മോസ്ക്കോ: അമേരിക്കക്ക് എതിരെ വിവാദ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ എഡ്വേര്‍ഡ് സ്നോഡനെ അമേരിക്ക കെണിയില്പ്പെടുത്തിയിരിക്കുകയാണെന്ന് റഷ്യ. സ്നോഡന് അഭയം നല്‍കരുതെന്ന് മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയാണ് അമേരിക്ക സ്നോഡനെ കെണിയിലാക്കുന്നതെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് കുറ്റപ്പെടുത്തി. മേറ്റ്തെങ്കിലും രാജ്യത്ത് പോകുക എന്നത് സാധ്യമാകുമെങ്കില്‍ സ്നോഡന് എത്രയും പെട്ടെന്ന് റഷ്യ വിടുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ സ്നോഡനെത്തിയത് ക്ഷണിച്ചിട്ടല്ലെന്നും പുടിന് വ്യക്തമാക്കി. റഷ്യയുടെ ഗോഗ്ലാന് ദ്വീപ് സന്ദര്‍ശനവേളയിലാണ് പുടിന് സ്നോഡനെക്കുറിച്ചുള്ള പ്രസ്താവനക്ക് തയ്യാറായത്.
റഷ്യയിലേക്കായിരുന്നില്ല സ്നോഡന്റെ യാത്രയെന്നും മറ്റൊരു രാജ്യത്തിലേക്കുള്ള യാത്രക്കിടെ മോസ്ക്കോയിലെ ട്രാന്‍സിറ്റ് ഏരിയയില്‍ അദ്ദേഹം പെട്ടുപോയതാണെന്നും പുടിന് ചൂണ്ടിക്കാട്ടി. അമേരിക്കയാണ് സ്നോഡന്റെ യാത്ര മുടക്കിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിസന്ധിയിലായ സ്നോഡന് റഷ്യ അഭയംനല്കുമോ എന്നകാര്യം റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കിയില്ല. അമേരിക്കയ്ക്ക് ദോഷം വരുത്തുന്ന വിവരങ്ങള്‍ ചോര്‍ത്തുന്നത് സ്നോഡന് അവസാനിപ്പിച്ചാല്‍ മാത്രമേ അദ്ദേഹത്തിന് അഭയം നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുകയുള്ളു എന്ന് പുടിന് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിലെ പൗരന്മാര് ഉള്‍പ്പെടെയുള്ളവരുടെ സ്വകാര്യവിവരങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ സ്നോഡന്റെ മേല്‍ അമേരിക്ക ചാരക്കുറ്റം ചുമത്തിയിരിക്കുകയാണ്. കഴിഞ്ഞ നാല് ആഴ്ച്ചയായി മോസ്ക്കോയിലെ ഷെറമെത്ത്യാവോ വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് ഏരിയയില്‍ കഴിയുകയാണ് സ്നോഡന്. സ്നോഡനെ വിട്ടുനല്‍കണമെന്ന് അമേരിക്ക നിരന്തരം റഷ്യയോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് പുടിന്റെ പ്രസ്താവന. ട്രാന്‍സിറ്റ് ഏരിയ സാങ്കേതികമായി റഷ്യന്‍ അധികാരപരിധിയില്‍ പെടുന്നതല്ലെന്നാണ് റഷ്യയുടെ നിലപാട്. വിമാനത്താവളത്തില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ ലാറ്റിനമേരിക്കയില്‍ സ്ഥിരം അഭയം ലഭിക്കുന്നതു വരെ റഷ്യയില്‍ കഴിയാനുള്ള അനുവാദം നല്‍കണമെന്ന് അധികൃതരോട് അഭ്യര്‍ത്ഥിക്കുമെന്ന് സ്നോഡന് സൂചന നല്‍കിയിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ നിക്കരാഗ്വ, വെനസ്വല, ബോളീവിയ എന്നീ രാജ്യങ്ങള്‍ സ്നോഡന് രാഷ്ട്രീയാഭയം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈരാജ്യങ്ങളിലേക്ക് മോസ്ക്കോയില്‍നിന്ന് നേരിട്ടുള്ള വിമാനസര്‍വീസില്ല.മാത്രമല്ല തങ്ങളുടെ രാജ്യത്തിലൂടെ സ്നോഡനെയും വഹിച്ചുള്ള വിമാനം പറക്കാന്‍ മറ്റ് രാജ്യങ്ങള്‍ അനുവദിക്കാത്തതും റഷ്യ വിടാന്‍ സ്നോഡന് തടസ്സമാകുന്ന ഘടകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: