അങ്കമാലി: അങ്കമാലി ബ്ലോക്കിലെ കാലടി ഗ്രാമ പഞ്ചായത്തിലെ കാലടി – ആശ്രമം റോഡിന് നീണ്ട വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ ശാപമോക്ഷം ലഭ്യമാക്കാനുള്ള നടപടികളുമായി പൊതുമരാമത്ത് വകുപ്പ്. വര്‍ഷങ്ങളായുള്ള കാലടി നിവാസികളുടെയും കാലടി ഗ്രാമ പഞ്ചായത്ത് സമിതിയുടെ ദീര്‍ഘകാല ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകാന്‍ വഴി ഒരുങ്ങുന്നതെന്ന് കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ബി.സാബു പറഞ്ഞു.
ഒരു കാലത്ത് കാലടി ടൗണിലെ പ്രധാന റോഡായിരുന്നു ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായ ആശ്രമം റോഡ്. 25 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് റോഡിന്റെ നവീകരണം നടത്തുക. റോഡിന്റെ ഉയരം കൂട്ടി ഏറ്റവും ഗുണനിലവാരം കാത്തു സൂക്ഷിക്കുന്ന രീതിയിലാണ് നവീകരണം നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. കാലടി – ആശ്രമം റോഡിന്റെ നവീകരണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നവീകരണം പൂര്‍ത്തിയാകുന്നതോടെ നൂറു കണക്കിനു പ്രദേശ വാസികള്‍ക്കും, യാത്രക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, തീര്‍ത്ഥാടകര്‍ക്കും പ്രയോജനം ലഭിക്കും. നിരവധി ചരിത്ര സ്മാരകങ്ങളും, മതസ്ഥാപനങ്ങളും, തീര്‍ത്ഥാടന കേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന റോഡാണ് കാലടി – ആശ്രമം റോഡ്. ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം, ശൃംഗേരി ആദിശങ്കര ജന്മഭൂമി ക്ഷേത്രം, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, സ്വാതി സംഗീത വിദ്യാലയം, സ്കൂളുകള്‍ അടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഈ റോഡിന്റെ ഇരു വശത്തുമായി സ്ഥിതി ചെയ്യുന്നു. കൂടാതെ കാലടി പട്ടണത്തിന്റെ പ്രധാന റസിഡന്‍ഷ്യല്‍ ഏരിയയും ഈ പ്രദേശമാണ്.
നവീകരണം പൂര്‍ത്തിയാകുന്നതോടെ മലയാറ്റൂരിലേക്ക് പോകേണ്ടതും മലയാറ്റൂരില്‍ നിന്ന് കാലടിയിലേക്ക് എത്തേണ്ടതുമായ വാഹനങ്ങള്‍ക്ക് ബൈപ്പാസ് റോഡ് ഉപയോഗിക്കാന്‍ കഴിയും. ഇത് നിലവിലെ മലയാറ്റൂര്‍ റോഡിന്റെ തിരക്ക് കുറയ്ക്കുകയും കാലടി ടൗണിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ ശമനമുണ്ടാക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: