ഓണത്തിന് കഷ്ടി ഒന്നരമാസം. കാണം വിറ്റും ഓണമുണ്ണണമെന്ന് ചൊല്ല്. ഇപ്പോള്‍ തന്നെ അത് അന്വര്‍ത്ഥമായിരിക്കുന്നു. കടുക് മുതല്‍ കര്‍പ്പൂരം വരെ പിടിച്ചാല്‍ കിട്ടാത്ത തരത്തിലാണ് വിലവര്‍ധന. മാനം വിറ്റ് മണിമാളിക പണിയാന്‍ തക്കം പാര്ത്തിരിക്കുന്നവരും അവരുടെ ഒത്താശക്കാരും പക്ഷേ, വര്‍ധിതവീര്യത്തിലാണ്. പൊതുജനം എന്തായാലെന്ത്? നമ്മുടെ കാര്യം കുശാല്‍. ഭരണത്തില്‍ എങ്ങനെയും അള്ളിപ്പിടിച്ചിരിക്കുക എന്നതാണ് ശൈലി. രാമായണകാലത്ത് ഒരുവിധപ്പെട്ടവരൊക്കെ രാമന്റെ കാലത്തെ ഭരണത്തെക്കുറിച്ച് ഒരുവേളയോര്‍ക്കും. മാതൃകാപുരുഷോത്തമന്റെ പ്രജാവാത്സല്യവും മറ്റും എത്രമടങ്ങ് വലുതെന്ന് ചിന്തിക്കും. ആ ചിന്തപോലും മനോഹരമായ ഒരവസ്ഥയാണുണ്ടാക്കുക.
ഇന്നത്തെ ഭരണാധികാരിക്കു പക്ഷേ, ആ രാമനെക്കുറിച്ച് പറയാന്‍ കൂടി അവകാശമില്ലാതായിരിക്കുന്നു. ഏതെങ്കിലും ഒരു പ്രജയ്ക്ക് തന്നെപ്പറ്റി സംശയമുണ്ടെങ്കില്‍ അത് നിശ്ശേഷം ഇല്ലാതാക്കിയാല്‍ മാത്രമേ ഭരണാവകാശത്തിന് അര്‍ഹതയുള്ളൂ എന്ന ധര്‍മചിന്താഗതിക്കാരനായിരുന്നു ശ്രീരാമചന്ദ്രന്. ഇന്നത്തെ ഭരണാധികാരി സര്‍വ പ്രജകളും വിരല്‍ ചൂണ്ടിയിട്ടും അതൊന്നും കാണാതെ ഭരണം തന്റെ ജന്മാവകാശമാണെന്ന തരത്തില്‍ ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ജനപഥങ്ങളിലൂടെ കുതിക്കുന്നു. ഭരണയന്ത്രം ഉപയോഗിച്ച് ജനത്തെ അടിച്ചവശരാക്കുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ക്ക് ഇടവെക്കുന്നത് മാധ്യമങ്ങളാണെന്ന് ആക്രോശിക്കുന്നു. അയോധ്യയിലെ ശ്രീരാമചന്ദ്രന്റെ നാമങ്ങളാല്‍ പരിപൂതമായ കേരളം ധിക്കാരിയും ഗര്വിഷ്ഠനുമായ ഒരു ഭരണാധികാരിയുടെ വികൃത ശബ്ദത്താല്‍ മലീമസമാവുന്നു. ഒടുവില്‍ കോടതിക്കുതന്നെ ഗതികെട്ട് ചോദിക്കേണ്ടിവന്നു: സര്‍ക്കാര്‍ എന്താണ് മറയ്ക്കുന്നത്?
മറയ്ക്കേണ്ടതാണെന്ന് തോന്നിയതുകൊണ്ടാണ് സര്‍ക്കാര്‍ സോളാറുമായുള്ള സകല കാര്യങ്ങളും ഒളിക്കുന്നത്. പലതും മറക്കണം എന്നുതന്നെ സര്‍ക്കാര്‍ പറയുന്നു. ഒരു ചൊല്ലുണ്ടല്ലോ. ഉണ്ടാല്‍ ദഹിക്കണം, പറഞ്ഞാല്‍ മറക്കണം എന്ന്. അതേപോലെയാണ് ഇവിടത്തെ കാര്യവും. സരിതയും ജോപ്പനും ജിക്കുമോനും തുടങ്ങി പല മോന്മാരും മോളുമാരും പറഞ്ഞതൊക്കെ ജനങ്ങള്‍ മറക്കണം. ഇതൊക്കെ ഓര്‍മിച്ചിരുന്നാല്‍ ജീവിതം മുന്നോട്ടു പോവില്ല. കോടതിക്കുണ്ടോ അതൊക്കെ അറിയുന്നു. ആയതിനാല്‍ മാധ്യമങ്ങളേ, നാട്ടുകാരേ, നാട്ടുക്കൂട്ടമേ ഒരു കാര്യം നേരെ ചൊവ്വേ പറഞ്ഞേക്കാം. ഇത് ജീവിതമാണ്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്നു പറഞ്ഞത് നമുക്കു രുചിക്കാത്ത നേതാവാണെങ്കിലും അതു സത്യമാണ്. അത് അംഗീകരിച്ചേ മതിയാവു. തല്ക്കാലം സരിത, ജോപ്പന്……മാര്‍. അടുത്തത് മറ്റാരെങ്കിലും. നമുക്കു നോക്കാം. ഇതൊന്നും അധികകാലത്തേക്കുണ്ടാവില്ല. എല്ലാം ഹൈക്കമാന്റ് ശരിയാക്കും. അതുവരെ കാത്തിരിക്കിന്‍.
രാജിവെക്കാന്‍ എളുപ്പമാണ്. പക്ഷേ, തിരിച്ചുവരല്‍ അങ്ങനെയല്ലല്ലോ. അതുകൊണ്ട് ഒരഡ്ജസ്റ്റ്മെന്റില്‍ പോകുക തന്നെ. കോടതിയോട് അത് പറയാന്‍ പറ്റില്ല. പ്രജകള്‍ അതു മനസ്സിലാക്കി ഒപ്പം നില്‍ക്കണം; പ്ലീസ്.
എന്താവാം ഇത്തവണ നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെ പെരുമഴ തകര്‍ക്കാന്‍ കാരണം. ആലോചിച്ചിട്ടുണ്ടോ? ശാസ്ത്രീയ വിശകലനങ്ങള്‍ ഏറെയുണ്ടാവാം. യുക്തിയുടെ വാള്‍ത്തലയിലൂടെ നടന്നു ശീലമില്ലാത്ത തനി നാട്ടുമ്പുറത്തുകാരി കാലികവട്ടത്തോട് പറഞ്ഞതിങ്ങനെ: മോനേ ദൈവത്തിന്റെ പ്രതിരൂപങ്ങളാണല്ലോ കുഞ്ഞുങ്ങള്‍. അവരെ കണ്ണില്ലാത്ത ക്രൂരതകളാല്‍ കൊല്ലാക്കൊല ചെയ്യുകയല്ലേ? അതില്‍ വേദനിച്ച് ദേവകള്‍ കണ്ണീര് വാര്‍ക്കുകയാണ്. കുഞ്ഞുമക്കളില്‍ ഏല്‍പ്പിച്ച മുറിവുകളില്‍ ദേവതകളുടെ കണ്ണീര് വീണാല്‍ അതുണങ്ങിപ്പോവും. നമ്മുടെ കണ്ണീര് വറ്റിയ സ്ഥിതിക്ക് അതൊരു അനുഗ്രഹമല്ലേ? ഇത് ശരിയോ തെറ്റോ എന്ന് വിശകലനം ചെയ്യും മുമ്പ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അരങ്ങേറുന്ന ക്രൂരതയെപ്പറ്റി ഒന്ന് ഓര്‍ത്തു നോക്കൂ. സംഗതി പരസ്യമാണെങ്കിലും ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറഞ്ഞ് പറഞ്ഞ് ദൈവം അതംഗീകരിച്ചു പോയിരിക്കണം. ഇന്നത്തെ അവസ്ഥ കണ്ട് ഹൃദയം നൊന്ത് കരയുകയാവണം. എന്തോ, അദിതിയും, ഷെഫീക്കും മറ്റും മറ്റും നമ്മുടെ മനസ്സില്‍ ഒരു വിങ്ങലായി നില്ക്കുകയല്ലേ? മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (ആഗസ്ത് 03) ട്രൂകോപ്പിയില്‍ കെ. ഷെരീഫ് വരച്ചിട്ട ചിത്രവും അക്ഷരങ്ങളും നോക്കുക. വേദനയുടെ തനിക്കാഴ്ച കാണാം. അതിലെ അക്ഷരങ്ങള്‍ ഇങ്ങനെ: സ്നേഹം ഇറങ്ങിപ്പോയ വീടുകള്‍ വെറുപ്പ് ഭരിക്കുന്ന വെറും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ മാത്രമാണ്! കേരളത്തിലെ ‘ഗ്വാണ്ടനാമോ’കളില്‍ നിന്നും കേട്ട വാര്‍ത്തകള്‍ അതിഭയാനകം, കേള്‍ക്കാത്ത വാര്‍ത്തകള്‍…. അതെ, കേള്‍ക്കാത്ത വാര്‍ത്തകള്‍ എത്രയെത്ര ഭയാനകമാകാം.
പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാ എന്നൊരു ശൈലിയുണ്ട്. പുരുഷകേന്ദ്രീകൃത അന്തരീക്ഷത്തില്‍ പിറന്നതാണതെന്ന് വനിതാ വിമോചനക്കാരും ഫെമിനിസ്റ്റ് താപ്പാനകളും പറയുമെങ്കിലും അതില്‍ അല്പം ചില സത്യങ്ങളില്ലേ എന്ന സംശയം അസ്ഥാനത്തല്ല. സരിതയും ശാലുമേനോനും മറ്റും ആധുനിക സമൂഹത്തിന് ചൂണ്ടിക്കാണിക്കാം. ഏത് കൊലകൊമ്പനെയും മുട്ടുകുത്തിക്കാന്‍ തക്ക പെണ്ണത്തം അവരില്‍ നുരയിട്ടു പുളയ്ക്കുന്നു. സംസ്ഥാനഭരണം പോലും ആടിയാടിയല്ലേ നില്‍പ്പ്. എന്നാല്‍ ക്രിയാത്മക ശക്തിയായി മേപ്പടി പെണ്ണത്തത്തിന് മാറാനും കഴിയുമെന്ന് തെളിയിച്ചവരും ഒരുപാടുണ്ട്. മണിപ്പാലില്‍ കൂട്ടപീഡനത്തിന് വിധേയയായ പെണ്‍കുട്ടി അതിലൊരാളാണ്. തനിക്ക് നേരിടേണ്ടിവന്ന മനുഷ്യത്വരഹിതമായ അക്രമം ചെറുക്കാനും അതിജീവനത്തിനും കുട്ടി കാണിച്ച ധീരതയ്ക്കുള്ള പാരിതോഷികമായാണ് ‘നിര്‍ഭയ’ ഫണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപ നല്‍കുന്നത്. (മാതൃഭൂമി ജൂലൈ 23) താന്‍ അബലയല്ല എന്നു തെളിയിച്ചുകൊടുത്ത കുട്ടിക്ക് ആദരവോടെയാണ് കേരള സര്‍ക്കാര്‍ ഈ സംഖ്യ നല്‍കുന്നത്. അത് പണം എന്നതിലുപരി വനിതകള്‍ക്ക് ഒരു ഊര്‍ജദായക അവസ്ഥയാണ് പ്രദാനം ചെയ്യുന്നത്. ക്രൂരസംഭവങ്ങളുടെ ഇടയില്‍പ്പെട്ട് കണ്ണീര്‍വാര്‍ക്കുന്നതിനുപകരം തന്റേടം കാട്ടാനുള്ള ശക്തിക്കുള്ള പ്രചോദനമാണത്. ഇത് ഭരണകൂടത്തിന്റെ പ്രോത്സാഹനമാണെങ്കില്‍ മാഫിയകള്‍ക്കൊപ്പം ചേര്‍ന്ന് സ്ത്രീകളെ തകര്‍ക്കുന്നുമുണ്ടെന്ന് പറയുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പ്(ആഗസ്ത് 03).
കടല്‍ കാക്കാനും പുഴ കാക്കാനും ഒറ്റക്ക് സമരം ചെയ്യുന്ന രണ്ട് പെണ്ണുങ്ങളെക്കുറിച്ചാണ് അവരുടെ കവര്‍ക്കഥ. ഒരാള്‍ കണ്ണൂര്‍ പുതിയങ്ങാടി കടപ്പുറത്തെ ജസീറയാണ്; മേറ്റ്യാള്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഓലത്താന്നിയില്‍ ഡാര്‍ളി. ജസീറ കടലില്‍ നിന്ന് 60 മീറ്റര്‍ അകലെയുള്ള ഒറ്റമുറി വീട്ടില്‍ കഴിയുന്നു. കടല്‍ത്തീരം അനുദിനം കടലെടുത്തു പോവുന്നതിന്റെ പ്രധാനകാരണം മണലെടുപ്പ്. എല്ലാ സ്വാധീനവും സഹായവും കിട്ടുന്ന മണല്‍മാഫിയക്കു മുമ്പില്‍ ജസീറ ഝാന്‍സിറാണിയായി നിലകൊളളുന്നു. ഭരണകൂടവും പോലീസും റവന്യൂ വകുപ്പും ദംഷ്ട്രകളാഴ്ത്തി ജസീറയെ ഇഞ്ചിഞ്ചായി നശിപ്പിക്കുമ്പോഴും ഇച്ഛാശക്തിയുടെ പെണ്ണത്തം കരുത്തായി മാറുന്നതിനെക്കുറിച്ചാണ് സുല്‍ഫത്ത് എം. എഴുതുന്നത്. മുലകുടി മാറാത്ത കുഞ്ഞുള്‍പ്പെടെ മൂന്നു മക്കളുടെ അമ്മ ഭൂമിദേവിയെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതിന്റെ കോരിത്തരിപ്പിക്കുന്ന വസ്തുതാവിവരണം.
സമാനസ്വഭാവമുള്ളതു തന്നെ ഡാര്‍ളിയുടെയും അനുഭവം. ജസീറയ്ക്ക് കടലെങ്കില്‍ ഇവിടെ പുഴയാണ്. എപ്പോള്‍ വേണമെങ്കിലും പുഴയിലേക്ക് അടര്‍ന്നു വീഴാവുന്ന ഒറ്റയടിപ്പാതയുടെ അറ്റത്ത്, ഒരു പിടി മണ്ണും കെട്ടിപ്പിടിച്ചിരിക്കുകയാണ്. അപ്പനമ്മൂമ്മമാരുടെ അന്ത്യവിശ്രമസ്ഥലം കൂടി പുഴകൊണ്ടുപോകാനിടവരുത്തുന്നവര്‍ക്കു നേരെ ചാട്ടുളിയായി നില്‍ക്കുകയാണ് ഡാര്‍ളി. ഈ ജസീറയ്ക്കും ഡാര്‍ളിക്കും കോടികള്‍ കിലുങ്ങുന്ന ഇന്നത്തെ അവസ്ഥയെക്കുറിച്ചറിയില്ല; അറിയേണ്ടകാര്യവുമില്ല. ഈ ലോകത്തിലേക്ക് പിറന്നുവീഴുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അവര്‍ ചിന്തിച്ചിട്ടുമില്ല. മണ്ണായും പെണ്ണായും ഭരണകൂടമായും പോലീസായും മാഫിയകള്‍ ഉറഞ്ഞുതുള്ളുന്ന ഈ ചെറു സംസ്ഥാനത്തെ ആലങ്കാരികമായി ദൈവത്തിന്റെ സ്വന്തം നാടെന്ന് പറഞ്ഞ് അഹങ്കരിച്ചു നില്ക്കുന്നവരുടെ നേരെയാണ് ഇരുവരും വിരല്‍ചൂണ്ടുന്നത്. തങ്ങളെ നിഷ്കരുണം തകര്‍ക്കാനുള്ള ശക്തികള്‍ക്കുനേരെ നെഞ്ചുറപ്പോടെ അവര്‍ക്ക് നില്ക്കാന് കഴിയുന്നത് പെണ്ണത്തത്തിന്റെ ശക്തികൊണ്ടല്ലേ? ശര്‍മിളയാണ് ഇനി ഈ മണ്ണുകൂടി അവര്‍ക്കു കൊണ്ടുപോകണം എന്ന ലേഖനം എഴുതിയിരിക്കുന്നത്.
തൊട്ടുകൂട്ടാന്‍
വാത്സല്യത്തിന്റെ വെണ്ണപുരട്ടിയ
വിരലുകളെ കാത്ത്
ഒരു തൊഴുത്തു മുഴുവന്‍
അകിടു ചുരന്ന് നോവുന്നു.
അമ്മുദീപ
കവിത: അമ്മമ്മ
മലയാളം വാരിക (ജൂലൈ 26)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: