നെടുമ്പാശ്ശേരി: ചെങ്ങല്തോടിന്റെ നീരൊഴുക്ക് തടഞ്ഞത് പുനഃസ്ഥാപിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. അങ്കമാലി നഗരസഭ, കാഞ്ഞൂര്‍, ശ്രീമൂലനഗരം, കാലടി പഞ്ചായത്തുകളിലെ എയര്‍പോര്‍ട്ടിന് സമീപമുള്ള ചെങ്ങല്‍, തുറവുങ്കര, പിരാരൂര്‍, ചെത്തിക്കോട്, മട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുക, വിമാനത്താവളം വന്നതുകൊണ്ട് ഒറ്റപ്പെട്ടുപോയ തുറവുങ്കരയില്നിന്ന് പുറത്തേയ്ക്കുള്ള അഞ്ച് റോഡുകള്‍ക്കും ഫ്ലൈ ഓവറുകള്‍ പണിത് യാത്ര സുഗമമാക്കുവാന്‍ നടപടി സ്വീകരിക്കുക, വിമാനത്താവള റണ്‍വേയുടെ ഒഴഞ്ഞുകിടക്കുന്ന കിഴക്ക് ഭാഗത്ത് എമര്‍ജന്‍സി ഗേറ്റ് സ്ഥാപിക്കുക, പുതിയതായി പണിയുന്ന റിംഗ് റോഡ് തുറവുങ്കരയുമായി ബന്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എയര്‍പോര്‍ട്ടിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിച്ചത്. നായത്തോടില്നിന്നും പ്രകടനവുമായി എത്തിയ നാട്ടുകാരെ എയര്‍പോര്‍ട്ടിന്റെ കവാടത്തിനു സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി സി. എം. ദിനേശ്മണി ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് പി. കെ. അലി അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്ത്തകന് സി. ആര്. നീലകണ്ഠന്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രേംജി പിഷാരടി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വര്‍ഗീസ്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ. കെ. അഷറഫ്, കോണ്‍ഗ്രസ് അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി എം. ഐ ദേവസ്സിക്കുട്ടി, യുഡിഎഫ് അങ്കമാലി നിയോജകമണ്ഡലം കണ്‍വീനര്‍ മാത്യു തോമസ്, ബിജെപി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എം. എന്‍. ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു. കുഞ്ഞമ്മ ജോര്‍ജ്, ബേബി ഗര്‍വ്വാസീസ്, തോമസ് കോയിക്കര, റൂബി ഡേവീസ്, അംബിക ബാലകൃശ്ണന്‍, കെ. പൊന്നപ്പന്, സി. കെ. സലിംകുമാര്‍, പി. എ. ഇബ്രാഹിംകുട്ടി, വി. ഡി. സശീന്ദ്രന്, കെ. ടി. പൗലോസ്, ടി. എ. ശശി, എ. എസ്. സന്തോഷ്, പി. ഐ. സമദ്, എം. പി. സേതുമാധവന്, ആന്റു തളിയന്‍, പി. ആര് രഘു, പി. എച്ച് നൗഷാദ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: