കൊച്ചി: സംസ്ഥാനത്തെ കോളേജുകളില്‍ പുതിയ ബിരുദ ബിരുദാനന്തരകോഴ്സുകള്‍ അനുവദിക്കുന്നതില്‍ വന്‍ അഴിമതിയും ക്രമക്കേടും നടക്കുന്നതായി ആരോപണം.പുതിയ കോഴ്സുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഗവണ്മെന്റ് കോളേജുകളെ പൂര്‍ണ്ണമായി തഴഞ്ഞതായാണ് പരാതി. അതേസമയം സ്വകാര്യ മാനേജ്മെന്റ് കോളേജുകള്‍ക്ക് യാതൊരു മാനദണ്ഡവും നോക്കാതെ ആവശ്യപ്പെട്ട കോഴ്സുകളെല്ലാം അനുവദിക്കാനാണ് തീരുമാനം. ഗവ.കോളേജുകളെ അവഗണിച്ച് സ്വകാര്യ മാനേജ്മെന്റുകളെ വഴിവിട്ട് സഹായിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആക്ഷേപം.
പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള മന്ത്രിസഭാഉപസമിതി ചൊവ്വാഴ്ചയോ ബുധനാഴ്ചയോ യോഗം ചേരാനിരിക്കുകയാണ്. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനു പുറമെ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ജെ.ജോസഫും ഉപസമിതി അംഗങ്ങളാണ്.
ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള സയന്‍സ് കോഴ്സുകള്‍ക്ക് സ്വകാര്യ മാനേജ്മെന്റുകള്‍ ലേലംവിളി തന്നെ നടത്തിയതായാണ് വിവരം. മുസ്ലീം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും വേണ്ടപ്പെട്ടവര്‍ മാനേജ്മെന്റുകളെ ഇടപാടുകള്‍ക്കായി സമീപിക്കുകയും ചെയ്യുന്നുണ്ട്. പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന അധ്യാപകതസ്തികകള്‍ വഴി മാനേജ്മെന്റുകള്‍ ഈ നഷ്ടം നികത്തിയെടുക്കും. ഈവര്‍ഷം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ലിസ്റ്റില്‍ ഒരൊറ്റ ഗവ.കോളേജിനു പോലും പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം.
മന്ത്രിസഭാഉപസമിതി യോഗം കഴിഞ്ഞാലെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാവുകയുള്ളൂ.പുതിയ കോഴ്സുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവ.കോളേജുകള്‍ സമര്‍പ്പിച്ച അപേക്ഷകളെല്ലാം സര്‍ക്കാര്‍ ചവറ്റുകുട്ടയിലിട്ടു.നൂറ്റാണ്ടുകളുടെ അക്കാദമിക് പാരമ്പര്യം ഉള്ള കോളേജുകളെ പോലും ഇങ്ങനെ അവഗണിക്കുമ്പോള്‍ മതന്യൂനപക്ഷ സമുദായങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു പതിറ്റാണ്ടു പോലും പിന്നിടാത്ത കോളേജുകള്‍ക്കും പുതിയ കോഴ്സുകള്‍ അനുവദിക്കാനാണ് നീക്കം.അഴിമതിക്കു പുറമെ സാമുദായിക ഇടപെടലുകളും ഇതിനു പിന്നിലുണ്ട്.
ഗവ.കോളേജുകള്‍ക്കു പുറമെ സംസ്ഥാനത്ത്് മുന്‍നിരയില്‍ നില്ക്കുന്ന ദേവസ്വം ബോര്‍ഡ് കോളേജുകളെയും പുതിയ ലിസ്റ്റില്‍ അവഗണിച്ചിരിക്കയാണ്. തിരുവിതാംകൂര്‍, കൊച്ചി,ഗുരുവായൂര്‍ ദേവസ്വങ്ങള്‍ക്കു കീഴിലുള്ള കോളേജുകള്‍ക്കൊന്നും പുതുതായി കോഴ്സുകളില്ല.ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ട ദേവസ്വം ഭരണാധികാരികളാവട്ടെ കുറ്റകരമായ മൗനം തുടരുകയും ചെയ്യുന്നു.ഇക്കുറി ഗവ. കോളേജുകള്‍ക്കൊന്നും പുതിയ കോഴ്സുകള്‍ അനുവദിക്കേണ്ടതില്ലെന്നത് സര്‍ക്കാര്‍ തീരുമാനമാണെന്നും അതുകൊണ്ട് മന്ത്രിസഭ ഉപസമിതി യോഗത്തില്‍ കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണ് ഇതേക്കുറിച്ച് ഉപസമിതി അംഗമായ പി.ജെ. ജോസഫ് പറയുന്നത്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: