കൊച്ചി: വൈറ്റില – കാക്കനാട് ബോട്ട് സര്‍വീസ് കൊച്ചി നിവാസികള്‍ക്ക് ഓണസമ്മാനമായി ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദ്. യാത്രക്കാര്‍ക്കു പുറമെ 10 ബൈക്കും കയറ്റാവുന്ന തരത്തിലുള്ള സ്റ്റീല്‍ ബോട്ട് താമസിയാതെ സജ്ജമാകും. കൊച്ചി നഗരത്തെയും വിവിധ ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എറണാകുളം- വരാപ്പുഴ ബോട്ട് സര്‍വീസ് ചിറ്റൂര്‍ ഫെറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ജലഗതാഗതവകുപ്പിന്റെ വരുമാനം എട്ടു കോടി രൂപയും ചെലവ് 28 കോടി രൂപയുമാണ്. എന്നാല്‍ ദ്വീപ് നിവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നതിനാലാണ് നഷ്ടം സഹിച്ചും ഈ സര്‍വീസിന് തുടക്കമിടുന്നത്. ചുരുങ്ങിയ ജീവനക്കാരെയും ചെറിയ ശമ്പളവും ഉപയോഗിച്ച് ഇവിടെ നടത്തിയിരുന്ന 12 സ്വകാര്യ സര്‍വീസുകള്‍ ഇതിനകം നിര്‍ത്തലാക്കിയിരുന്നു. സര്‍വീസ് നഷ്ടത്തിലാകാതിരിക്കാന്‍ ജനങ്ങളുടെ സഹകരണം അഭ്യര്‍ഥിച്ച മന്ത്രി കാലാനുസൃതമായ മാറ്റം ഈ മേഖലയില്‍ വരേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
എറണാകുളം ജെട്ടിയില്‍ നിന്ന് വരാപ്പുഴയിലേക്ക് നിത്യേന എട്ടു സര്‍വീസാണുണ്ടാവുക. 18 കിലോമീററര്‍ ദൂരമുള്ള സര്‍വീസിനായി തയ്യാറാക്കിയ ബോട്ടിന് 54 ലക്ഷം രൂപയാണ് ചെലവ്. 100-125 പേര്‍ക്ക് യാത്ര ചെയ്യാനാകും. ബയോ ടോയ്ലറ്റ് ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങള്‍ ബോട്ടില്‍ തയ്യാറാക്കിയിട്ടുണ്ട്.
ഹൈബി ഈഡന് എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.എല്‍.എ.മാരായ എസ്.ശര്‍മ, വി.ഡി.സതീശന്, ലൂഡി ലൂയീസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
മേയര്‍ ടോണി ചമ്മണി, ജലഗതാഗതവകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ ഐസക്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് റാണി മത്തായി. പഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഷ്ബാബു, വല്‍സ ഫ്രാന്‍സിസ്, മെഴ്സി ജോണ്‍, എ.കെ.ദിനകരന്, ജില്ല പഞ്ചായത്തംഗം യേശുദാസ് പറപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരുമായി പിഴല പാലം വരെ യാത്ര ചെയ്തശേഷമാണ് മന്ത്രി ആര്യാടനും എം.എല്‍.എ.മാരും പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: