മരട്: നെട്ടൂരില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ മൂന്നുകൊടി അനുവദിക്കുമെന്നുള്ള മന്ത്രിയുടെ കള്ളം പൊളിയുന്നു. നെട്ടൂര്‍ വടക്ക് സമാന്തരം പാലത്തിനു സമീപത്തായി തീരദേശ പാതക്കുകുറുകെ ഓവര്‍ബ്രിഡ്ജ് നിര്‍മ്മിക്കുമെന്ന് വാഗ്ദാനവുമായി കേന്ദ്രമന്ത്രി കെ.വി.തോമസാണ് രംഗത്തുള്ളത്. നെട്ടൂരിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ളവരെ ഉദ്ദേശിച്ചാണ് മേല്‍പ്പാലം എന്ന ആവശ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ പണം അനുവദിക്കാന്‍ സാങ്കേതിക തടസ്സം ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് റെയില്‍വേ ഏരിയാ മാനേജര്‍ പി.എല്‍.അശോക് കുമാര്‍ ജന്മഭൂമിയോടു പറഞ്ഞു.
റെയില്‍വേ മേല്‍പാലത്തിനായി പണം അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായി പണം അനുവദിച്ചിട്ടില്ല എന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുവാന്‍ റെയില്‍വേ തയാറാണ്. എന്നാല്‍ ആവശ്യമായ പണം പ്രദേശത്തെ എംപിയോ, എംഎല്‍എയോ കണ്ടെത്തിനല്‍കണം എന്നാണ് അവരുടെ നിലപാട്. നെട്ടൂരിലെ മേല്‍പാലത്തിന്റെ നിര്‍മ്മാണം നടക്കുമോ എന്ന കാര്യം സംശയമാണ്. പ്ലാന്‍ തയാറാക്കി ചെന്നൈയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചുനല്‍കിയത് ഒഴിച്ചാല്‍ ഇതിനായി കാര്യമായ ഒരു നീക്കവും തങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് റെയില്‍വേ ഉന്നതരുടെ വിശദീകരണം.
റെയില്പാളത്തിന്റെ പടിഞ്ഞാറുഭാഗത്തുതാമസിക്കുന്ന 2000ത്തോളം വീട്ടുകാര്‍ക്കാണ് മേല്‍പാലത്തിന്റെ ഉപയോഗം ഏറേയും ലഭിക്കുക. നാട്ടുകാരുടെ നിരന്തര മായ ആവശ്യം പരിഗണിച്ചാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുമെന്ന് സ്ഥലം എംപികൂടിയായ കേന്ദ്രമന്ത്രി കെ.വി.തോമസ് പ്രഖ്യാപിച്ചത്. ആകെ നാലരകോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 3 കോടി എംപി ഫണ്ടില്‍ നിന്നും ലഭ്യമാക്കുമെന്നായിരുന്നു പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴെല്ലാം കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തുകൊണ്ടിരുന്നത്. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം നടക്കാനിടയില്ല എന്ന റെയില്‍വേ അധികൃതരുടെ വെളിപ്പെടുത്തലോടെയാണ് മന്ത്രിയുടെ വാഗ്ദാനം കളവാണെന്ന് ഇപ്പോള്‍ വെളിവായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: