കാസര്‍കോട്: കൃഷിവകുപ്പിലെ താത്കാലിക നിയമനത്തിലെ അഴിമതിക്കെതിരെ യുവജനരോഷമിരമ്പി യുവമോര്‍ച്ചയുടെ പ്രതിഷേധം. ഇന്റര്‍വ്യു നടക്കുന്നതിനിടെ ഇരച്ചുകയറിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഉള്‍പ്പെടെയുള്ള ബോര്‍ഡ് അംഗങ്ങളെ ഉപരോധിച്ചു. തുടര്‍ന്ന് എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്റര്‍വ്യു റദ്ദ് ചെയ്യുന്നതിനും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനങ്ങള്‍ സുതാര്യമായി നടത്തുന്നതിനും തീരുമാനമായി.
അഴിമതിയില്‍ വിജിലന്‍സ് അന്വേഷണ ആവശ്യം സംബന്ധിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ വിശദീകരണം ലഭിച്ച ശേഷം തീരുമാനമെടുക്കും. അഴിമതി വ്യക്തമാക്കുന്ന തെളിവുകള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എഡിഎമ്മിന് കൈമാറി. ഇന്റര്‍വ്യു ബോര്‍ഡ് അംഗവും കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായ വ്യക്തി ‘ജന്മഭൂമി’ ലേഖകനുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് കൈമാറിയത്. നിയമന അഴിമതി വിവാദമാക്കാതിരുന്നാല് നിങ്ങള്‍ നിശ്ചയിക്കുന്ന മൂന്ന് പേര്‍ക്ക് ജോലി നല്‍കാമെന്നായിരുന്നു ഉറപ്പ്.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഇന്റര്‍വ്യു നടക്കുന്നതിനിടെ സംഘടിച്ചെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുറിയിലേക്ക് തള്ളിക്കയറുകയായിരുന്നു. ഒരേസമയം അഞ്ച് പേരെയാണ് ഇന്റര്‍വ്യു നടത്തിയിരുന്നത്. ഇതോടൊപ്പം ‘ജന്മഭൂമി’ പത്രവാര്‍ത്തയും ഫോണ്‍ സംഭാഷണത്തിന്റെ സിഡിയും ഉയര്‍ത്തിക്കാട്ടിയ പ്രവര്‍ത്തകര്‍ ഇന്റര്‍വ്യു റദ്ദ് ചെയ്യണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഈ സമയം വിദ്യാനഗര്‍ എസ്ഐ പി.സുഭാഷ്, ട്രാഫിക്ക് സിഐ പ്രേംസദന് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രവര്‍ത്തകര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് എഡിഎമ്മുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും ഇന്റര്‍വ്യു റദ്ദ് ചെയ്യാതെ ചര്‍ച്ചയ്ക്കില്ലെന്ന് യുവമോര്‍ച്ച നേതാക്കള്‍ വ്യക്തമാക്കി. പ്രത്യക്ഷത്തില്‍ തന്നെ അഴിമതി വ്യക്തമായ സ്ഥിതിക്ക് ഇന്റര്‍വ്യു നടത്തുന്നത് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കലാണെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. ഇന്റര്‍വ്യു റദ്ദ് ചെയ്തതായി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് വിജയ്കുമാര്‍ റൈ, സെക്രട്ടറി സുനില്‍.പി.ആര്, ജനറല്‍ സെക്രട്ടറി ഹരീഷ് തൃക്കരിപ്പൂര്‍ എന്നിവര്‍ എഡിഎമ്മുമായി ചര്‍ച്ച നടത്തി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സുതാര്യമായി നിയമനം നടത്തുമെന്നും ഇന്റര്‍വ്യു ബോര്‍ഡിനെ മാറ്റുമെന്നും ഉറപ്പുലഭിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോര്‍ച്ച പ്രവര്‍ത്തകരായ ഭരതന് കെ.കെ.പുറം, ഹരീഷ് നാരംപാടി, ശ്രീജിത്ത് തൃക്കരിപ്പൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
കൃഷിവകുപ്പിലെ താത്കാലിക നിയമനത്തിലെ അഴിമതി തെളിവുസഹിതം കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച നടന്ന ഒന്നാംഘട്ട ഇന്റര്‍വ്യുവില്‍ അഞ്ച് പേരെ ഒരുമിച്ചിരുത്തിയായിരുന്നു അഭിമുഖം. ഇതുസംബന്ധിച്ച് ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഇന്റര്‍വ്യു ബോര്‍ഡ് അംഗവുമായ വ്യക്തിയെ വിശദീകരണം ആരാഞ്ഞ് ‘ജന്മഭൂമി’ ലേഖകന്‍ ബന്ധപ്പെട്ടു. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണ് അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതെന്നും വിവാദമാക്കാതിരുന്നാല് മൂന്ന് പേര്‍ക്ക് ജോലി നല്‍കാമെന്നും ഉദ്യോഗസ്ഥന് ലേഖകന്‍ ഉറപ്പുനല്‍കി. ഫോണ്‍ സംഭാഷണത്തിന്റെ വിശദവിവരങ്ങളോടെ പിറ്റേദിവസം ‘ജന്മഭൂമി’ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.നാരായണന് നമ്പൂതിരിയില്‍ നിന്നും ജില്ലാ കലക്ടര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. “കോണ്‍ഗ്രസ്, സിപിഎം, സോഷ്യലിസ്റ്റ് ജനത എന്നീ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നല്കുന്ന പട്ടികയനുസരിച്ചാണ് നിയമനം, എല്ലാവരും ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ മാത്രമെന്തിനാണ് മാറി നില്‍ക്കുന്നത്, ഇന്റര്‍വ്യുവില്‍ പങ്കെടുത്ത നിങ്ങളുടെ രണ്ടോ മൂന്നോ ആള്‍ക്കാരെ ജോലിയില്‍ കയറ്റാം…” എന്നിങ്ങനെ ഉദ്യോഗസ്ഥാന് നല്കുന്ന ഉറപ്പുകളാണ് ടെലിഫോണ്‍ സംഭാഷണത്തിലുള്ളത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: