കോട്ടയം: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിന് കേരളാ കോണ്‍ഗ്രസ്സ് (എം) അവകാശവാദം ഉന്നയിക്കും. മൂന്ന് സീറ്റുകള്‍ ലഭിക്കാനുള്ള അര്‍ഹത പാര്‍ട്ടിക്കുണ്ട്. എന്നാല്‍ രണ്ടു സീറ്റെങ്കിലും ലഭിക്കണമെന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും കേരളാ കോണ്‍ഗ്രസ് നേതൃയോഗത്തിനുശേഷം മന്ത്രി കെ.എം. മാണി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരണമെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്. കെപിസിസി അധ്യക്ഷനു തുല്യമായ പദവി നല്കി രമേശിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം. ഇതു കോണ്‍ഗ്രസിനും യുഡിഎഫിനും ഗുണം ചെയ്യും. ഇക്കാര്യത്തില്‍ ഘടകകക്ഷികള്‍ തടസവാദങ്ങളോ, സമ്മര്‍ദ്ദങ്ങളോ ഉണ്ടാക്കിയിട്ടില്ല. പ്രശ്നം കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരകാര്യമായതിനാല്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ല. അതൊക്കെ കോണ്‍ഗ്രസ് തന്നെ പരിഹരിക്കണം. പുനഃസംഘടനയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിന് എത്രയും വേഗം വിരാമം ഇടണം. ഇത് നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
ഉപമുഖ്യമന്ത്രിപദം നിലവില്‍ അജന്‍ഡയിലില്ല. ഇത് വേണമോ വേണ്ടയോ എന്നുള്ള നയപരമായ തീരുമാനം എടുക്കേണ്ടത് യുഡിഎഫാണ്. സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനില്ക്കുന്നതെന്ന നേതൃയോഗത്തിന്റെ പൊതുവികാരം പത്രസമ്മേളനത്തില്‍ മാണി തിരുത്തി. നിലവില്‍ ഭരണ സ്തംഭനമൊന്നുമില്ല. എന്നാല്‍ മുന്നണിയുടെ പ്രതിച്ഛായ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണതൃപ്തനല്ല. ജനങ്ങളില്‍ നിന്ന് 100 മാര്‍ക്ക് നിലവില്‍ ഈ മന്ത്രിസഭയ്ക്ക് ലഭിക്കില്ല. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. ഇപ്പോള്‍ പാര്‍ട്ടിക്ക് അപമാനമൊന്നുമില്ലെന്ന് കോടിയേരിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍ മാണി വ്യക്തമാക്കി. ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നില്ല. ഡല്‍ഹിയിലേക്കു പോകേണ്ടിവരുമെന്നു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നതെന്നും മാണി പറഞ്ഞു.
ഗവ. ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നു വരുന്ന എതിര്‍പ്പുകളോട് മാണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു- ജോര്‍ജ്ജ് പറയുന്നതില്‍ ഗുണങ്ങളുണ്ട്, സത്യവുമുണ്ട്.
മാധവ്ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മറ്റികളുടെ റിപ്പോര്‍ട്ടുകളിലെ കര്‍ഷക വിരുദ്ധപരാമാര്ശങ്ങള് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതി പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കുമെന്നും മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ്, ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: