കൊച്ചി: എറണാകുളം ജെട്ടിയില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ അമിതമായി യാത്രക്കാരെ കുത്തിനിറക്കുന്നതായി പരാതി. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതിനനുസരിച്ച് ബോട്ടുകളും സര്വീസുകളുമില്ലാത്തതാണ് അമിതമായി യാത്രക്കാരെ കയറ്റാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.
വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമടക്കം ആയിരത്തിലേറെ പേരാണ് പ്രതിദിനം ജലഗതാഗതത്തെ ആശ്രയിക്കുന്നത്. എന്നാല്‍ ഞായറാഴ്ച ഉള്‍പ്പടെയുള്ള അവധി ദിവസങ്ങളില്‍ ഇത് പതിനായിരത്തോളം വരുമെന്നാണ് ബോട്ട് ജെട്ടി അധികൃതര്‍ പറയുന്നത്. കൊച്ചിയിലും സമീപപ്രദേശങ്ങളിലുമായി ജോലി ചെയ്യുന്ന അന്യ സംസ്ഥാനതൊഴിലാളികളും വിദേശികളും ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് പേര് ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളായ ഫോര്‍ട്ട്കൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കും പോകാനെത്തുന്നതാണ് അവധി ദിനങ്ങളിലെ തിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.
എന്നാല്‍ ആവശ്യമായ ബോട്ടുകളില്ലാത്തതിനാല്‍ മണിക്കൂറുകള്‍ ക്യൂ നിന്നാല്‍ മാത്രമാണ് പലപ്പോഴും ടിക്കറ്റ് ലഭിക്കുക. ഇത് യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള വാക്കേറ്റത്തിനുമിടയാക്കാറുണ്ട്. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, മുളവ്കാട് എന്നിവിടങ്ങളിലേക്കായി ആകെ എട്ട് ബോട്ടുകള്‍ മാത്രമാണ് ഉള്ളത്. ഈ ബോട്ടുകള്‍ ദിനം പ്രതി തൊണ്ണുറോളം സര്‍വീസുകളാണ് കൊച്ചികായലിലൂടെ വിവിധ ജെട്ടികളിലേക്കായി നടത്തുന്നത്. നൂറ് പേര്‍ക്ക് ഇരുന്ന് യാത്രചെയ്യാന്‍ കഴിയുന്ന സൗകര്യമാണ് ഓരോ ബോട്ടിലുമുള്ളത്.
എന്നാല്‍ തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ സീറ്റിെന്റ എണ്ണം കണക്കാക്കാതെ അമ്പതോളം പേരെയാണ് ബോട്ടില്‍ അനധികൃതമായി പലപ്പോഴും കയറ്റുന്നത്. എന്നാല്‍ ഇത്രയും പേര്‍ക്കാവശ്യമായ ലൈഫ് ജാക്കറ്റുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുബോട്ടിലുമില്ലെന്നാണ് അറിയുന്നത്. ബോട്ടിെന്റ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും ലൈഫ് ജാക്കറ്റുള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി ജെട്ടി അധികതര്‍ സര്‍ക്കാരിനേയും ജലഗതാഗത വകുപ്പിനേയും സമീപിച്ചിരുന്നു.
എന്നാല്‍ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കപ്പല്‍ ചാലിന് സമീപത്ത് കൂടിയാണ് ഇവിടെ ബോട്ടുകള്‍ സഞ്ചരിക്കുന്നത്. കൂടുതല്‍ ആഴമുള്ള ഇവിടെ ഉണ്ടാകുന്ന ചെറിയ അപകടങ്ങള്‍ പോലും വലിയ ദുരന്തമായി മാറുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. പേരിന് ഒരു ലൈഫ്ഗാര്‍ഡ് മാത്രമാണ് ഈ ജെട്ടിയിലുള്ളത്. ആവശ്യത്തിന് ഉപകരണങ്ങളും മറ്റും ഇല്ലാത്തതും ജെട്ടി അധികൃതരെ വലയ്ക്കുന്നുണ്ട്.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: