ദമാസ്ക്കസ്: സിറിയയിലെ സൈനിക ഇടപെടലിനെക്കുറിച്ച് അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും ഇടയില്‍ അഭിപ്രായ ഭിന്നത തുടരുന്നു. ബ്രിട്ടണ് പാര്‍ലമെന്റ് സൈനിക ഇടപെടലിനെതിരെ വോട്ട് ചെയ്തത് അമേരിക്കയുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. ബ്രിട്ടണ് പിന്തുണച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മുന്നോട്ട് പോകുമെന്ന് അമേരിക്ക വ്യക്തമാക്കി.
പതിമൂന്ന് വോട്ടുകള്‍ക്കായിരുന്നു പ്രധാനമന്ത്രി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടത്. 285 പേര് പ്രമേയത്തെ എതിര്‍ത്തപ്പോള്‍ 272 പേര് മാത്രമേ അനുകൂലിച്ചുള്ളൂ. സിറിയയെ നിയമാനുസൃതം അക്രമിക്കാനുളള സര്‍ക്കാറിന്റ നീക്കമാണ് പാര്‍ലമെന്റില്‍ നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചത്. തുടര്‍ന്ന് പാര്‍ലിമെന്റിന്റെ വികാരത്തെ ധിക്കരിച്ച് സൈനികാക്രമണത്തിന് മുതിരില്ലെന്ന് പ്രധാനമന്ത്രി കാമറൂണ്‍ പാര്‍ലിമെന്റിന് ഉറപ്പ് നല്കി. സിറിയയില്‍ ഇടപെടാന്‍ അനുമതി തേടി ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിലും ബ്രിട്ടന് കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ റഷ്യയും ചൈനയും ഇതിനെ എതിര്‍ത്തു.
അതിനിടെ സിറിയയില്‍ വിമതര്‍ക്കു നേരെ രാസായുധം പ്രയോഗിച്ചതിന് പുതിയ തെളിവുകള്‍ പ്രസിഡന്റ് ബരാക് ഒബാമ അമേരിക്കന്‍ കോണ്‍ഗ്രസ് സഭയില്‍ സമര്‍പ്പിച്ചു. രാസായുധം പ്രയോഗിക്കുന്നതിന് മുമ്പ് സിറിയയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ സംഭാഷണങ്ങളും സൈന്യത്തിന്റെ നീക്കങ്ങളും അടങ്ങിയ തെളിവാണ് കോണ്‍ഗ്രസിന് മുന്നില്‍ സമര്‍പ്പിച്ചത്. ഏതാണ്ട് ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന കോണ്‍ഫറന്‍സില്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, പ്രതിരോധ സെക്രട്ടറി ചക്ക് ഹഗേല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന് റൈസ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളില്‍ ഭൂരിഭാഗവും അമേരിക്ക സമര്‍പ്പിച്ച തെളിവുകള്‍ തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടി.
സിറിയയില്‍ സൈനിക ഇടപെടല്‍ നടത്തണമെന്ന അമേരിക്കയുടെ നിലപാടിനെതിരെ രാജ്യത്തിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാവുകയാണ്. ഐക്യരാഷ്ട്ര സഭ തീരുമാനിക്കാതെ സൈനിക ഇടപെടല്‍ നടത്തിയാല്‍ അത് മേഖലയില്‍ അസ്ഥിരതയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് റഷ്യയും ചൈനയും ആവര്‍ത്തിച്ചു. ജര്‍മ്മനിയും കാനഡയും സൈനിക നടപടിയ്ക്ക് എതിരാണ്. ഐക്യരാഷ്ട സഭയുടെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം സുരക്ഷാസമിതിയില്‍ ചര്‍ച്ച നടത്തിയേ മുന്നോട്ട് പോകാവൂവെന്നാണ് ഇവരുടെ നിലപാട്.
അതിനിടെ മെഡിറ്ററേനിയന്‍ കടലിലേക്ക് റഷ്യയും അമേരിക്കയും കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. ആക്രമണത്തിനും പ്രതിരോധത്തിനും തയാറെടുപ്പുകള്‍ തുടരുമ്പോള്‍ ജനങ്ങള്‍ യുദ്ധ ഭീതിയിലാണ്. രാസായുധ ആക്രമണത്തെ പ്രതിരോധിക്കാന്‍ മുഖകവചം അടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കുകയാണ് സിറിയയിലെ സമീപരാജ്യങ്ങളിലെ ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: