04 ഹെക്ടര്‍ വീതവും പുളിഞ്ചോട് സ്റ്റേഷനായി 0.15 ഹെക്ടര്‍ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്.
കമ്പനിപ്പടി സ്റ്റേഷനായി ആലുവ വെസ്റ്റ് വില്ലേജിലെ ടൗണ്ബ്ലാക്ക് 34ലെ 0.14 ഹെക്ടര്‍ ഭൂമിയും മുട്ടം സ്റ്റേഷനായി 0.0046 ഹെക്ടറും ഏറ്റെടുക്കേണ്ടതുണ്ട്. കളമശേരി സ്റ്റേഷനായി തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ 0.69 ഹെക്ടര്‍ ഭൂമിയും കുസാറ്റ് സ്റ്റേഷനായി 0.17 ഹെക്ടറും ഏറ്റെടുക്കും. ഇടപ്പള്ളി ഹൈസ്കൂള്‍ സ്റ്റേഷനായി ഇടപ്പള്ളി നോര്‍ത്ത് വില്ലേജിലെ 0.17 ഹെക്ടര്‍ ഭൂമിയേറ്റെടുക്കും. പാലാരിവട്ടം സ്റ്റേഷനായി ഇടപ്പള്ളി സൗത്ത് വില്ലേജിലെ 0.41 ഹെക്ടറും ലിസി സ്റ്റേഷനായി എറണാകുളം വില്ലേജിലെ 0.26 ഹെക്ടറുമാണ് ഏറ്റെടുക്കുക.
കലൂര്‍ പാര്‍ക്കിങ് ഏരിയ സ്റ്റേഷനായി എളങ്കുളം വില്ലേജിലെ 0.28 ഹെക്ടര്‍ ഭൂമിയും മാധവ ഫാര്‍മസി സ്റ്റേഷനായി എറണാകുളം വില്ലേജിലെ 0.16 ഹെക്ടറും മഹാരാജാസ് കോളേജ് സ്റ്റേഷനായി 0.04 ഹെക്ടറും ഭൂമിയേറ്റെടുക്കും. ജി.സി.ഡി.എ. സ്റ്റോപ്പിനായി എളങ്കുളം വില്ലേജിലെ 0.13 ഹെക്ടറും തൈക്കൂടം സ്റ്റേഷനായി പൂണിത്തുറ വില്ലേജിലെ 1.34 ഹെക്ടറും, പേട്ട പാര്‍ക്കിങ് ഏരിയയ്ക്കായി 0.94 ഹെക്ടര്‍ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. റോഡ് വിപുലീകരണത്തിനായി എളങ്കുളം, എറണാകുളം വില്ലേജുകളിലായി 0.02 ഹെക്ടര്‍ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: