തിരുവനന്തപുരം : സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. ധര്‍ണ ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവഡേക്കര്‍ ഉദ്ഘാടനം ചെയ്തു. സോളാര്‍ വിവാദത്തില്‍പ്പെട്ട ഉമ്മന്‍ചാണ്ടിക്ക് ഇന്നല്ലെങ്കില്‍ നാളെ രാജിവയ്ക്കേണ്ടിവരുമെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു.
സോളാര്‍ അഴിമതി ചെറിയ അഴിമതിയായാണ് ചിത്രീകരിക്കുന്നത്. പഞ്ചഭൂതങ്ങളില്‍ മുഴുവന്‍ കോണ്‍ഗ്രസ് അഴിമതി നടത്തുകയാണ്. ബഹിരാകാശവുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നു. ആകാശത്ത് ചോപ്പര്‍ വിമാന അഴിമതി നടക്കുന്നു. ഇറ്റാലിയന്‍ ഏജന്‍സി ഇന്ത്യയിലെ ‘കുടുംബത്തിന്’ 200 കോടി നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഇന്ത്യയിലെ കുടുംബം ആരാണെന്ന് വ്യക്തമാണ്. ഭൂമിയില്‍ 100 കണക്കിന് ഭൂമി കുംഭകോണങ്ങള്‍ നടക്കുന്നു. കുടുംബത്തിന്റെ മരുമകന് 8 കോടി കമ്പനിയില്‍ നിന്നും അഡ്വാന്‍സ് വാങ്ങുന്നു. കമ്പനിയില്‍ നിന്നും ഭൂമി വാങ്ങുന്നു. അതേ കമ്പനിക്ക് 58 കോടിക്ക് തിരിച്ചു വില്‍ക്കുന്നു.
ജലത്തിലാണെങ്കില്‍ ഗംഗയും യമുനയുമടക്കമുള്ള നദികള്‍ ശുചീകരിക്കുന്നിലൂടെ കോടികളുടെ അഴിമതി നടക്കുന്നു. അഗ്നിയെടുക്കുകയാണെങ്കില് കല്‍ക്കരി ഇടപാടില്‍ 1,86,000 കോടിയുടെ അഴിമതിയാണ് നടത്തിയത്. ഇങ്ങനെ പഞ്ചഭൂതങ്ങളെ മുഴുവന്‍ കോണ്‍ഗ്രസ് അഴിമതിക്കു വിധേയമാക്കുകയാണ്. അഴിമതിക്കെതിരെ ബിജെപി ശക്തമായ പോരാട്ടം തുടരുമെന്നും പറഞ്ഞു.
മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജനകകുമാരി അധ്യക്ഷത വഹിച്ച ധര്‍ണയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സംസ്ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, അഡ്വ. ജെ.ആര്. പത്മകുമാര്‍, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. രാധാമണി, സംസ്ഥാന സെക്രട്ടറി ശോഭാ അച്യുതന്, ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്, ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാഞ്ചിറ സോമശേഖരന്‍, കല്ലയം വിജയകുമാര്‍, മലയിന്‍കീഴ് രാധാകൃഷ്ണന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്.എസ്. രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് സമ്പത്ത്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പ്രീതാ ശ്രീകുമാര്‍, ജില്ലാ സെക്രട്ടറിമാരായ ഗിരിജ അജിത്, ഗീതാ ജയന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: